കഥകള്‍
കഥകള്‍
അതിൽപിന്നീട് അവർക്കിടയിൽ നിലാവുദിച്ചിരുന്നില്ല.
സി ഹനീഫ്
സമയസാഗര തീരത്ത് ഒരപരാഹ്നത്തിൽ രണ്ട് നിഴലുകൾ പരസ്പരം ശബ്ദിച്ചു. പ്രപഞ്ചത്തോളം വളരുന്ന മൌനത്തിനിടയിൽ വലിയ നിഴൽ ചെറിയ നിഴലിനോടു പറഞ്ഞു.
"യാത്രകൾ ആന്തരികമാണ്. ഓർമകളും. വാക്കുകളോ കൂടിച്ചേരലോ ഇല്ലാത്ത ഇതു പോലൊരു സന്ധ്യയിൽ ഞാൻ നിന്നിൽ നിന്ന് പിരിയും."
"പിരിയാൻ നമ്മൾ ഒരുമിച്ചിരുന്നില്ലല്ലോ..?" ചെറിയ നിഴൽ പ്രതിവചിച്ചു
'ശരിയാണ്.'
വലിയ നിഴൽ വിദൂരതയിലേക്കു നോക്കി.
"ഈ നാട് വിട്ടു പോകുമ്പോൾ നിനക്ക് വേദനിക്കില്ലേ..?"
"ഇല്ല."
"വേർപാടുകൾ വേദനിപ്പിക്കാത്ത ഒന്നായിത്തീർന്നിരിക്കുന്നു എന്റെ മനസ്സ്.."
ചെറിയ നിഴൽ അത് വിശ്വസിക്കാത്തത് പോലെ ചിരിച്ചു.
"ഒന്നും പറഞ്ഞില്ല. ഉണ്ടെന്നു പറഞ്ഞ 'ജീവിതത്തിന്റെ പുസ്തകം' വായിക്കാൻ തന്നതുമില്ല."
"ചോദിച്ചില്ലല്ലോ..?"
"ഞാൻ എല്ലാം കേൾക്കുക മാത്രമല്ലേ ചെയ്യാറുള്ളൂ.."
വലിയ നിഴൽ വെറുതെ ഒന്ന് മൂളി. അവർക്കു ചുറ്റും നിശ്ശബ്ദത ചിത്രശലഭങ്ങളായ് പറന്നു.
വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു.
"നീയെന്നെ ഓർക്കുമോ?"
ചെറിയ നിഴൽ ഉവ്വെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
ഇരുട്ടിന്റെ കംബളം പതുക്കെ താഴ്ന്നു വന്നു ജീവിതത്തെ പൊതിയുന്ന മഹാ വിസ്മൃതിയിലേക്കുള്ള യാത്രയിൽ ഓർമകൾക്കെന്തു പ്രസക്തി എന്നവൾ ചിന്തിച്ചു കാണും.
ദൂരെ നക്ഷത്രങ്ങൾ കണ്ണു ചിമ്മിത്തുറന്നു. അത് നിറയെ മിന്നാമിനുങ്ങുകൾ പാർക്കുന്ന രാത്രി വൃക്ഷം പോലെ തോന്നിച്ചു.
പിന്നീടവരൊന്നും സംസാരിച്ചില്ല.
ഏറെക്കഴിഞ്ഞ് അവരുടെ അസാന്നിദ്ധ്യത്തിൽ രാത്രിയുടെ നിഗൂഢതയിലേക്ക് നിലാവുദിച്ചു. അത് അടുത്തുള്ള നക്ഷത്രത്തോട് പറഞ്ഞു.
"മനുഷ്യരുടെ സ്നേഹത്തിനും വിരഹത്തിനും ഒരുപാട് അർത്ഥങ്ങളുണ്ട്. ഏറ്റവും മനോഹരവും അപൂർവ്വവുമായ ഒന്നിനാണ് നമ്മളിപ്പോൾ സാക്ഷികളായത്."
ഓര്‍മ്മച്ചിത്രം
ജയരാജന് കെ
ടൗണില്‍ നിന്ന് പത്തു പതിനഞ്ച് മിനിറ്റ് യാത്ര..
റോഡില്‍ അത്ര കുഴികള്‍ ഇല്ല, എന്നാലും ഉള്ളത് നല്ല എണ്ണം പറഞ്ഞവ...!
ഹോണ്ട ആക്ടിവ ആയത് ഭാഗ്യം. എന്നെപ്പോലുള്ള ആവറേജ് പ്രവാസികള്‍ക്ക് നാട്ടില്‍ വരുമ്പോഴുള്ള ആശ്രയം ആക്ടിവ പോലെയുള്ള വണ്ടികളാണ്. ഗിയര്‍ പ്രശ്നം ഉണ്ടാക്കില്ല എന്നുള്ളത് തന്നെ മെയിന്‍. ഏത് ട്രാഫിക്കിലും എളുപ്പം പോവാം.
പഴയ തീപ്പെട്ടി കമ്പനി കഴിഞ്ഞ് തിരിഞ്ഞു കേറിയപ്പോ ദൂരെ കാവ് കണ്ടു. ആശ്വാസം, വഴി തെറ്റിയിട്ടില്ല.
കാവ് പറമ്പില്‍, ലെഫ്റ്റ് തിരിഞ്ഞു റൈറ്റില്‍ നാലാമത്തെ വീട്..
രഘു പുറത്ത് തന്നെ ഉണ്ട്.
'വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ..?'
'ഇല്ല...കാവ് കഴിഞ്ഞ് ലെഫ്റ്റ്ഒന്ന്, റൈറ്റ് നാല്..സിമ്പിളല്ലേ...??
പിന്നെ ഓടിട്ട വീട് ഇതല്ലേ ഉള്ളൂ....'
'അതേ...അടയാളം മാറാതിരിക്കാന്‍ ഓട്ടുപുര നിലനിര്‍ത്തി യതാ..അല്ലാണ്ട് പൈസ ഇല്ലാഞ്ഞിട്ടല്ല...'
രഘു ചിരിച്ചു..
വീട്ടില്‍ കയറി. കൈയിലെ പൊതി അവനെ ഏല്‍പ്പിച്ചു..
'എന്താ..
കൂട്ടുകാരനെ കാണാന്‍ വരുമ്പോ ഒരു പൊതി..?'
രഘുവിന്റെ മിസ്സിസ്...
'അത് പിന്നെ....കുറച്ച് അവില്...'
'ഓ... കുചേലവൃത്തം...'
'ആ..അതന്നെ...'
'പൊതി പൊട്ടണ്ട...ഡ്യൂട്ടി ഫ്രീ അവിലാണ്..'ഞാന്‍ അവനെ ഓര്‍മ്മിപ്പിച്ചു..
'കുട്ടികള്‍ എവിടെ?'
'മൂത്തവന് സ്കൂളില്‍ പോയി..ട്യൂഷന് കൂടെ കഴിഞ്ഞേ വരൂ...ചെറിയ ആള് യുദ്ധം കഴിഞ്ഞ് ഉറക്കത്തിലാ...'
കുറച്ച് നേരം കഥകള്‍, തമാശകള്‍..
കോളേജില്‍ ഡിഗ്രിയ്ക്ക് ഒപ്പം പഠിച്ചതാണ്.
പിന്നീട് അങ്ങനെ കാണാറില്ല.
കഴിഞ്ഞ വരവിന് ഒരു റീയൂണിയന് ഉണ്ടായിരുന്നു.. അന്നാണ് കുറേ കാലത്തിനു ശേഷം എല്ലാവരെയും കാണുന്നത്.
ശേഷം പ്രവാസം , പിന്നീട് ഇപ്പഴാ നാട്ടിലേയ്ക്ക് വരുന്നത്.
'ആ പിന്നെ..നമ്മടെ റീയൂണിയന് സുവനീര്‍?
അതിന്റെ കോപ്പി കിട്ടിയില്ലല്ലോ രഘൂ.'
'നിനക്കുള്ള കോപ്പി ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്.'
അവന് അകത്തേയ്ക്ക് പോയി..
സുവനീര്‍ കൊണ്ട് വന്നു..
കോളേജ് ഗേറ്റ് മുഖചിത്രം..
നീലാകാശം ബോര്ഡറില്..
ലൈറ്റ് നീലയില്‍ ചുവപ്പ് പ്രിന്റിംഗ്.
'ഓര്‍മ്മകള്‍ മരിക്കുമോ...!'
'നല്ല പേര്... ല്ലേ..'
'അതേ...കോപ്പികള്‍ എല്ലാം തീര്‍ന്നു. എല്ലാരും വാങ്ങി..തടി യില്‍ തട്ടാതെ അത് ഭംഗിയായി.. '
ഞാന്‍ തുറന്നു നോക്കി. പുതിയ പുസ്തകത്തിന്റെ മണം. ആ മണം ഇന്നും ഒരു ഹരമാണ്.
പേജുകള്‍ മറിച്ചു.....
ഓര്‍മ്മകുറിപ്പുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍..
'രഘു ...സംഭവം കളറായിരിക്കണ് ട്ടോ'
'അല്ലാ... ഇതിന്റെ സെന്റര്‍ സ്പ്രെഡ് എവിടെ? നമ്മടെ എല്ലാ രുടേം കൂടെയുള്ള കളര്‍ഫോട്ടോ, ഓര്‍മ്മച്ചിത്രം - അതല്ലേ സെന്റര്‍ പേജ്?'
'അതേലോ...
അതില്ലേ ഇതില്‍?'
'ഇല്ല...'
'ഇനീപ്പോ, പണ്ട് നാനയിലെ സെന്റര്‍ പേജ് പോവുന്നത് പോലെ ഇതും?'
'അറിയില്ല ട്ടോ...അവളോട് ചോദിക്കട്ടെ..'
'സുലൂ...'രഘു ഉറക്കെ വിളിച്ചു..
സുലോചന..
സ്നേഹപൂര്‍വ്വം സുലു...
'എന്താ...'
സുലു ചായയുമായി എത്തി...
'അതേയ്...ഇതിന്റെ സെന്റര്‍ പേജ് മിസ്സിംഗ് ആണല്ലോ..'
'ആ കട്ടിയുള്ള പേജ്.... അല്ലേ?'
'പേജല്ല.....അത് ഞങ്ങടെ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു.'
'ആ...അത് ഞാന്‍ കഴിഞ്ഞയാഴ്ച്ച വായിച്ചോണ്ടിരിക്കുമ്പോ....'
'ഇരിക്കുമ്പോ.....'
'പെട്ടന്ന് മോന് അപ്പിയിട്ടു.പേപ്പര്‍ നോക്കിയിട്ട് അവിടെയെ ങ്ങും കണ്ടില്ല. ഞാന്‍ സെന്റര്‍ പേജ് കീറി വേഗം അപ്പി കോരി കള ഞ്ഞു....നല്ല കട്ടിയുള്ള പേപ്പര്‍ ആയത്കൊണ്ട് അത് ഉപകാരപ്പെട്ടു ട്ടോ...'
💥
ജയരാജന് കെ എഴുതിയ "വേനുവാ ടാപ്പു" എന്ന കഥാസമാഹാരം നെപ്ട്യൂണ്‍ ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു.
ബിന്ദുശ്രീ
അനുധാവനം
ബിന്ദുശ്രീ
"ഹലോ, നവനീതിന്റെ അമ്മയല്ലേ?”
" അതെ സ്കൂളിൽ നിന്നും ക്ലാസ് ടീച്ചർ വിജയകുമാർ ആണ് സംസാരിക്കുന്നത്. മോൻ എന്താ റെഗുലറായി സ്കൂളിൽ വരാത്തത് "
"പറഞ്ഞാ കേൾക്കുന്നില്ല സാറേ,ഞാൻ എല്ലാദിവസവും നാലരക്ക് എണീറ്റ് അവനുള്ള ചോറു പൊതിയും കാപ്പിയുമെല്ലാം ഉണ്ടാക്കി വെച്ചിട്ടാ ജോലിക്ക് പോണത്. വീട്ടുജോലിയാ സാറേ"
ആ അമ്മയുടെവളരെ ഭവ്യതയോടു കൂടിയ വാക്കുകൾ മുഖവിലയ്ക്ക് എടുത്തുകൊണ്ടു തന്നെ വിജയകുമാർ തുടർന്നു.
"പല ദിവസങ്ങളിലുംഅവനെ യൂണിഫോമിൽ ബസ്റ്റോപ്പിൽ കണ്ടതായി കുട്ടികൾ പറയുന്നുണ്ട്.”
"അവൻ ചില ദിവസങ്ങളിൽ യൂണിഫോം ഇട്ട് ബസ്റ്റോപ്പിൽ വരെ പോകും എന്നിട്ട് തിരിച്ചു വരുന്നതാ, എന്ത് ചെയ്യാനാ സാർ "
"കഴിഞ്ഞ ദിവസം ക്ലാസ്സിൽ വന്നപ്പോൾ ഞാൻ കുറെ നേരംഅവനോട് സംസാരിച്ചു.ഇനി എല്ലാ ദിവസവും വന്നോളാം എന്ന് പറഞ്ഞിട്ടാണ് പോയത്.”
"ആണോ സർ എന്നോടൊന്നും പറഞ്ഞില്ല.”
"കുട്ടിയെ സ്കൂളിൽ അയച്ചാലേ പഠിപ്പിക്കാനാവൂ. സ്കൂൾ തുറന്നതിനു ശേഷംഅവൻ ക്ലാസ്സിൽ വന്നത് ആകെ ആറു ദിവസമാണ് എന്തെങ്കിലും ഹെൽത്ത് ഇഷ്യൂസ് ഉണ്ടെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. അടുത്ത ആഴ്ച ടേംപരീക്ഷ തുടങ്ങും ഹാജർ ഇല്ലാതെ എങ്ങനെ പരീക്ഷഎഴുതാൻ ഇരുത്തും?”
"സാർ, പ്ലീസ്..... ഈ ഒരുതവണയ്ക്ക് ക്ഷമിക്കണം നാളെ മുതൽ സ്കൂളിൽ എത്തിക്കാൻഎന്തെങ്കിലും ഏർപ്പാട് ചെയ്യാം"
"ശരി,നാളെ ഓണം സെലിബ്രേഷൻ ആണ് കളർ ഡ്രസ്സ് ആണെന്ന് പറഞ്ഞേക്കൂ. എല്ലാ കുട്ടികൾക്കും സദ്യ സ്കൂളിൽ തന്നെ ഉണ്ട്. അവനോട് വരാൻ പറയണം വരുമ്പോൾ മുടിവെട്ടിയിട്ട് വരാൻ പറയുക"
"ശരി സാർ,പറയാം.”
******* ****** ******
സ്കൂളിൽ അത്തപ്പൂക്കളം ഒരുങ്ങുകയാണ് . മഞ്ഞ ഓറഞ്ച് നിറത്തിലുള്ള ജമന്തിയുംവെള്ള, ചുവപ്പ് നിറത്തിലുള്ള റോസും അരളിയും അത്തത്തിന് മാറ്റുകൂട്ടാൻ നുറുങ്ങുകളാക്കിയപച്ചിലകളും അവരവരുടെ കളങ്ങളിൽ സ്ഥാനം പിടിക്കുകയാണ്. പല പല നിറത്തിലും ഗ്രന്ധത്തിലും ആകൃതിയിലും കളങ്ങളിൽ അവ ലയിച്ചു ചേരുമ്പോൾ രൂപമെടുക്കുന്ന ഒരു ചന്തമുണ്ട് ഒരുമയുടെ വശ്യ ഗന്ധം ഏതെന്ന് തിരിച്ചറിയാനാവാത്ത വിധം കലർന്നുപോയ ഗന്ധങ്ങൾ; രൂപങ്ങളുമതെ.
വിജയകുമാർ ചിന്തിച്ച് നിൽക്കുമ്പോൾ ഉച്ചഭാഷിണിയിലൂടെ പ്രിൻസിപ്പലിന്റെ ശബ്ദം മുഴങ്ങി കേട്ടു ."പുലികളിയ്ക്കുള്ള കുട്ടികളും ചെണ്ടമേളക്കാരും സ്കൂൾ അങ്കണത്തിൽ എത്രയും വേഗം എത്തിച്ചേരുക.”
വിജയകുമാർ ചുറ്റും നോക്കി.കൂട്ടംകൂടി നിൽക്കുന്ന കുട്ടികളുടെ അടുത്തേക്ക് നീങ്ങി.
"എടാ മക്കളെ നിങ്ങൾ പുലികളിയ്ക്ക് ഉള്ളവരല്ലേ ? പ്രിൻസിപ്പലിൻ്റെ അനൗൺസ്മെന്റ് കേട്ടില്ലേ ഓഫീസ് ക്വാർട്ടിയാർഡിലേയ്ക്ക് ചെല്ലൂ.പുലികളി തുടങ്ങാൻ സമയമായി. എനിക്കും കാണണം നിങ്ങളുടെ പുലികളി . നിങ്ങൾ എൻറെ കൂടെ വാ.”
നടക്കുന്നതിനിടയിൽ വിജയകുമാർ ആലോചിച്ചു ഓണപ്പൊട്ടനും ഓണതെയ്യവും പുലികളിയും വള്ളംകളിയും തിരുവാതിരയും ഓണപ്പാട്ടും തുടങ്ങി എല്ലാ നാടൻ കലകളും ചേർന്ന ആഘോഷം തന്നെഓണം .
പുലികളി കാണാനാണ് കുട്ടികളെ കൂട്ടി പോയതെങ്കിലുംസ്കൂൾ അങ്കണത്തിലേക്ക് അവരെ പറഞ്ഞയച്ചതിന് ശേഷം നൂൺമീൽ ഹാളിലേക്ക് കയറി സദ്യവട്ടത്തിന്റെ അവസാന ഒരുക്കങ്ങളിലാണ് സ്കൂളിലെ പാചകപ്പുരയിലെല്ലാവരും . മുൻകാല വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും റിട്ടയർമെൻറ് ചെയ്ത അധ്യാപകരും എല്ലാം ചേർന്ന് എല്ലാ കുട്ടികൾക്കായും ഓണസദ്യ ഒരുക്കുകയാണ്. വാഴയുടെ തുമ്പിലയിൽ ചോറിനൊപ്പം നിരക്കുന്ന ആഹാരപദാർത്ഥങ്ങൾവ്യത്യസ്ത നിറത്തിൽ, വ്യത്യസ്ത രുചിയിൽ, ആകൃതിയിലും പലതരം.ഓണം എന്നാൽ ഒരുമ തന്നെ! ആലോചിക്കുംതോറും മലയാളം അധ്യാപകൻ കൂടിയായ വിജയകുമാറിന് കുളിരു കോരി. എത്ര മഹത്തായ ആചാരങ്ങൾ ആണ് നമുക്കുള്ളത്. ഇതെല്ലാം ഇന്ന് ഓണം ആഘോഷിക്കുമ്പോൾ ആരെങ്കിലും ആലോചിക്കുന്നുണ്ടോ? പുതിയതലമുറയ്ക്ക് എല്ലാം ആഘോഷമാണ്.പക്ഷേ ഈ ആഘോഷങ്ങൾ നൽകുന്ന സന്ദേശങ്ങളെ കുറിച്ച് ആർക്കും അറിയേണ്ട.
"കാലായോ ശങ്കരേട്ടാ ?”
"കാലായി... വിളമ്പാൻനേരമായോ സാർ?
"നേരമായി വരണു.ഇനി മാവേലി എഴുന്നള്ളത്തിനൊപ്പം പുലികളി കൂടിയുണ്ട് ശങ്കരേട്ടൻ പപ്പടം കാച്ചിക്കോ.പിള്ളേരിപ്പം ഇങ്ങെത്തും.”
അവിടേക്ക് പരിഭ്രാന്തിയോടെ ഓടിവന്ന ഗിരിധർ പറഞ്ഞു.
"സാറേ സാർ അറിഞ്ഞോ, നവനീതിന്ന് ചുറ്റിക കൊണ്ടുവന്നു "
"എന്തിന് ?”
"ശരവണനെ അടിക്കാൻ"
"ചുറ്റികയോ ?”
"ആണെന്ന് തോന്നുന്നു.”
"അവനിപ്പം എവിടെയുണ്ട് ?”
"ബാത്റൂം സൈഡിൽ.രണ്ടുപേരും അവിടെയുണ്ട്. അവിടെ ഇപ്പം അടി നടക്കും എന്നാണ് തോന്നുന്നത്.”
"ഈശ്വരാ...” വിജയകുമാറിന്റെ ചുണ്ടുകൾ മന്ത്രിച്ചു .
നടന്നതോ ഓടിയതോ പറന്നതോ എന്നറിയില്ല നിമിഷാർദ്ധം കൊണ്ട് അവിടെ എത്തി അപ്പോഴേക്കും അടിച്ചു കഴിഞ്ഞു. ചോര ഒലിച്ചു നിൽക്കുന്നു ശരവണൻ അവൻറെ ഷർട്ടിന് കുത്തിപ്പിടിച്ച് നവനീതും. വിജയകുമാറിനെ കണ്ട് കൈ അയച്ചതും ശരവണൻ മുട്ടുകുത്തി നവനീതിന്റെ കാൽക്കൽ വീണു .
വാമനനും മാവേലിയും ഇന്ന് വേറെ രൂപത്തിലും ഭാവത്തിലും എന്ന് മനസ്സിൽ ഓർത്തുകൊണ്ട് വിജയകുമാർ തിരക്കി.
"നീ എന്താടാ ഇവനെ ചെയ്തേ?”
ശരവണനെ കൈയ്യിൽ താങ്ങി പിടിച്ചുകൊണ്ട് വിജയകുമാർ അലറി. വിജയകുമാറിന്റെ ചോദ്യത്തിന് നവനീത് ഉത്തരമൊന്നും നൽകിയില്ല എന്നാൽ തികച്ചും അപ്രതീക്ഷിതമായ ചിലത് ഉടനടി സംഭവിച്ചു. വീണ്ടും ചുറ്റിക ഉയർന്നു താണു. ഇത്തവണ ആ അധ്യാപകനും തലപൊട്ടി ചോരയൊലിച്ച് നവനീതിന്റെ കാൽക്കൽ നിലം പൊത്തി .പിന്നീട് അവൻറെ വന്യമായ നോട്ടം ചുറ്റും നിന്ന് കുട്ടികളിലേക്ക് തെന്നി വീണു. ക്രൂരനായ ഒരു മൃഗത്തെപ്പോലെ വന്യമായി മുരണ്ടുകൊണ്ട് തൻറെ അധ്യാപകന്റെ പുറത്തു ചവിട്ടി മറികടന്ന് അവരുടെ അടുത്തേക്ക്നീങ്ങി ചുറ്റും കൂടി നിന്ന കുട്ടികൾ ഓടി മാറി.നന്മയുടെ കണങ്ങൾ വറ്റിയ ആ കണ്ണുകളിൽ ലഹരിയുടെ ആലസ്യം കാണാനായി .അസ്തമയത്തിന് ഒരുങ്ങുന്ന അർക്കനെപ്പോലെ അവ ചുവന്ന് തുടുത്തിരിക്കുന്നു. കൈകാലുകളിൽ മന്ദീഭവിച്ച ചലനങ്ങൾ.
"പതിനഞ്ചുകാരൻ്റെ ക്രൂരത" വൈകുന്നേരത്തെ എല്ലാ ന്യൂസ് ചാനലുകളിലും വലിയ തലക്കെട്ടിൽ വാർത്ത വന്നു."അധ്യാപകനെയും സഹപാഠിയെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ച് നവനീത്.ലഹരി കാരണമെന്ന് പോലീസ് വൃന്ദം.”
സ്കൂൾ നഗര മധ്യത്തിൽ ആയതിനാൽ ഒന്നിനും പഞ്ഞമില്ല ആംബുലൻസ് വന്നതും സാറിനെയും ആ ആ വിദ്യാർത്ഥിയെയും എടുത്തു മടങ്ങിയതും ശരവേഗത്തിലായിരുന്നു.
വിജയകുമാർ ഉണരുമ്പോൾ കൂപ്പുകൈകളുടെ നവനീതിന്റെ അമ്മ കട്ടിലിനരികിൽ കാത്തു നിൽപ്പുണ്ടായിരുന്നു.
വിജയകുമാർ വെറുതെ നോക്കി കിടന്നതേയുള്ളൂ
നിർദ്ധനയായ ആ അമ്മ സങ്കടം സഹിക്കവയ്യാതെ സാറിൻ്റെ കാലിൽ പിടിച്ച് തേങ്ങി കരഞ്ഞു.
"സാർ ക്ഷമിക്കണം അവന് മാപ്പ് നൽകണം.ഗുരുശാപം കൂടി അവൻ താങ്ങില്ല .പിതൃശാപം കാരണാ അവനിങ്ങനെ ആയത്. അവന്റെ അപ്പൻ ഒരു മുഴുക്കുടിയനാ സാറേ കുടിച്ച് അവിടവിടെ കിടന്നു പാതിരായാവുമ്പോൾ വീട്ടിലെത്തും. വീട്ടിലെത്തിയാ പിന്നെ ചട്ടിയടിയായി പെട്ടിയടിയായി .കുറെ നാൾ മുമ്പ് എന്നെ തല്ലുന്നത് കണ്ട് അങ്ങേരുടെ കൈ അവൻ തടുത്തു. അതിനവനും പൊതിരെ കിട്ടി രാത്രി പന്ത്രണ്ട് മണിയോളമായി, അവനെ അയാൾ വീട്ടീന്ന് ഇറക്കിവിട്ടു. കരഞ്ഞോണ്ട് ഓടി ഇറങ്ങിപ്പോയി. എവിടെപ്പോയി കിടന്നതാണന്നറിയില്ല; രാവിലെ അപ്പൻ ഇറങ്ങി പോയപ്പൊ വന്നു. തിരക്കിയപ്പോൾ പറയണു .”
"ഞാൻ റെയിൽവേ ട്രാക്കിന് തലവെച്ച് എന്ന് പുലർച്ചയുള്ള വണ്ടി പാഞ്ഞു വന്ന് കടന്നുപോയി. പക്ഷേ ,എങ്കില്‍ മറ്റേ പാളത്തൂടയാ പോയെ."
"കേട്ട് ചങ്ക് പിളർന്നുപോയി സാറേ മരണത്തെ മുഖാമുഖം കണ്ടേ പിന്നെ കുറച്ചുകൂടെ ചങ്കൂറ്റം വെച്ച് .അവൻ എവിടെ പോയാലും അപ്പനെ പോലെയാ ശത്രുക്കളെ ഒണ്ടാക്കും. സ്കൂളിൽ നിന്ന് കുറെ പ്രാവശ്യമായി വിളിക്കണ്.കഴിഞ്ഞവർഷവും രണ്ട് കേസില്‍ സസ്പെൻഷനിലായി. സ്കൂളിൽ നിന്ന് വന്നാ വീട്ടിൽ ഒരു സമയം ഇരിക്കൂല്ല പത്തിരുപത്തഞ്ച് വയസ്സുള്ള ചെക്കന്മാരാ കൂട്ട് .അവര്‍ ഇവനെ വഷളാക്കും അവരാണ് കൂടിയ സാധനങ്ങളൊക്കെ വാങ്ങി കൊടുക്കുന്നത് .എംഡി എം എ വരെ കിട്ടുന്നുണ്ട് സാറേ, ഇനി അവനെ നിയന്ത്രിക്കാൻ തമ്പുരാനെ കൊണ്ടേ പറ്റൂ. സാറ് ഇതിന് കേസിനു പോകുമായിരിക്കും അല്ലേ ?”
അപ്പോഴാണ് വിജയകുമാർ അത് ഓർത്തത്
"തീരുമാനിച്ചില്ല കൊടുക്കണോ വേണ്ടയോ എന്ന് ആലോചിക്കണം"തെല്ലു നീരസത്തോടെയാണ് വിജയകുമാർ പറഞ്ഞത്.
"കൊടുക്കണം സാറെ,സാർ കൊടുക്കണം;ലോക്കപ്പിൽ അടയ്ക്കണം.അപ്പനെ തല്ലിയവൻ എന്ന പേരു മാത്രമല്ല സാറിനെ തല്ലിയവനും ആയില്ലേ ലോക്കപ്പില്‍ എങ്കിൽ ലോക്കപ്പില്‍ ജയിലിലെങ്കിൽ ജയിലില്‍ ജീവനോടെ കിടക്കുമല്ലോ?”
യാചിക്കും പോലെ ആണവരത് പറഞ്ഞത് വിജയകുമാറിന്റെ നിർവികാരതയിലേക്ക് ഉറ്റുനോക്കി കൊണ്ട് വീണ്ടും യാചിച്ചു .
"കേസ് കൊടുക്കണേ സാറേ, അവനെ കണ്ടുകൊണ്ട് മരിക്കാനാ...എപ്പോഴും ക്ഷീണമാണ് അവന്, ഒന്നും കഴിക്കാൻ വേണ്ട. വെള്ളം പോലും കുടിക്കില്ല സാർ. ദേഷ്യം വന്നാൽ കണ്ണു കാണാൻ പാടില്ല . ഇപ്പോൾ എന്നെയും ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. എനിക്കും അവനെ പേടിയാ സാറേ ഭയത്തോടെയാ ഓരോ നിമിഷവും കഴിയുന്നത് ഒരു സമയം ഇരുന്ന് പഠിക്കൂലാ . രാത്രിയാവുമ്പോൾ അവൻറെ രീതികള്‍ വേറെയാ ഞാൻ അവൻറെ അമ്മയാണെന്ന് പോലും അവന് അറിയാമ്പറ്റില്ല.”
അവർ വീണ്ടും ഓർമിപ്പിക്കും പോലെ പറഞ്ഞു
"സാറിൻറെ മൊഴിയെടുക്കാൻകുറച്ചു മുമ്പേ പോലീസ് വന്നിട്ട് പോയി.ഇനി വരുമ്പോൾ സാറ് പറയണേ അവൻ ഒരു തല്ലിപ്പൊളിയാണെന്നും അവൻറെ പേരിൽ കേസെടുക്കണമെന്നും. ആറുമാസം എങ്കിൽ ആറുമാസം ജയിലിൽ കിടന്നിട്ട് വരുമ്പോൾ അവൻ മാറിയാലോ?”
"ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ, ആദ്യം ഞാനവനോടൊന്ന് സംസാരിക്കാം"
"വേണ്ടസാറേ അവനെ കാണാനുള്ള ദയ പോലും കാണിക്കരുത് "
"സാരമില്ല, നിങ്ങൾ ഇനി വരുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവരൂ.പോലീസിന് മൊഴി കൊടുക്കുമ്പോൾ ഞാൻ അത് അനുസരിച്ച് പറഞ്ഞോളാം.നിങ്ങൾ വിഷമിക്കേണ്ട ,ശരവണനും ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കൂ.”
പ്രാർത്ഥനയെന്നോണം ദീർഘനിശ്വാസമയച്ചു കൊണ്ട് വിജയകുമാർ പറഞ്ഞു.
"എനിക്ക് കല്യാണ പ്രായമായ രണ്ട് പെൺകുട്ടികളാണ് ദൈവം അവരെ തുണച്ചു എന്ന് പറഞ്ഞാൽ മതി.”
അഗ്നി പരീക്ഷകളിൽ അവസാനത്തേത് അല്ല ഇതെന്ന് അറിഞ്ഞ്,കണ്ണുകൾ തുടച്ചുകൊണ്ട് അവർ അവിടെനിന്നും പോയി. മൂന്നാം നാൾ വിജയകുമാർ ആശുപത്രി വിടും വരെ നവനീത് വരും എന്ന് കാത്തു പക്ഷേ,പോലീസ് വന്നു.
"ആ പയ്യൻറെ കാര്യം കഷ്ടമാണ് സാറേ, കുറെ നാളായി അവനിത് തുടങ്ങിയിട്ട് .അഡിക്റ്റ് ആണ്; ഇനി രക്ഷയില്ല.അവനിത് എത്തിച്ച് കൊടുത്തവന്മാരെയെല്ലാം പൊക്കി. അവൻറെ അപ്പന്റെ മദ്യക്കുപ്പിയിൽ തുടങ്ങിയതാ. അയാൾ ഒരു പോക്കു കേസാ , അപ്പൻ കുടിച്ചിടുന്നതിന്റെ ബാക്കി രുചിച്ചു തുടങ്ങി. ഇപ്പം അവൻ കഴിക്കുന്നതിന്റെ പൊടിയും പൊട്ടും അപ്പൻ രുചിക്കേണ്ട ഗതിയായി.ഞങ്ങൾ എന്തു ചെയ്യണം സാർ?”
"എനിക്ക് പരാതിയൊന്നുമില്ല, അവനെ വെറുതെ വിട്ടേക്ക്."
"മീഡിയ ഇത് ആഘോഷമാക്കിയിരിക്കുകയാണ് . ശരവണന്റെ പാരൻസ് കേസുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിരിക്കുകയാണ്.”
"വേണ്ട സർ, എനിക്ക് ആ കുട്ടിയുടെ മേൽ ഒരു പരാതിയുമില്ല ബാത്റൂമിൽ തെന്നി വീണപ്പോൾ ഉണ്ടായ മുറിവാണിതെന്ന് ഞാൻ മനസ്സിൽ കരുതിയാ പോരെ ആ കുട്ടിക്ക് ഒരു ഭാവിയുള്ളതല്ലേ?”
"മാഷ്മാര് ഇങ്ങനെ ഭാവി ഉണ്ടാക്കാൻ പോയ പിന്നെ പിള്ളേര് മുഴുവൻ മയക്കുമരുന്നിന് അഡിക്റ്റാവും."പോലീസുകാരൻ രോക്ഷാകുലനായി .
"ഇല്ല സർ, അവനെ ഞാൻ ശരിയാക്കാം, ഞാൻ അവനെ ഒന്നു കാണട്ടെ.”
തിരുവോണനാളിൽ കുടുംബത്തോടൊപ്പം ഇരുന്ന് സദ്യ കഴിച്ച ശേഷം ആ സദ്യയുടെ പങ്കുമായി വിജയകുമാർ നവനീതിന്റെ വീട്ടിലേക്ക് പോയി. പടിപടിയായി അടുക്കി വെച്ച ഒതുക്കുകല്ലുകൾ കയറി ചെല്ലുമ്പോൾകാണാം ഓടുമേഞ്ഞ ഒരു ചെറിയ വീട്.അവൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാതെ കിടപ്പാണ്.സാറിനെ കണ്ട പാടെ അമ്മ പറഞ്ഞു.
"അവനു വയറുവേദനയാ സാറേ, ഇപ്പോൾ സാധനം കിട്ടാത്തതുകൊണ്ട് അവന് പറ്റണില്ല ; അവൻറെ വെപ്രാളം കണ്ടുകൊണ്ടിരിക്കാൻ വയ്യ. അവൻറെ അപ്പൻ പറയുന്നത് എവിടെനിന്നെങ്കിലും കുറച്ച് ഒപ്പിച്ചു കൊടുക്കണം എന്നാണ്.”
"ഇന്നലെ ഞാൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടറോട് വിവരം പറഞ്ഞു. അവർ ഹെൽപ്പ്ലസ് ആണെന്നാണ് പറയുന്നത് ഇനിയിപ്പോ എന്ത് ചെയ്യും സാറേ?”
വിജയകുമാർ അകത്തേക്ക് കയറിച്ചെന്നു. സാറിനെ കണ്ടതും അവൻ കരഞ്ഞ് വിളിച്ചു പറഞ്ഞു.
"സാറേ, എന്നെ ഒന്ന് രക്ഷിക്ക് സാറേ... എനിക്ക് ഇനി ഈ ഭൂമിയിൽ ജീവിക്കേണ്ട .മതിയായി സാറേ, എനിക്ക് ഏതാണ്ട് ഭ്രാന്ത് പോലെയാതോന്നണേ. സാറിനെ ഞാൻ അടിച്ചെന്ന് അമ്മ പറഞ്ഞു. സോറി സർ, അറിഞ്ഞുകൊണ്ട് ചെയ്തതല്ല .പ്ലീസ്... എന്നെ ഒന്ന് രക്ഷിക്ക് സാറേ, അല്ലെങ്കിൽ എന്നെ എവിടെയെങ്കിലും കൊണ്ടുപോയി ഒന്ന് മയക്കി കിടത്ത് സാറേ. എനിക്കിനി വയ്യായെ...എനിക്കിനി ജീവിക്കണ്ടേ...” തലയിൽ ഇരുകരങ്ങളും ചേർത്ത് അവൻ കരഞ്ഞു
"സാരമില്ല ,നീ എണീക്ക്; ഓണമല്ലേ?ഞാൻ കൊണ്ടുവന്ന ഈ പായസം ഒന്ന് കഴിക്ക്.”
പെട്ടെന്ന് അവൻറെ ഭാവം മാറി.സമാനതകൾ ഇല്ലാത്ത ആ പരിവർത്തനം കണ്ട് വിജയകുമാർഭയന്നു പിന്നോട്ട് മാറി.
"എന്തോന്ന് പായസോ? നീ നിൻറെ അപ്പന് കൊണ്ട് കൊടുക്കടോ, പരനാറീ..എനിക്കു വേണ്ട …"
കട്ടിൽ കുലുക്കി അവൻ എണീക്കാൻ ശ്രമിക്കുമ്പോഴാണ് വിജയകുമാർ അത് കണ്ടത് .വലതുകയ്യും രണ്ടുകാലും കട്ടിലിനോട് ചേർത്ത് കെട്ടിയിരിക്കുകയാണ് .വിജയകുമാർ തെല്ലുമാറി നിന്നു.അയാൾക്ക് അവനെ തൊടാൻ പോലും ഭയം തോന്നി.തൻറെ തലയ്ക്ക് അടിക്കുമ്പോൾ കണ്ട വന്യഭാവം ഇപ്പോഴും അവനിൽ നിഴലിക്കുന്നതുകൊണ്ട് വിജയകുമാറിന്റെ തല പെരുത്തു.വിജയകുമാർ സ്വയം സമാധാനിക്കാൻ എന്നവണ്ണം എന്നോണംഅമ്മയോടായി പറഞ്ഞു.
"എത്രകാലം ജീവിക്കേണ്ട കൊച്ചാ, ഇന്ന് ഈ ഗതിയിൽ ...ഞാൻ അമ്മയോട് പറയാറില്ലേ അവനെ എന്നും സ്കൂളിൽ അയക്കണമെന്ന് .സ്കൂൾ തുറന്നശേഷം അവൻ വന്നത് ആകെ ആറോ ഏഴോ ദിവസം സ്കൂളിലേക്ക് വിളിച്ചു വരുത്തിയ എല്ലാദിവസവും അവൻ അവിടെ പ്രശ്നമുണ്ടാക്കി. ഇതിപ്പം ഒന്നും ചെയ്യാൻ പറ്റാത്ത സ്റ്റേജ് ആയി.”
"എല്ലാം എൻറെ തെറ്റ് സാറേ, ഞാൻ അവനെ പ്രസവിക്കണ്ടായിരുന്നു, വളർത്തണ്ടായിരുന്നു, അവനു വേണ്ടി ഇങ്ങനെ കലമലക്കാൻ പോകണ്ടായിരുന്നു, അല്ലെങ്കിൽ ജനിച്ചപ്പോഴേ കൊല്ലേണ്ടതായിരുന്നു. ഇനി എനിക്ക് ജീവിക്കണ്ട ഇവനും ഈ ഭൂമിയില്‍ വേണ്ട.”
"എടി തേവിടിശ്ശി. നീ ഞാൻ മരിക്കാൻ കാത്തിരിക്കാതെ കാത്തിരിക്കാതെനീയെങ്കിലും എനിക്കത് സംഘടിപ്പിച്ചതാ അല്ലെങ്കിൽ എന്നെ ഒന്നു കൊന്നു താ..”കട്ടിലിൽ കിടന്നു കൊണ്ട് അവ൯ അലറി.
കേട്ട് പരിചയമുള്ള വാക്കുകൾ അവളെ തഴുകാതെ കടന്നുപോയി.
"കെടന്ന് കാറി കൂവാതെടാ നിൻറെ തൊള്ളയിലേക്ക് കുത്തിയിറക്കാൻ എൻറെ കയ്യിൽ ഒന്നുമില്ല.അതെവിടെ നിന്ന് കൊണ്ടുവരണമെന്ന് എനിക്ക് അറിയുകയുമില്ല.”
നിന്നിടത്തുനിന്ന് തന്നെ വാതിലിന്റെ കട്ടിളപ്പടിയിലേക്ക് നാരായണി തളർച്ചയോടെചാരിയിരുന്നു.കണ്ണുകൾ നിശ്ചലങ്ങളായും നിർജ്ജലങ്ങളായും കാണപ്പെട്ടു. ആഴമുള്ള ഏതോ ചിന്ത മുങ്ങാംകുഴിയിടുന്ന പോലെ ചലനങ്ങൾ തീരെ ഇല്ലാതായിരിക്കുന്നു.
ഈ പൊന്നോണ നാളിലും അവനെ ഓർത്തു കരയുന്ന, പട്ടിണിയിരിക്കുന്ന അമ്മയെ അവൻ കാണുന്നേയില്ല ;എന്ന് ചിന്തിച്ചുകൊണ്ട്പോകാനായി വിജയകുമാർ ഉമ്മറത്തേക്ക് ഇറങ്ങി.വീടിൻറെ ഉമ്മറത്ത് ഒരറ്റത്ത് തല കുമ്പിട്ട് കുത്തിയിരിക്കുന്ന അവൻറെ അച്ഛൻ ശശീന്ദ്രൻ തല ഉയർത്തി ദയനീയമായി നോക്കി. ആ തകർന്ന മനസ്സിൽനിന്ന് ചിതറി വീണ വാക്കുകൾ വിജയകുമാർ കേട്ടു.
"എല്ലാം എൻറെ തെറ്റ് സാറേ, പക്ഷേ ഞങ്ങൾ കുടിയന്മാർക്ക് ഇങ്ങനെ ഭ്രാന്ത് വരില്ലല്ലോ? സാറേ ഈ കുട്ടികൾക്ക് മാത്രം ഇതെന്താ ഇങ്ങനെ.അത്യാധുനികമാണത്രേ.”
കുത്തിനോവിക്കാനല്ലെങ്കിലുംമനസ്സിൻറെ പിരിമുറുക്കം അയയ്ക്കാനായി വിജയകുമാർ പറഞ്ഞു.
"അവൻ നിന്നെക്കാൾ മികച്ചവനാ, ശശീ... നിൻറെ ഉച്ചിഷ്ടമൊന്നും അവന് പോരാതായത് നീ കുറച്ചു നേരത്തെ അറിയേണ്ടതായിരുന്നു.”
"ശരിയാ, അന്ന് ഞാൻ ചെയ്ത തെറ്റിന്റെ ഫലമാണിതെല്ലാം. ഇപ്പോൾ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ദൈവമേ...”
ഒരു പാലായനം കൊതിക്കുന്ന മനസ്സുണ്ടെങ്കിലും അയാളുടെ ശരീരം അനങ്ങിയില്ല.
"പുറത്തേക്ക് ഇറങ്ങുമ്പോൾ ആരും എന്നോട് മിണ്ടുന്നില്ല."അയാൾ തനിയെ പുലമ്പി.
മനുഷ്യരുടെ മൗനത്തിന് ഇത്ര ശക്തി ഉണ്ടെന്ന് ഓർത്തയാളുടെ മനം തകർന്നു. "ആരോടെങ്കിലും ഒന്നു പറഞ്ഞു കരയാൻ സാധിച്ചെങ്കിൽ ..."ആദ്യമായി അയാൾ ആഗ്രഹിച്ചു
"അവൻറെ അമ്മ,രജനിയുടെ സ്വപ്നങ്ങൾ തകർത്തത് ഞാനാ, ഞാനവളോട് എങ്ങനാ സാറേ മിണ്ടുന്നേ? അവളെക്കുറിച്ച് ഞാനിതുവരെ ഓർത്തിട്ടേയില്ല. മൂത്തവളെ അവളുടെ മാത്രം കഴിവിൽ പഠിപ്പിച്ച് കെട്ടിച്ചു വിട്ടു അവൾ ഒരു പ്രൈവറ്റ് ആശുപത്രിയിലെ നഴ്സാണ്.”
വിജയകുമാർ ഇറങ്ങുമ്പോൾ രജനിയോടായി പറഞ്ഞു.
"ഇത് കുറച്ച് ചോറും കറികളുമാണ് ഇവർക്ക് വിളമ്പി കൊടുക്ക്..ഞാനെന്നാ ഇറങ്ങട്ടെ .”
വിജയകുമാർ പോയ ശേഷം രജനി എല്ലാവർക്കുമായി ചോറ് വിളമ്പി.ശശീന്ദ്രൻ നവനീതിനെ കെട്ടുകൾ അഴിച്ച് കിടക്കയിൽ എണീപ്പിച്ച് ഇരുത്തി .ഉരുളയുരുട്ടി ചോറ് നിർബന്ധപൂർവ്വം കഴിപ്പിച്ചു. അയാളും കഴിച്ചു.
"സാധനം അച്ഛൻ കൊണ്ടുവന്നിട്ടുണ്ട്.ഈ ചോറ് കഴിച്ചാൽ ഞാനത് തരാം."
"അച്ഛാ സാധനം ഉണ്ടല്ലോ? എന്നാലേ ഞാനിത് കഴിക്കൂ"
ഇടയ്ക്കിടയ്ക്ക് അവൻ ഇങ്ങനെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോഴും ആഹാരം കഴിക്കാൻ കൂട്ടാക്കാതെ രജനി കട്ടിളപ്പടിയിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. അവൾക്ക് നേരെ ഒരു ഉരുള നീട്ടണമെന്നുണ്ടായിരുന്നു അയാൾക്ക്, പക്ഷേ കൈകൾ നീണ്ടില്ല.ഊണ് കഴിച്ച ശേഷം മദ്യക്കുപ്പി തുറന്ന് ശശീന്ദ്രൻ പകുതി മോന്തി പിന്നെ അവനെ നേരെ നീട്ടി.
**** **** ****
വിജയകുമാർ വീട്ടിലെത്തി.അപ്പോഴേയ്ക്കും മകൾ ഒരു ഗ്ലാസ് പായസവുമായി വന്നു .
"അച്ഛാ ഇത് കുടിക്ക് ,അച്ഛൻ ഇന്ന് പായസം കുടിച്ചില്ലല്ലോ?”
വിജയകുമാർ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.
"ആ വാർത്ത ഒന്ന് ഇടൂ മോളെ"
മകളുടെ കയ്യിൽ നിന്നും പായസം വാങ്ങി. ഒരു സ്പൂൺ പായസം വായിലെടുത്തു.അപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്ത, കണ്ണുകൾ വിഴുങ്ങിയ ആദ്യ വാർത്തയോടൊപ്പം കയ്പ്പുനീർ പോലെ കുടിച്ചിറക്കി.
"ലഹരിക്കടിപ്പെട്ട്, അധ്യാപകനെയും സഹപാഠിയെയും ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച പ്രതി നവനീത് മരിച്ച നിലയിൽ. അച്ഛൻ നൽകിയ വിഷം കലർന്ന മദ്യംമാവും മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ട്.”
ആവാർത്ത തീയിൽ വീണ കുന്തിരിക്കം പോലെ അയാളുടെ ഉള്ളിൽ പുകഞ്ഞ് കത്തി. ഒപ്പം ഒരു ചോദ്യവും
"ആരാണ് ആ കുഞ്ഞിന് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നിഷേധിച്ചത്? അത് ആ പാവം പിതാവല്ല. മറ്റാരോ .......?”
മണലാരണ്യത്തില്‍ വന്നിറങ്ങുമ്പോൾ അവൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ..എത്രയും വേഗം കടം വീട്ടണം..പിന്നെയൊരുകുഞ്ഞുവീട്.. ധാരാളം പണമൊന്നും വേണ്ട..ആരോടും കടം വാങ്ങാതെ..ആരെയും ആശ്രയിക്കാതെ ജീവിച്ചു പോകണം..
സൗദി അറേബ്യ.
ഇവിടുത്തെ ദമ്മാമിലെ ഒരു ഹോസ്പിറ്റലിലാണ് ജോലി.ഉള്ളില്‍ ചെറിയൊരു ഭയമുണ്ട്..നാട്ടുകാരിലാരെങ്കിലും ഉണ്ടാവണെയെന്നേയുള്ളു പ്രാർത്ഥന .
മേഡത്തെ കണ്ടു.തിരികെ വരുമ്പോൾ അവൾ കണ്ടു..തൻെറ പ്രിയ കൂട്ടുകാരി സൗമ്യയെ..അവൾ സൗമ്യയുടെ അടുക്കലേക്ക് നടന്നു..
സൗമ്യാ..!!
സൗമ്യ ആ വിളികേട്ട് തിരിഞ്ഞു നോക്കി..
ലയ...!! തൻെറ നാട്ടുകാരിയും..കൂട്ടുകാരിയുമായ ലയ...മുൻപ് അവർ നാട്ടിലെ ഹോസ്പിറ്റലിൽ ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട് ..എൻെറ ഭാഗ്യമാണ് സൗമ്യ നിന്നെ ഇവിടെ കിട്ടിയത്...ആകെ ടെന്‍ഷനായിരുന്നു...ഇപ്പൊ നോ ടെന്‍ഷന്‍ ..
റൂം കിട്ടിയൊ...മാഡം എന്തേലും പറഞ്ഞൊ..സൗമ്യ ലയയോട് ചോദിച്ചു.
ഇല്ല...ഒന്നും അവർ പറഞ്ഞില്ല...നീയൊന്നു ഹെൽപ് ചെയ്യൂ..ലയ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
സാരമില്ല ..ഞാൻ പറഞ്ഞോളാം..നമ്മുക്കൊന്നിച്ചു താമസിക്കാം..എൻെറ ഡ്യൂട്ടി തീരാറായി..നമ്മുക്കൊന്നിച്ച് റൂമിലേക്ക് പോകാം...
അവിടുന്ന് നടന്നു പോവേണ്ട ദൂരമെയുള്ളു..രണ്ടുപേരും കുശലം പറഞ്ഞു റൂമിലേക്ക് നടന്നു..പോകും വഴി ഹോട്ടലിൽ കയറി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി...
രണ്ട് ബെഡുള്ള റൂം..
ഒരു നേപ്പാളിയായിരുന്നു..ഇവിടെ കിടന്നത്..അവർ നാട്ടിൽപോയിരിക്ക്യാ..അതുവരെ ഇവിടെ കിടന്നോളൂ..അവർ വരുമ്പോഴേക്കും എന്തേലും ഒരു വഴിയുണ്ടാക്കാം..സൗമ്യ ചിരിച്ചു കൊണ്ടു പറഞ്ഞു..
ശരി..വിശേഷങ്ങൾ പറ ..സൗമ്യ പറഞ്ഞു നിർത്തി. നല്ല വിശേഷങ്ങൾ തന്നെ..ഒരു മോളുണ്ട്..രണ്ടര വയസ്സേയുള്ളു..പിന്നെ കെട്ടിയോൻ ബസ്സ് ഡ്രൈവറാണ്..വാടക വീട്ടിലാണ് താമസം..ഒരുപാട് ബാധ്യതകളുണ്ട്..കടം തന്നെ കാര്യമായിട്ട്..
എല്ലാം ശരിയാകും...നീ വിഷമിക്കാതിരിക്ക്..നാളെയല്ലേ ഡ്യൂട്ടിയിൽ കയറുന്നത്..ഇപ്പം ഭക്ഷണം കഴിക്ക്യാ..ഹാപ്പിയായി..ഉറങ്ങുക...ഇതാ ഫോൺ വീട്ടിലേക്ക് വിളി...എനിക്ക് ഡ്രസ്സ് ക്ലീനാക്കാനുണ്ട്...പിന്നെ കുളിക്കണം..അത് കഴിഞ്ഞ് ഭക്ഷണം കഴിക്കാം .അതും പറഞ്ഞ് സൗമ്യ മുഷിഞ്ഞ ഡ്രസ്സുമെടുത്തു ക്ലീനാക്കാനായി പോയി...
ലയ വീട്ടിലേക്ക് വിളിച്ചു സംസ്സാരിച്ചു..അപ്പൊഴേക്കും സൗമ്യ വന്നു..അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.
നാട്ടിലെന്തുണ്ട് വിശേഷം ..
ഏയ്..അങ്ങനെ ഒന്നുമില്ല ..ഇങ്ങനെ പോകുന്നു..നിന്നെ സമ്മതിക്കണം..ഒറ്റയ്ക്ക് ഇത്രയും നാൾ നിന്നില്ലേ..
ഓ...നിൽക്കാതെ പറ്റില്ലാലൊ..ജീവിക്കാന്‍ വന്നതല്ലേ...എന്തു ചെയ്യാനാ..ജോലി ചെയ്യ്ക...കാശുണ്ടാക്കുക...അല്ലാതെ വേറെവഴിയില്ലാലൊ..
ലൈറ്റണച്ചു രണ്ടുപേരും കിടന്നു .രാവിലെ ഒന്നിച്ച് ഹോസ്പിറ്റലിലേക്ക് പോയി..
മാസങ്ങൾ കഴിഞ്ഞു..അവർ രണ്ടുപേരും വേറെ റൂം എടുത്തു മാറി താമസിച്ചു..ഇപ്പൊൾ വളരെ ഹാപ്പിയിലാണ് ലയ. കടമൊക്കെ വീട്ടി തുടങ്ങി...ഇതിനിടയിൽ സൗമ്യ ലീവിന് നാട്ടിലേക്ക് പോയി..
ദിവസങ്ങൾ ...
മാസങ്ങൾ ..പെട്ടെന്ന് തന്നെ കടന്നുപോയി. ഇന്നേക്ക് ഒരു വർഷമായി ഞാനിവിടെ എത്തിയിട്ട്..എത്ര പെട്ടന്നാണ്...ഇനി ഒരു വർഷവും കൂടി കഴിഞ്ഞാല്‍ നാട്ടിൽ പോവണം..അപ്പഴെ കുറച്ച് കാശ് മിച്ഛം വരൂ..നാട്ടിൽ പോയാൽ കടം ചോദിക്കാനും പറ്റില്ല...ഇനി കടം വാങ്ങേണ്ടായെന്നാണ് തീരുമാനം ..ഉള്ളത് മതി..ഇനിയൊരു തലവേദന വേണ്ട...
നാട്ടിൽപോയ സൗമ്യ നാളെ തിരിച്ചെത്തും...പിന്നെ പഴയപോലെയാവും..ടെന്‍ഷന്‍ ഫ്രീ...മിണ്ടാനും പറയാനും..ഒരാളുണ്ടാവുമല്ലൊ..ഒരു മാസം എങ്ങനെ പോയി എന്നറിയില്ല ...അമ്മേ..ഓർക്കാൻ വയ്യ..
അവൾ വന്നാലെൻെറ ഐഡി കാർഡ് പുതുക്കണം...അവളാകുമ്പൊ എനിക്ക് പേടിവേണ്ട...അവൾ നന്നായി അറബി സംസ്സാരിക്കുമല്ലൊ..ഞാനാണേൽ പതറിപോകും..
ഡ്യൂട്ടി നേരെത്തെ കഴിഞ്ഞു..റൂമില്‍ വന്നു ഭക്ഷണം ഉണ്ടാക്കി..കൂട്ടുകാരിയേയും കാത്ത് ലയയിരുന്നു..കാര്യമായി വീട്ടിലെ വിശേഷങ്ങൾ അറിയണം.പ്രത്യേകിച്ച് മോളുടെ...
സൗമ്യയാണ് ലയയെ വിളിച്ചുണർത്തിയത്...
എന്തൊരു ഉറക്കമാടി...
ഏയ് ഓരോന്ന് ആലോചിച്ചു കിടന്നങ്ങറുങ്ങിപോയി...വിശേഷങ്ങൾ പറ..
അതൊക്കെ പറയാം ..വയറു വിശക്കുന്നു..വല്ലതും കഴിക്കാം ..
ദോശയും ചമ്മന്തിയും..സൗമ്യയുടെ ഇഷ്ട ഭക്ഷണം .
രണ്ടുപേരും ഭക്ഷണം കഴിച്ച് ബെഡിലിരുന്നു..നാട്ടിലെ വിശേഷങ്ങളുടെ കെട്ടഴിച്ചു.ലയയുടെ വീട്ടീന്ന് കൊടുത്തുവിട്ട മോളുടെ ഫോട്ടൊ സൗമ്യ അവൾക്ക് കൊടുത്തു..ലയ ആ ഫോട്ടൊ നോക്കി മാറോട് ചേർത്ത് പിടിച്ചു ...ഇനി ഒരു വർഷം കൂടിയുണ്ട് സൗമ്യേ..നാട്ടിൽ പോവാൻ...കടം തീർന്നാലും തീർന്നില്ലേലും ഞാൻ പോവും...
പോവണം നീ..മോളെ കാണേണ്ടെ...ഞാൻ രണ്ടീസം കഴിഞ്ഞേ ഡ്യൂട്ടിയിൽ കയറുന്നുള്ളൂ..അതുവരെ ഒന്ന് വിശ്രമിക്കട്ടെ ..സൗമ്യ പുഞ്ചിരിയോടെ പറഞ്ഞു...
അപ്പൊ..ഗുഡ്നൈറ്റ് ...ലയ മറുപടി നൽകി..ലൈറ്റണച്ചു.
രാവിലെ ഏഴുമണിക്ക് ലയ ഹോസ്പിറ്റലിലേക്ക് പോയി..വൈകുന്നേരം സൗമ്യയെ മാഡം വിളിച്ച് ഓഫീസിലേക്ക് വരാൻ പറഞ്ഞു.ലയയുടെ ഐഡി പുതുക്കാൻ കഴിയുന്നില്ല..എന്തോ പ്രശ്നം ഉണ്ടെന്ന്.
സൗമ്യ ഓഫീസിലേക്ക് പോയി..മാഡം ലയയുടെ അറബിയെ അവിടം വിളിച്ചു വരുത്തി..അവരുടെ സംസ്സാരത്തിൽ സൗമ്യയ്ക്ക് എന്തൊ പന്തികേട് തോന്നി..നാളെ വരാൻ മേഡം സൗമ്യയോട് പറഞ്ഞു...
ലയയോട് സൗമ്യ ഒന്നും പറഞ്ഞീല ..
അവൾ സങ്കടപ്പെടും...നാളെയാവട്ടെ...എന്തായാലും ശരിയാകും...
എന്താടീ...നിനക്കൊരു മൂഡൗട്ട്...
ഏയ്...ഒന്നൂല ...ഞാൻ നാട്ടിലായിരുന്നു...സൗമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു..
മ്ഊംം...ലയ മൂളി.
പിറ്റേന്ന് രാവിലെ എട്ടുമണിക്കാണ് സൗമ്യക്ക് മേഡത്തിൻെറ കോൾ വന്നത്...ഹോസ്പിറ്റലിനു മുന്നിൽ വച്ച് ലയയെ പോലീസ് പിടിച്ചെന്ന്..സൗമ്യ പരിഭ്രാന്തിയായി...ഇനി എന്തു ചെയ്യും..എൻറീശ്വരാ...അവൾ ചാടിയെഴുന്നേറ്റു...
അവൾ തൊട്ടപ്പുറത്തെ മുറിയിൽ താമസിക്കുന്ന ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു..
നിനക്കൊന്നും ചെയ്യാൻ പറ്റത്തില്ല സൗമ്യേ...അതവളുടെ അറബിയുടെ മിസ്റ്റേക്കാണ്...നീ എന്തു ചെയ്യാനാണ്...
അതല്ല ചേച്ചി ...പാവം അവളെന്തു പിഴച്ചു...ഒരുപാട് ബാധ്യതകളുണ്ടവൾക്ക്...അവളുടെ ശബ്ദമിടറി...
നീ പറയുന്നത് ശരി തന്നെ...നമ്മുക്കെന്ത് ചെയ്യാൻ കഴിയും...
എനിക്കവളെയൊന്നു കാണണം. ചേച്ചീ എൻെറ കൂടെയൊന്നു വരണം..
പോലീസ് സ്റ്റേഷനിലൊ...അയ്യോ ഞാൻ വരില്ല ..അവർ നമ്മളെ അകത്തിട്ടാലൊ...സോറി സൗമ്യേ...അവർ വാതിലടച്ചു ...
സൗമ്യ തളർന്നീല...എനിക്കവളെ കാണണം.കണ്ടേ പറ്റൂ...അവൾ നേരെ ഒരു ടാക്സിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു..
പോലീസ് സ്റ്റേഷനില്‍ നിറയെ ആൾക്കാർ ...ഇതുപോലെ പിടിച്ചു കൊണ്ടുവന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാവാം...
അവൾ ഫോം പൂരിപ്പിച്ച് നൽകി ഗെയ്റ്റിന് പുറത്ത് കാത്തു നിന്നു.
സൗമ്യാ...ഗെയ്റ്റ് തുറന്ന് ഒരു പോലീസ്കാരൻ വന്ന് അവളെ അകത്തേക്ക് കൊണ്ടുപോയി..അവളുടെ ഐഡി ചെക്ക് ചെയ്തു..നേരെ ലയയുടെ അടുത്തേക്ക്...
ഒരുനിമിഷം കൊണ്ട് ലയ അവിടെ വന്നു...കരയയുകയായിരുന്നു അവൾ...സൗമ്യക്കും കരച്ചില് വന്നു..
പേടിക്കേണ്ട ലയ ശരിയാകും...ഉറപ്പാണ്.
പ്രാർത്ഥിക്കണേ...സൗമ്യ..
മുറിയിൽ വന്നപ്പോഴും സൗമ്യക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല ..എന്തു ചെയ്യാനാ...എനിക്കു ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്തു...
ഇനി പ്രാർത്ഥന മാത്രം.
രാവിലെ തന്നെ സൗമ്യ ഹോസ്പിറ്റലിൽപോയി..ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു..ആകെ മൂഡൗട്ട്..കൂട്ടുകാരിക്കെന്ത് സംഭവിക്കും എന്നുള്ള ആകാംഷ.ഫോൺ റിങ്ങടിച്ചു..മാഡത്തിൻെറ കോൾ.
നമ്മുക്കൊന്നും ചെയ്യാൻ പറ്റില്ല...അവരുടെ അറബി കൈമലർത്തി ..പാസ്പ്പോർട്ട് കൈവശം ഉണ്ടല്ലൊ ..രണ്ട് ദിവസം..പിന്നെ നാട്ടിലേക്ക് കയറ്റി വിടും...ഫോൺ കട്ടായി..
നിറകണ്ണുകളോടെ സൗമ്യ കസേരയിൽ ഇരുന്നു ..ഇനിയവൾക്ക് തിരിച്ചു വന്നുകൂടാ...അനധികൃതകുടിയേറ്റക്കാരിലൊരാളായി..പാവം അവളും..ഒരുപാട് സ്വപ്നങ്ങൾ ഇവിടെ ഉപേക്ഷിച്ച് അവൾ മടങ്ങുകാണ്..ഒരു തവണകൂടി എനിക്കൊന്നു കാണാനും പറ്റില്ല.
കടബാധ്യതകളുമായി ഇനി നാട്ടിൽ..അവൾക്ക് കരുത്ത് നൽകണേ എൻെറ ഈശ്വരന്മാരെ....സൗമ്യയ്ക്ക് ആ ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.നിറഞ്ഞൊഴുകിയ കണ്ണുമായി അവൾ മയക്കത്തിലേക്കു വീണു.