ലഹരിയെത്തുന്ന വഴികള്‍
സാജന് പള്ളിമണ്‍
സാജന് പള്ളിമണ്‍
പൊതു ടോയ്ലറ്റുകള് ലഹരി കേന്ദ്രങ്ങള്‍ ആയി മാറുന്നു
പൊതു ടോയ്ലറ്റുകള് മലീമസം ആക്കുന്നത് ഏറെയും ലഹരിപ ദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണ്. മദ്യപിച്ചു കയറി കൃത്യമായി സ്ഥലത്ത് ഉപയോഗിക്കാതെ അലക്ഷ്യമായി മലമൂത്ര വിസര്‍ജനം നടത്തി വൃത്തിഹീനമായി ഇടുന്നത് സ്ഥിരം കാഴ്ചയാണ്. കൊച്ചു കുട്ടികളുമായി വരുന്നവര്‍, അല്ലെങ്കില്‍ അസുഖക്കാരോ, ഇനി നമ്മളാ യാല്‍ തന്നെ അവിടെ കയറിച്ചെല്ലുന്നത് ആലോചിച്ചു നോക്കു. വളരെ ബുദ്ധിമുട്ടേറിയ എത്രയോ അനുഭവങ്ങള്‍ നമുക്കിടയിലുണ്ട്. അതു പോലെതന്നെയാണ് ടോയ്ലറ്റില് കയറി ലഹരിപദാര്‍ത്ഥങ്ങള്‍ ഉപ യോഗിക്കുന്നതും. ടോയ്ലറ്റിനുള്ളില് പലപ്പോഴും മദ്യക്കുപ്പികളും മറ്റ് ലഹരി വസ്തുക്കളും ഉപേക്ഷിക്കുന്നതായി നമ്മുടെ ശ്രദ്ധയില്‍ പ്പെടുന്നു. പിന്നീട് വരുന്നവര്‍ക്ക് എന്തുമാത്രം അസ്വസ്ഥതയാണ് ഇതു മൂലം ഉണ്ടാകുന്നത്. എത്രയോ പേരാണ് പുറത്തേക്കിറങ്ങി ഛര്‍ദിച്ച് ഓടുന്നത്. ഇതൊരിക്കലും സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല. നിയന്ത്രണങ്ങള്‍ കൊണ്ടുവരണം എന്നാണ് എനിക്ക് ഈ എഴുത്തി ലൂടെ പരാമര്‍ശിക്കാന്‍ ഉള്ളത്. പൊതു ഇടങ്ങളിലുള്ള പുകവലി യും മദ്യപിച്ച് കാണിക്കുന്ന കോപ്രായങ്ങളും മറ്റ് ലഹരിവസ്തുക്ക ളുടെ അമിതമായ ഉപയോഗവും തടഞ്ഞേ മതിയാകു. അതിനുവേണ്ടി ഏതൊക്കെ രൂപത്തില്‍ എന്തൊക്കെ ചെയ്യാനാകും എന്നതിലാണ് നമ്മുടെ ചിന്ത പോകേണ്ടത്. ഒരു മാധ്യമ സ്ഥാപനം ലഹരിക്കെതിരെ നടത്തുന്ന വളരെ ധീരമായിട്ടുള്ള പ്രവര്‍ത്തനം നമ്മള് കാണുന്നു. ആ പ്രവര്‍ത്തനത്തെ സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആ മാധ്യമ സ്ഥാപനത്തെ ഹൃദയപൂര്‍വ്വം പ്രശംസിക്കുവാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷ നുകളിലും മറ്റുമാണ് കൂടുതല്‍ ലഹരിയുടെ കൈകടത്തല്‍ ഉള്ളതായി തോന്നുന്നത്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഈ ലഹരിയുടെ കൈമാ റ്റവും വ്യാപനവും തടയുന്നതിന് വേണ്ടി ഏതൊക്കെ തരത്തിലുള്ള ചിന്തകളിലേക്ക് ആണ് നമുക്ക് കടക്കാന്‍ ആകുക എന്ന് നാം ഓരോരു ത്തരും സൂക്ഷ്മതയോടെ വിലയിരുത്തണം. ഇവിടെ കുറ്റം പറയേ ണ്ടത് സര്‍ക്കാര്‍ സംവിധാനത്തെ അല്ല. നമ്മള് പരസ്പരം ആണ് പഴി പറയേണ്ടത്. ഈ സമൂഹത്തെ നന്നാക്കിയെടുക്കാന്‍, ഈ നാടിനെ നന്മയുള്ളതാക്കി മാറ്റാന്‍ നാമോരോരുത്തരും കടമപ്പെട്ടവരാണ്. നമ്മള് ഓരോരുത്തരുടെയും ദൈനംദിനമുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നാടിന്റെ മുന്നോട്ടുള്ള പോക്കിന്,വരും തലമുറയെ വാര്ത്തെ ടുക്കുന്നതിന്, അവരുടെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തുന്ന തിനും സഹായകരമാകുന്നത്. നമ്മളും സര്‍ക്കാര്‍ സംവിധാനത്തോ ടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഇത്തരത്തിലുള്ള ലഹരിയുടെ ഉപയോ ഗത്തെയും അതിന്റെ വ്യാപനത്തെയും തടയിടാന്‍, മറ്റുള്ളവരെ അത് പറഞ്ഞു ബോധ്യപ്പെടുത്താന്‍, എത്രയും വേഗം ബന്ധപ്പെട്ട അധികാ രികളെ അറിയിക്കാനും ഉള്ള ധാര്‍മികമായ ബോധം നമുക്ക് ഓരോരു ത്തര്‍ക്കും ഉണ്ടായിരിക്കണം എന്നും എന്റെ എഴുത്തില്‍ സൂചിപ്പിക്കട്ടെ.
അന്യസംസ്ഥാന സുഹൃത്തുക്കള്‍ ശത്രുക്കളാകുന്നത്
ബസ്സിനുള്ളില്‍ അല്ലെങ്കില്‍ പൊതുഇടങ്ങളില്‍ ഇന്ന് നമ്മള് കൂടുതലും കണ്ടുവരുന്ന ഒരു വിഭാഗം അന്യസംസ്ഥാന തൊഴിലാ ളികളാണ്. അവരോട് എല്ലാ ആദരവും ബഹുമാനവും നിലനിര്‍ത്തി ക്കൊണ്ടുതന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഇവരില്‍ കൂടുതല്‍ പേരും ലഹരി വസ്തുക്കള്‍ വായിലിട്ട് ചവച്ച് ആണ് പൊതു ഇടങ്ങ ളിലും ആള്ക്കാര്ക്കിടയിലൂടെയും നടക്കുന്നത്. ട്രെയിനുള്ളില്പോ ലും അവര്‍ നില്‍ക്കുന്നത് ഇപ്രകാരമാണെന്ന് എനിക്ക് ബോധ്യ പ്പെട്ടിട്ടുണ്ട്. ഇതു മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലു താണ്. എന്തൊരു ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. ഇതു ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലരുടെയും മുഖത്ത് ഞാന്‍ നേരിട്ട് കണ്ടി ട്ടുണ്ട്. അവര്‍ ചവച്ചുകൊണ്ട് സംസാരിക്കുമ്പോള്‍ അവരുടെ അടുത്ത് നില്ക്കുന്ന വരുടെ ദേഹത്ത് അതൊക്കെ തെറിക്കുന്നതും നേരിട്ട് കാണാന്‍ ഇടയായിട്ടുണ്ട്. മറ്റുള്ളവരുടെ മുഖത്തേക്ക് പോലും തെറി ക്കുന്ന സ്ഥിതി ഉണ്ടായിട്ടുമുണ്ട്. അതുപോലെ ട്രെയിനിലെ ടോയ് ലറ്റിനുള്ളില്‍ കയറുമ്പോള്‍ അവിടെയും തുപ്പി ക്ലോസറ്റില്‍ വെള്ളം ഒഴിക്കാതെ മലീമസമായി കിടക്കുന്നത് ശ്രദ്ധിക്കാറുണ്ട്. അതില്‍ കൂടു തല്‍ ട്രെയിനുകളും മറ്റ് സ്റ്റേറ്റ്കളില് നിന്നുള്ളതാണ്. ഇതിനൊന്നും ഒരു പരിഹാരം നാളിതുവരെയും ഉണ്ടായിട്ടില്ല. ഇതൊക്കെ നിസ്സാര മായി കാണുകയാണ്. റെയില്‍വേ അധികാരികളോട് പറഞ്ഞാലും കാര്യമാക്കിയിട്ടില്ല. ഈ ദുര്‍ഗന്ധം ഒട്ടും സുഖകരമല്ല ഇത് എല്ലാവ രിലും തലവേദനയും മറ്റ് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വസ്തുക്കള്‍ ചവച്ചു െകാണ്ട് പൊതുഇടങ്ങളിലും ബസ്സുകളിലും യാത്ര ചെയ്യുന്നതുമൊക്കെ നിരോധിക്കേണ്ട ഒന്നാണ് എന്ന് തോന്നുന്നു. മാത്രമല്ല കേരളം കണ്ട ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ഇത്തരക്കാരുടെ കൈകട ത്തലുകള്‍ ഉണ്ട് എന്നും നമ്മള് തിരിച്ചറിയണം.
മൊബൈല്‍ ഫോണ്‍ ഒരു ലഹരി
ലഹരിക്കെതിരെ ഞാനൊരു എഴുത്ത് യുദ്ധം പ്രഖ്യാപി ക്കുമ്പോള് ഇത് പറയാതെ പോകുന്നത് ശരിയല്ല. നമ്മുടെ നിത്യജീ വിതത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒരു വസ്തുവായി മൊബൈല്‍ ഫോണ്‍ മാറി കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഫോണ്‍ വല്ലാത്തൊരു ലഹരിയായി ഇക്കാലത്ത് നിറഞ്ഞുനില്‍ക്കുകയാണ്. മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിലൂടെ മാനവരാശി ആകെ പെട്ടി രിക്കുന്നു. ഇതു എങ്ങനെ ഉപയോഗിക്കണം എന്നതാണ് നമ്മള് ഓരോരുത്തരും പഠിക്കേണ്ടത്. ഇന്ന് ജനിക്കുന്ന കുഞ്ഞും മൊബൈല്‍ ഫോണ്‍ കണ്ടാണ് വളരുന്നത്. കുഞ്ഞിന്റെ കരച്ചില് അടക്കാന്‍ മൊ ബൈല്‍ ഫോണ്‍ കൊടുക്കുകയും അങ്ങനെ കരച്ചില് അടക്കി കിടക്കുന്ന കുട്ടിയ്ക്ക് പിന്നീട് കരച്ചിലേ ഇല്ലാതാകുകയും രക്ഷിതാ ക്കള്‍ കരയുകയും ചെയ്യുന്ന കാഴ്ച്ച നാം കണ്ടു കൊണ്ടിരിക്കുന്നു. കുട്ടികളുടെ മനോനിലയെ മാറ്റുന്ന ഉപകരണത്തിന്റെ പേരും മൊ ബൈല്‍ ഫോണ്‍ എന്ന് തന്നെയാണ്. സുഖമായി സന്തോഷത്തോടെ ജീവിച്ചുവരുന്ന കുടുംബത്തിനിടയിലേക്ക് വില്ലനായി കടന്നുവരുന്ന ലഹരിയുടെ പേര് മൊബൈല്‍ ഫോണ്‍ ആണ്. ഇതിന്റെ ഉപയോഗം ശ്രദ്ധിച്ചുവേണം എന്ന് പറയുന്നതിന്റെ പ്രധാന കാരണം നമ്മുടെ കുടുംബം ശിഥിലമാക്കാന്‍ ഇത് കാരണമാകും എന്നതാണ്. ലഹരി യിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നതിന്റെ പ്രധാന കണ്ണിയും ഏതൊരു കള്ളക്കടത്തിന്റെയും പിടിച്ചുപറിക്കലിന്റെയും പ്രധാന ഉപാ ധിയും മൊബൈല്‍ ഫോണ്‍ ആണ്. ഇനിയോ ഏതൊരു പ്രധാന കുറ്റത്തിന്റെയും നിര്‍ണായക തെളിവുകള്‍ ശേഖരിച്ചിരിക്കുന്ന ഉപകര ണത്തിന്റെ പേരും മൊബൈല്‍ ഫോണ്‍ എന്നാണ്. ഫോണുമായി നമ്മള് ഏതു ദിക്കിലേക്ക് പോയാലും എവിടെയാണെന്ന് കണ്ടു പിടിക്കാന്‍ ഇന്നത്തെ സാങ്കേതിക സംവിധാനത്തിന് പറ്റും. എന്നാല്‍ ഇതിന്റെ പോസിറ്റീവ് തലങ്ങള്‍ ഒന്നുമറിയാതെ, ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഒന്നുമറിയാതെ, വാട്സ് ആപ്പ്, എഫ്ബി, ഇന്‍സ്റ്റഗ്രാമും ഉപയോഗിച്ച് അതിലൂടെയൊക്കെ ആരെ യൊക്കെയോ പരിചയപ്പെട്ട് ഒന്ന് നേരില്‍ കാണുക പോലും ചെയ്യാ തെ അവരോട് സൗഹൃദത്തിലായി പിന്നീട് അത് പ്രേമമായി കാമമായി ലൈംഗികമായ വിഷയത്തിലേക്ക് പോയി ജീവിതം തുലയ്ക്കുന്ന ഒരു പാട് പേര് നമുക്ക് ചുറ്റിലുമുണ്ട്. അതുകൊണ്ടാണ് പ്രിയപ്പെട്ട വരെ, എന്റെ എഴുത്തില്‍ ഞാന്‍ ഇതും പങ്കുവയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ പലപ്പോഴും വില്ലനാണ്. ഇതുപയോഗിക്കുന്ന നമ്മുടെ കുട്ടി കളെ ശ്രദ്ധിക്കണം, വീട്ടുകാരെ ശ്രദ്ധിക്കണം, പറ്റുമെങ്കില്‍ നമുക്ക് ചുറ്റിലുമുള്ള കൂട്ടുകാരെയും. ഉപദേശിച്ച് ദുരുപയോഗം മാറ്റിയെടു ക്കണം. കണ്ടില്ലെന്ന് നടിക്കരുത്.
സാജന് പള്ളിമണ്‍ രചിച്ച "ലഹരിക്കെതിരെ ഒരു എഴുത്തുയുദ്ധം" എന്ന കൃതി നെപ്ട്യൂണ്‍ ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു.
ഗംഗോത്രിയുടെ ആത്മാവിലൂടെ
ലിഷ അറപ്പുരയില്‍
ചാർധാം തീർത്ഥയാത്രയിൽ ഉൾപ്പെടുന്ന ഗംഗോത്രിയിലേയ്ക്കുളള യാത്ര അപ്രതീക്ഷിതമായി കൈവന്ന സൗഭാഗ്യമായിരുന്നു. ഋഷികേശിലെ വേദനികേതൻ ആശ്രമത്തിൽ വച്ച് 2025 സെപ്റ്റംബർ 26 മുതൽ 29 വരെ നടന്ന ആർട്ട് ഓഫ് ലിവിംഗ് അഡ്വാൻസ് മെഡിറ്റേഷൻ കോഴ്സിനു മുന്നോടിയായി കേരളത്തിൽ നിന്നുമെത്തിയ ഞങ്ങൾ 25 പേരടങ്ങുന്ന സംഘത്തിന് സെപ്റ്റംബർ 22 മുതൽ 25 വരെയുളള ദിവസങ്ങളിൽ പുരാണപ്രസിദ്ധമായ യമുനോത്രിയുടെയും ഗംഗോത്രിയുടെയും പാവനഭൂമിയിൽ പ്രവേശിക്കുവാനുളള ഭാഗ്യം ലഭിച്ചു. മെയ് മുതൽ സെപ്റ്റംബർ വരെയുളള കാലമാണ് ചാർധാം തീർത്ഥാടനകാലം. ബാക്കിസമയങ്ങളിൽ ഈ പ്രദേശങ്ങളെല്ലാം കനത്ത മഞ്ഞിന്റെ പുതപ്പിനുളളിൽ സുഷുപ്തിയിലാണ്ടു കിടക്കും. കേദാറും ബദരിയുമാണ് ചാർധാം തീർത്ഥാടനത്തിലെ മറ്റു രണ്ടു പുണ്യ ക്ഷേത്രങ്ങൾ.
ഭാരതത്തിന് റെപുരാണേതിഹാസങ്ങളുടെ ഓരോ ശ്വാസത്തിലും ഗംഗാനദിയുടെ പവിത്രത അലിഞ്ഞു ചേർന്നിരിക്കുന്നു. ഭാഗീരഥിയായി ഉദ്ഭവിച്ച്, യമുനയോടു കൂടിച്ചേർന്ന്, തിരതല്ലിയൊഴുകുന്ന പാവനതയായി ഗംഗ ഉത്തരഭാരതത്തിലെ എല്ലാ പുണ്യ നഗരികളുടെയും സുകൃതം ആവാഹിച്ച് സമുദ്രത്തിൽ ലയിക്കുന്നു.
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഉത്തരകാശി ജില്ലയിൽ ടിബറ്റിനോട് ചേർന്നുളള ഭാഗത്താണ് ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനികളിൽ ഒന്നായ ഗംഗോത്രി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും പതിനായിരത്തിലധികം അടി ഉയരം വരും. ഏകദേശം മുപ്പത് കിലോമീറ്റർ നീളവും 4 കിലോമീറ്ററോളം വീതിയുമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ആഗോളതാപനം മൂലം ഈ ഹിമാനിയുടെ വിസ്തീർണം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഗംഗോത്രിയിലേക്കുളള പ്രവേശനകവാടത്തിലാണ് ക്ഷേത്രം ഉൾപ്പെടുന്ന ഗോമുഖ് എന്ന തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഗംഗോത്രി ഹിമാനിയുടെ അറ്റത്തിന് പശുവിന്റെ വായയോട് സാമ്യമുളളതിനാലാണത്രേ ഈ പേരു ലഭിച്ചത്. ഇവിടെയാണ് ഭാഗീരഥിനദിയുടെ ഉത്ഭവസ്ഥാനം.
ഐതിഹ്യപ്രകാരം രാജാവായ ഭഗീരഥൻ തന്റെ പൂർവ്വികരുടെ പാപങ്ങൾക്കു പ്രായശ്ചിത്തമായി ഗംഗാനദിയെ ഭൂമിയിലേയ്ക്കു കൊണ്ടുവരുവാനായി കഠിനമായി തപസു ചെയ്തു. രാജാവിന്റെ ഭക്തിയിൽ സംപ്രീതയായ ഗംഗാദേവി സ്വർഗത്തിൽ നിന്നും ഭൂമിയിലേയ്ക്ക് കുതിച്ചൊഴുകി. ആ പ്രവാഹം താങ്ങാനുളള ശേഷി ഭൂമിദേവിക്ക് ഇല്ലായെന്നു കണ്ട ശിവഭഗവാൻ തന്റെഹ തിരുജടയിൽ ഗംഗാജലത്തെ തടഞ്ഞുനിർത്തി ഭൂമിയിലേയ്ക്ക് മെല്ലെയൊഴുകാൻ അനുവദിച്ചു. ഗംഗാനദി ഭൂമിയിൽ പതിച്ച സ്ഥലത്താണ് ഗംഗോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്നും ഭാഗീരഥിയായി തുടങ്ങുന്ന പ്രവാഹം പ്രയാഗ് രാജിൽ വച്ച് യമുനയുമായി സംഗമിച്ച് ഗംഗാദേവിയായി ഭാരതഹൃദയത്തിലേക്ക് കുതിക്കുന്നു, ദശലക്ഷക്കണക്കിനു വരുന്ന ഭാരതജനതയുടെ അന്നപാനാദികളായി.
യമുനോത്രിയിലെ മലകയറ്റത്തിനു ശേഷം തിരിച്ചെത്തിയ ഞങ്ങൾ ഉച്ചതിരിഞ്ഞ് 3 മണിയോടെ ഉത്തരകാശിക്കു പുറപ്പെട്ടു. ഞങ്ങളുടെ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപു തന്നെ മഴയുടെ താണ്ഡവം അവസാനിച്ചിരുന്നത് ആശ്വാസമായി. പക്ഷെ യാത്രയിലുടനീളം ഹിമാലയൻ മലനിരകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തിന്റെ ഭയാനകമായ കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. മഴക്കാലത്ത് മലനിരകൾ ഇടിഞ്ഞു വീഴുന്നത് പതിവായിരിക്കുന്നു. ഒരു വീടിനോളം വലിപ്പമുളള ഭീമാകാരമായ പാറകൾ മലയിടിഞ്ഞ് റോഡിലേയ്ക്ക് വീണുകിടക്കുന്ന കാഴ്ചകൾ നടുക്കമുണർത്തി. പലയിടത്തും റോഡിലെ കല്ലും മണ്ണും നീക്കുന്ന ജെസിബികൾ പണിയെടുക്കുന്നുണ്ട്. താഴ്വരകളുടെ നിഗൂഢമായ അഗാധതയിലേയ്ക്ക് റോഡ് ഇടിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഭയസംഭീതരായി നോക്കിയിരുന്നു. 2013ലെ ഭീകരമായ മഴയും വെളളപ്പൊക്കവും ഗംഗോത്രി ഉൾപ്പെടുന്ന ഹിമാലയൻ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. രാത്രി 9 മണിയോടടുത്ത് ഉത്തരകാശിയിലെത്തി. ഭാഗീരഥി റസിഡൻസി എന്ന ഹോട്ടലിലാണ് താമസം ഒരുക്കിയിരുന്നത്.
പിറ്റേന്നു രാവിലെ ഏഴരയ്ക്ക് മൊരിച്ച ബ്രഡും ജാമും ചേർന്ന പ്രാതലിനു ശേഷം ഞങ്ങൾ രണ്ടു ചെറിയ ബസുകളിലായി പുറപ്പെട്ടു. യമുനോത്രിയിലെ അനുഭവത്തിൽ നിന്നും പകൽ അധികം തണുപ്പുണ്ടാവില്ലെന്നു മനസിലായതിനാൽ സാധാരണ വേഷത്തിലാണ് മിക്കവരും പുറപ്പെട്ടത്. സമ്മിശ്രവികാരങ്ങളാണ് ഈ യാത്ര ഉണർത്തുന്നത്. നിബിഡമായി വളർന്നു നിൽക്കുന്ന പൈൻമരങ്ങളും ദേവദാരു വൃക്ഷങ്ങളും അതിരിടുന്ന അഴകാർന്ന താഴ്വരകളിലൂടെ ഗംഗ സ്ഫടികസമാനയായി ഒഴുകുന്നു. പട്ടണങ്ങളിലെ മാലിന്യവാഹിയായ നദിയല്ല ഇവിടെ. പ്രകൃതിയുടെ സമസ്ത വിശുദ്ധിയോടെയും, അതിരിടുന്ന പ്രൗഢോജ്ജ്വലമായ ഗിരിശൃംഗങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങിയും അവൾ ഗംഗാമാതാവായി പരിണമിച്ചൊഴുകുന്നു.
ഒരു സ്ഥലമെത്തിയപ്പോൾ വളരെ ദൂരം സമൃദ്ധമായി ആപ്പിൾമരങ്ങൾ അംഗോപാംഗം പച്ചയും ചുവപ്പും പഴങ്ങൾ ചൂടി നിൽക്കുന്ന കാഴ്ചയിൽ ഞങ്ങൾ ആഹ്ളാദം കൊണ്ടു. തിരികെ വന്നപ്പോൾ ഗൈഡിന്റെ സഹായത്താൽ കിലോക്ക് 50 മുതൽ 100 രൂപ വരെ ആപ്പിൾ എല്ലാവരും വാങ്ങി. ഇത്ര പുതുമയോടെ ആപ്പിൾ കഴിക്കുന്നത് ആദ്യമായായിരിക്കും.
കണ്ണീരുതിർത്തിയ കാഴ്ചകളും കാണേണ്ടി വന്നു. ഉരുൾപൊട്ടലിൽ പൂർണ്ണമായും ഒലിച്ചുപോയ ധരാലി എന്ന ഗ്രാമത്തിലൂടെയുളള യാത്ര ബസിനുളളിലെ ഊഷ്മളമായ അന്തരീക്ഷത്തെയും അതുവരെയുളള ഉല്ലാസത്തെയും കെടുത്തിക്കളഞ്ഞു. മലയിടിഞ്ഞ് ഒഴുകിയെത്തിയ പടുകൂറ്റൻ പാറകൾക്കടിയിൽ ഒരു ഗ്രാമം ഞെരിഞ്ഞമർന്നു കിടക്കുന്നു. എത്രയോ ശരീരങ്ങൾ അതിനടിയിൽ ഉണ്ടാകുമെന്ന ചിന്തയിൽ ഞങ്ങൾ മൂകരായിരുന്നു. മൂന്നോ നാലോ വീടുകൾ ചിലഭാഗങ്ങളിൽ അസ്ഥികൂടം പോലെ അവശേഷിച്ചിട്ടുണ്ട്. ഒരു വശത്തു നിർത്തിയിട്ട ട്രക്കിൽ നിന്നും ജനങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നു. റോഡിന്റെ വശങ്ങളിലായി ചെറിയ കൂടാരങ്ങൾക്കുളളിൽ മരവിച്ച മുഖത്തോടെ സ്ത്രീകളും കുട്ടികളും. പാറക്കഷണങ്ങൾ ഏറേദൂരത്തോളം നദിയുടെ പകുതിയിലധികം ഭാഗത്തെയും മൂടി നിരന്നു കിടന്നു. രണ്ടു കൊല്ലം മുൻപ് നമ്മുടെ വയനാടിനു സംഭവിച്ച ദുരന്തത്തെപ്പറ്റി ഓർത്തുപോയി.
ഗംഗോത്രിയിൽ ക്ഷേത്രത്തിനു സമീപം വരെ ബസ് ചെല്ലും. മൂന്നു മണിക്കു മുൻപായി തിരികെ പോകണമെന്നു നിഷ്കർഷയുണ്ട്. കഴുത്തിലണിഞ്ഞ ഐഡി കാർഡ് സ്കാൻ ചെയ്തതിനു ശേഷം ഇരുവശത്തുമുളള കടകൾക്കിടയിലൂടെ മുന്നോട്ടു നടന്നു. ഈ സ്കാനിംഗ് മുഖേന ഗംഗോത്രി സന്ദർശിച്ചതായി ഉത്തരാഖണ്ഡ് സർക്കാരിന്റെ വക ചെറിയൊരു സർട്ടിഫിക്കറ്റ് നമുക്കു പിന്നീട് കിട്ടും. ഗംഗാജലം ശേഖരിച്ചുകൊണ്ടുപോകാനാവശ്യമായ വലുതും ചെറുതുമായ പ്ലാസ്റ്റിക് ക്യാനുകൾ എല്ലാ കടകളിലും നിരത്തിവച്ചിട്ടുണ്ടായിരുന്നു.
ക്ഷേത്രത്തിനു പിറകിൽ ഭാഗീരഥിയുടെ ദൂരക്കാഴ്ച ഞങ്ങളെ ആവേശഭരിതരാക്കി. ക്ഷേത്രത്തിൽ പിന്നീടു തൊഴാമെന്നു തീരുമാനിച്ച് ഞങ്ങൾ ധൃതിയിൽ നടന്നു. സ്വപ്നസമാനമായ കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. ദൂരെ മഞ്ഞുമൂടിയ ഭാഗീരഥീ പർവ്വതം സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നു. ചുറ്റിലും വിവിധ വർണ്ണങ്ങളിൽ പർവ്വതനിരകൾ. ചിലത് ഇരുണ്ടും ചിലത് പച്ചപുതച്ചും. ക്ഷേത്രത്തിനു സമീപമുളള പർവ്വതനിരകളുടെ മുകളറ്റം മേഘമാലകളോളം ഉയർന്നു കിടന്നു. അത്രയും അടുത്തു നിന്നുളള കാഴ്ച വിസ്മയാവഹമായിരുന്നു. തികച്ചും ആശ്ചര്യജനകമായിരുന്നു ആ പർവ്വതമാലകളുടെ ശിലാഘടന. മഞ്ഞ കലർന്ന തവിട്ടുനിറമുളള ചെറിയ ശിലകൾ ചെത്തിയൊരുക്കി അടുക്കിയതു പോലെ രൂപം കൊണ്ടിരിക്കുന്ന അപൂർവ്വ സൃഷ്ടി. അനിർവചനീയമായത്. ഈശ്വരനാണ് ഏറ്റവും മികച്ച കലാകാരൻ എന്നതിന് ഉത്തമദൃഷ്ടാന്തം. ഹിമാലയൻ മേഖലകളിലുടനീളം പർവ്വതങ്ങൾക്ക് ഇങ്ങനെ അത്ഭുതകരമായ വൈവിധ്യമാണുളളത്.
ഭാഗീരഥിയുടെ അടുത്തേയ്ക്കെത്താൻ ഒരൽപ്പം കഷ്ടപ്പെടേണ്ടിവന്നു. വെളളമിറങ്ങിക്കിടക്കുന്ന ഭാഗം മുഴുവൻ പല വലിപ്പത്തിലുളള പാറക്കല്ലുകളാണ്. കൂർത്തുമൂർത്തതോ പരുക്കനോ ഒന്നുമല്ല. അനാദികാലം മുതലുളള ജലപ്രവാഹത്തിന്റെ തഴുകലേറ്റ് അവ വളരെ മിനുസമുളള ഉരുളൻ കല്ലുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഞങ്ങൾ വളരെ ശ്രദ്ധിച്ച് കാലുതെറ്റാതെ നടന്നു നദിക്കരികിലെത്തി. അതിശക്തമായ ഒഴുക്ക്. മഞ്ഞിന്റൊ തണുപ്പുളള വെളളം. പാറകളിൽ തട്ടിത്തെറിച്ചും ആർത്തുചിരിച്ചും അതിവേഗതയിലുളള പ്രവാഹം. മുങ്ങിനിവരാനുളള അത്യാഗ്രഹത്തോടെ ഇറങ്ങിയെങ്കിലും ശരീരം നനച്ച് പെട്ടെന്നു തിരികെക്കയറി. മരവിച്ചു പോകുന്ന തണുപ്പാണ്. കൊതി തീരാതെ വീണ്ടും ഇറങ്ങിയും വെളളം തെറിപ്പിച്ചും ഞങ്ങൾ അപൂർവ്വമായ ആ നിമിഷങ്ങളിൽ പൂർണമായും മുഴുകി. ഭക്തിപുരസരം ദേവിക്കു പ്രണാമങ്ങൾ അർപ്പിച്ചു. ഒരു ചെറിയ കുപ്പിയിൽ ഗംഗാജലം ശേഖരിക്കുവാനും മറന്നില്ല. ഹിമനിരകളിൽ നിന്നു നേരിട്ട് ഒഴുകിവരുന്ന പവിത്രമായ തീർത്ഥജലമാണത്.
ക്ഷേത്രദർശനം കഴിഞ്ഞ് തൊട്ടടുത്തുളള ഹോട്ടലിൽ നിന്നും ഉത്തരേന്ത്യൻ താലി മീൽ കഴിച്ചു. ചോറിനും ചപ്പാത്തിക്കുമൊപ്പം എന്തെല്ലാം കറികളാണ്. പനീർമസാലയും പരിപ്പുകറിയും കൂടാതെ മട്ടർ, കൂൺ, ഉരുളക്കിഴങ്ങ് എന്നിവയൊക്കെ ചേർത്ത സബ്ജിയും തൈരുമുണ്ട്. വലിയൊരു ചുട്ട പപ്പടവും. മനസു പോലെ വയറും പെട്ടെന്നു നിറഞ്ഞു.
ജീവിതം നമുക്കായി ചില വിസ്മയങ്ങൾ കാത്തുവച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഞാൻ കൊച്ചുകേരളത്തിൽ നിന്നും ഇന്ത്യയുടെ അതിർത്തിപ്രദേശത്തുളള ഗംഗോത്രിയിൽ എത്തിയതു പോലെ. അവയെ നിറവോടെ സ്വീകരിക്കുക മാത്രം ചെയ്താൽ മതി. അതിമനോഹരമായ, പ്രൗഢമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ് ഭാരതം. അതെ, ഇന്ത്യ എന്ന വിസ്മയം. വല്ലപ്പോഴും തിരക്കുകളിൽ നിന്നും വിട്ട് ഇത്തരം ഭൂഭംഗികളിൽ, പ്രശാന്തതയിൽ ലയിക്കുകയെന്നത് നമ്മുടെ തളർന്ന മനസിൽ അപാരമായ ഊർജ്ജം നിറയ്ക്കും. അതിനായി ആഗ്രഹിക്കുന്നവർക്കെല്ലാം അതിനുളള ഭാഗ്യമുണ്ടാകട്ടെ.
രാജേഷ് എ.ആര്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി 2023 ജനുവരി 19-ന് പുറത്തിറങ്ങിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. പ്രശസ്ത എഴുത്തുകാരനായ എസ്. ഹരീഷിന് റെ തിരക്കഥ ഈ സിനിമയെ കൂടുതൽ സവിശേഷമാക്കുന്നു. 2022 ഡിസംബറിൽ നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടിയിരുന്നു. അശോകൻ, രമ്യ പാണ്ഡ്യൻ എന്നിവരടക്കം നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ടെങ്കിലും, ജയിംസ്, സുന്ദരം എന്നീ വ്യത്യസ്ത കഥാപാത്രങ്ങളായി മാറിയുള്ള മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
ഈ സിനിമയുടെ ഓരോ ദൃശ്യവും, പശ്ചാത്തലത്തിൽ കേൾക്കുന്ന സംഭാഷണങ്ങളും, ഗാനങ്ങളും, ടിവി പരസ്യങ്ങളും എല്ലാം സിനിമയുടെ കഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധയോടെ കണ്ടാൽ മാത്രമേ ഈ സൂക്ഷ്മമായ വിശദാംശങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ, ഒറ്റത്തവണ കണ്ടാൽ പൂർണ്ണമായി ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒരു കലാസൃഷ്ടിയാണിത്.
സിനിമ ഒരു ആസ്വാദനം മാത്രമല്ല, ഒരു അനുഭവം കൂടിയാണ്
സിനിമ വെറും വിനോദത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് വിശ്വസിക്കുന്ന പലർക്കും ഈ സിനിമയുടെ വേഗം കുറഞ്ഞ ആഖ്യാനം ഒരു 'ലാഗിങ്ങ്' അനുഭവമായി തോന്നിയേക്കാം. സോഷ്യൽ മീഡിയയിൽ പലരും ഈ സിനിമ കാണുമ്പോൾ ഉറങ്ങിപ്പോയെന്ന് കുറിച്ചത് നാം കണ്ടിട്ടുണ്ട്. എന്നാൽ, സിനിമയെ ഒരു കലാസൃഷ്ടിയായി സമീപിക്കുമ്പോൾ ഈ 'ലാഗ്' ഒരു ഗുണപരമായ മുഷിപ്പായി മാറും.
സാഹിത്യവിമർശകനായിരുന്ന കെ.പി. അപ്പൻ, മാർസെൽ പ്രൂസ്റ്റിന്റെ 'പൊയ്പോയ കാലത്തെക്കുറിച്ചുള്ള സ്മരണ' എന്ന കൃതി വായിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇവിടെ ഓർമ്മിക്കാം. ആദ്യ വായനയിൽ കഠിനമായ മുഷിപ്പ് തോന്നിയെങ്കിലും, പിന്നീട് ആ കലാസൃഷ്ടിയുടെ ഗുണപരമായ മുഷിപ്പിനെ അന്വേഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയും അത്തരമൊരു അനുഭവമാണ് കാഴ്ചക്കാർക്ക് നൽകുന്നത്. ഈ 'മുഷിപ്പിൽ' തളരാതെ മുന്നോട്ട് പോയാൽ, ഓരോ ദൃശ്യത്തിലും ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളും അർത്ഥങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും.
ഈ അന്വേഷണം പൂർത്തിയാവണമെങ്കിൽ, സിനിമയെക്കുറിച്ച് മാത്രമല്ല, അത് സൃഷ്ടിച്ച കലാകാരനെയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പരിസരങ്ങളെയും കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു പുസ്തകവായനപോലെ ദിവസങ്ങളോളം ഒരു സിനിമയെ പിന്തുടർന്ന് പഠിച്ചപ്പോൾ ലഭിച്ച ആത്മസംതൃപ്തി, ഒരു ഗണിതപ്രശ്നം പരിഹരിച്ച ഒരു വിദ്യാർത്ഥിയുടെ സംതൃപ്തിക്ക് തുല്യമാണ്.
സ്വത്വത്തെ തേടിയുള്ള ഒരു യാത്ര
മനുഷ്യന്റെ ജീവിതം തന്നെ ഒരു യാത്രയാണ്. പുരാതന ഗ്രീക്ക് തത്വചിന്തയിൽ പറയുന്ന 'ലാബെറിന്ത്' എന്ന ചുറ്റുവഴി കോട്ടയിൽ നിന്ന് പുറത്തുകടക്കാനുള്ള പ്രേരണയാണ് യാത്രയെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. മനശാസ്ത്രപരമായി, ഗർഭപാത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യന്റെ ഉപബോധമനസ്സിൽ അമ്മയെ തേടിയുള്ള അലച്ചിലാണ് യാത്രയെന്നും പറയുന്നു. മനുഷ്യൻ എന്നും സ്വന്തം വേരുകളെയും സ്വത്വത്തെയും അന്വേഷിക്കാൻ ആഗ്രഹിക്കുന്നു.
ഈ സിനിമയിലെ ജയിംസിന്റെ യാത്രയും അത്തരത്തിൽ സ്വന്തം വേരുകളിലേക്കുള്ള ഒരു അന്വേഷണമാകാം. പോർച്ചുഗീസുകാരുടെ സ്വാധീനം വ്യക്തമായി കാണിക്കുന്ന ചവിട്ടുനാടകങ്ങളിലടക്കം തമിഴ് ഭാഷയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. കേരളത്തിലെ ചില ക്രൈസ്തവ സമൂഹങ്ങൾ തമിഴ്നാട്ടിൽ നിന്ന് കുടിയേറിയവരായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിതാവും തിലകനും ചേർന്ന് നടത്തിയിരുന്ന നാടകസംഘം വേളാങ്കണ്ണിയിലേക്ക് സ്ഥിരമായി തീർത്ഥയാത്ര നടത്തിയിരുന്നുവെന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രപരമായ പശ്ചാത്തലം ജയിംസ് എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ സംവിധായകൻ ഉപയോഗിച്ചിരിക്കാം. അതുകൊണ്ട് ജയിംസിൻ്റെ വേളാങ്കണ്ണി യാത്ര കേവലം ഒരു തീർത്ഥാടനമല്ല, മറിച്ച് സ്വന്തം വേരുകൾ തേടിയുള്ള ഒരു ആന്തരിക യാത്രയാണ്.
സ്വപ്നമോ, പരകായപ്രവേശമോ?
സിനിമ കണ്ട പലരെയും ആശയക്കുഴപ്പത്തിലാക്കിയ ചോദ്യമാണ്: ജയിംസ് കണ്ടതൊരു സ്വപ്നമാണോ, അതോ സുന്ദരമായി മാറിയത് ഒരു പരകായപ്രവേശമാണോ? ഇതിന് രണ്ട് പ്രധാന വാദങ്ങളുണ്ട്.
1.സ്വപ്നമെന്ന വാദം:
ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ' എന്ന സിനിമയിലെപ്പോലെ, ജയിംസിൻ്റെ സ്വപ്നത്തിലേക്ക് മറ്റുള്ളവരുടെ സ്വപ്നങ്ങൾ കടന്നുവരികയും അതുവഴി ജയിംസ് സുന്ദരമായി മാറുകയും ചെയ്യുന്നു. തമിഴ് പാട്ടുകൾ ഇഷ്ടമില്ലാത്ത ജയിംസ്, സുന്ദരമായി മാറുമ്പോൾ തമിഴ് പാട്ടുകൾക്ക് നൃത്തം ചെയ്യുന്നു. ഭാര്യയോടും മകനോടും സ്നേഹം പ്രകടിപ്പിക്കാത്ത ജയിംസ്, സുന്ദരമായി മാറുമ്പോൾ ഭാര്യയെയും മകളെയും സ്നേഹിക്കുന്നയാളായി മാറുന്നു. ഈ മാറ്റങ്ങൾ സ്വപ്നമെന്ന വാദത്തിന് ബലം നൽകുന്നു.
2.പരകായപ്രവേശമെന്ന വാദം:
ദുർമരണം സംഭവിച്ച സുന്ദരത്തിൻ്റെ ആത്മാവ് ജയിംസിലേക്ക് പ്രവേശിച്ചുവെന്ന് ഈ വാദം പറയുന്നു. പാടത്ത് നോക്കിനിൽക്കുന്ന കർഷകൻ, ജയിംസിൻ്റെ നിഴൽ സുന്ദരത്തിൻ്റേതുപോലെ തോന്നുന്നത്, ആഹാരം വിളമ്പുമ്പോൾ ബലിക്കാക്കയായി മാറുന്ന ഫ്രെയിം, ക്ലൈമാക്സിലെ ഓടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം എന്നിവ ഈ വാദത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉണർച്ചയും പുനർജനിയും
തിരുവള്ളുവരുടെ പ്രസിദ്ധമായ ഒരു വാക്യം ഈ സിനിമയുടെ കാമ്പാണ്: "ഉറക്കം മരണവും, ഉറക്കത്തിൽനിന്നും എഴുന്നേൽക്കുന്നത് ഒരു പുതുപിറവിയുമാണ്". ബസിൽ യാത്ര ചെയ്യുന്ന എല്ലാവരും ഉറങ്ങുമ്പോൾ ജയിംസ് ഉണരുന്നു. അതൊരു പുതിയ മനുഷ്യന്റെ ഉണർച്ചയാണ്. ഉപബോധമനസ്സിലെ പ്രേരണയാൽ അയാൾ ബസിൽനിന്ന് ഇറങ്ങി നടക്കുമ്പോൾ, അയാളുടെ ബാഹ്യസ്വഭാവങ്ങൾ അപ്രത്യക്ഷമാകുന്നു. തമിഴ് സിനിമകളുടെയും പാട്ടുകളുടെയും ആരാധകനായി അയാൾ മാറുന്നു. ഇത് അയാളുടെ ആന്തരികമായ സ്വത്വം പുറത്തുവരുന്നതിൻ്റെ സൂചനയാണ്.
ജയിംസ് ബസിൽനിന്ന് ഇറങ്ങി നടക്കുമ്പോൾ ഫ്രെയിമിൽ ഒരു ആൽമരം കാണിക്കുന്നത്, നഷ്ടപ്പെട്ട ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരിക്കാം. അതുപോലെ ഉണങ്ങിയ ചാണകം ഭിത്തിയിൽ തേക്കുന്ന അമ്മയുടെ ദൃശ്യം ദ്രാവിഡ സംസ്കൃതിയുടെ ഭാഗമായ മൃതദേഹം ദഹിപ്പിക്കാൻ ചാണകം ഉപയോഗിച്ചിരുന്ന ആചാരത്തെ ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം ജയിംസ് സുന്ദരമായി മാറുന്നത് ഒരു 'പരകായപ്രവേശം' മാത്രമല്ല, ദ്രാവിഡ ഗോത്രത്തിൻ്റെ വേരുകളിലേക്കുള്ള ഒരു ആത്മീയമായ മടങ്ങിപ്പോക്ക് കൂടിയാണെന്ന് സൂചിപ്പിക്കുന്നു.
സ്വത്വ പ്രതിസന്ധിയുടെ ആവിഷ്കാരം
സ്വന്തം വേരുകൾ തേടിയെത്തിയ ജയിംസ് സുന്ദരമായി മാറിയപ്പോഴും, അയാളുടെ ബാഹ്യരൂപം നാട്ടുകാർക്ക് അപരിചിതമായി തുടർന്നു. ഈ സ്വത്വ പ്രതിസന്ധി ('Identity Crisis') വളരെ ലളിതമായി എന്നാൽ ശക്തമായി മമ്മൂട്ടി അവതരിപ്പിക്കുന്നു. "നാൻ ഇന്ത ഊർക്കാരൻ, നാൻ, ഇങ്ക വിട്ടു എങ്കയും പോക മാട്ട" ("ഞാൻ ഈ നാട്ടുകാരനാണ്, ഞാൻ ഇവിടെ നിന്ന് എങ്ങും പോകില്ല") എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിലൂടെ, തന്റെ വേരുകളോടുള്ള ആഴമായ ബന്ധം ജയിംസ് വെളിപ്പെടുത്തുന്നു.
ഈ സ്വത്വ പ്രതിസന്ധി ഏറ്റവും മനോഹരമായി ആവിഷ്കരിക്കുന്നത്, കണ്ണാടിയിൽ നോക്കി സ്വന്തം രൂപം കണ്ട് ഞെട്ടുന്ന രംഗമാണ്. ആന്തരികമായി സുന്ദരമായി മാറിയ അയാൾക്ക്, ബാഹ്യരൂപത്തിൽ ജയിംസായി തുടരേണ്ടിവരുന്നത് ഒരു വലിയ മാനസിക സംഘർഷമാണ്. ഈ രംഗത്തിൽ മമ്മൂട്ടിയുടെ പ്രകടനം അതിമനോഹരമാണ്. ഈ അഭിനയമികവ് ഒരു ഓസ്കാർ പുരസ്കാരം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
രാഷ്ട്രീയവും ദ്രാവിഡസംസ്കൃതിയും
നൻ പകൽ നേരത്ത് മയക്കം ഒരു രാഷ്ട്രീയ ചിത്രം കൂടിയാണ്. സിന്ധുനദീതട സംസ്കാരത്തിനു ശേഷം ദ്രാവിഡ സംസ്കാരത്തിൽ ആര്യന്മാർ ആധിപത്യം സ്ഥാപിച്ചതും, വൈദിക മതം പ്രാദേശിക ആരാധനാ സമ്പ്രദായങ്ങളിൽ ലയിച്ചതും സിനിമയിൽ സൂചനയായി കാണിക്കുന്നു. വിശ്വാസിയല്ലാതിരുന്ന ജയിംസ് സുന്ദരമായി മാറുമ്പോൾ, അയാൾ ഒരു വിശ്വാസിയായി മാറുന്നു. കൃഷിയിടത്തിനടുത്തുള്ള ചെറിയ കോവിലിൽ തൊഴുന്നത് ദ്രാവിഡ ഗോത്രസംസ്കാരത്തോടുള്ള ആഭിമുഖ്യം കാണിക്കുന്നു.
എന്നാൽ, പിറ്റേദിവസം അതേ സ്ഥലത്ത് കാട് വെട്ടിത്തെളിച്ച് വലിയ ക്ഷേത്രം പണിയുന്നത് കാണുമ്പോൾ സുന്ദരം പരിഭ്രാന്തനാകുന്നു. ഇത് ദ്രാവിഡ ഗോത്ര സംസ്കാരത്തിനുമേൽ ആര്യ സംസ്കാരം ആധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സൂചനയാവാം. "എത്ര കാലമായി ഇത് തുടങ്ങിയിട്ട്" എന്ന നാട്ടുകാരുടെ മറുപടി, പുതിയ തലമുറ മാറ്റത്തിൻ്റെ പ്രതീകമാണ്.
സുന്ദരം വീണ്ടും ജയിംസായി മാറുകയും ആ നാട് വിട്ട് പോവുകയും ചെയ്യുന്നത്, തനിക്ക് നഷ്ടപ്പെട്ട ഇടം തിരിച്ച് പിടിക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ്. കാലം അതിവേഗം മുന്നോട്ട് പോവുകയും, പഴയ സംസ്കാരങ്ങൾ പുതിയ കാലത്തോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുമ്പോൾ, പൂർണ്ണമായ സ്വത്വം വീണ്ടെടുക്കാൻ കഴിയാതെ ജയിംസ് മുന്നോട്ട് യാത്ര തുടരുന്നു.
യാത്ര തുടരുന്നു, കഥയും
സിനിമയുടെ അവസാനം കേൾക്കുന്ന തമിഴ് ഗാനം, 'വീട് വരെ ഉറവ്, വീഥി വരെ മനവി, കാട് വരെ പിള്ളൈ, കടശ്ശി വരെ യാർ' (വീട് വരെ ബന്ധുക്കൾ, വഴി വരെ ഭാര്യ, കാട് വരെ മക്കൾ, അവസാനം ആര്?) എന്ന ജീവിതതത്വത്തെ ഓർമ്മിപ്പിക്കുന്നു. മനുഷ്യന്റെ ജീവിതയാത്രയുടെ പൊരുൾ ഈ വരികളിലുണ്ട്.
ജയിംസ് സുന്ദരത്തെ പൂർണ്ണമായും ഉപേക്ഷിക്കുന്നില്ല. ആ ഓർമ്മകൾ ഒരു നായയുടെ രൂപത്തിൽ അയാളുടെ വാഹനത്തെ പിന്തുടരുന്നു. ജീവിതയാത്ര ഒരിക്കലും അവസാനിക്കുന്നില്ല, പുതിയ വേഷങ്ങൾ കെട്ടാൻ ഇനിയും ഏറെയുണ്ട്. നാടകവണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കുന്നു.
ലേഖനങ്ങള്‍
ഡോ. മുഹമ്മദ് കബീര്‍
'ഇവിടെ സൈബര്‍ സ്പെയ്സിന്റെ ഒരു ബിന്ദുവില്‍ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒട്ടും ദൂരമില്ലാതിരിക്കെ വെളുത്ത കട്ടകളുടെ മുന്പില് വിടര്‍ന്ന കണ്ണുകളോടെ ഇരിക്കുന്ന കുട്ടി ഈ പ്രപഞ്ചത്തെ ആകെയാണല്ലോ തൊടുന്നത്. അപ്പോള്‍ ആ കിരാതന്റെ വിരല്‍ത്തുമ്പിലേക്ക് ഇരച്ചുകയറുന്ന ശക്തിക്ക് ഏഴുലോകങ്ങളെയും കീഴ്പ്പെടുത്താനുള്ള കരുത്തുകിട്ടുന്നു. നോക്കൂ ഊര്‍മിളാ അവിടെ പ്രാദേശികമായ സ്ഥലം എന്നൊന്ന് ഇല്ലാതെയാകുന്നു. കാലം ഒരു പ്രഹേളികയാവുന്നു. കാരണം സൈബര്‍ സ്പെയ്സ് എന്ന മായാലോകത്തില്‍ ഒരേ സമയം നീ അവിടെയും ഇവിടെയും എവിടെയുമാകുന്നു'.
കാലദേശഭേദങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ലോകത്തെ അദൃശ്യമായ വലക്കുരുക്കിലൊളിപ്പിക്കുന്ന സൈബറിടത്തിന്റെ ഭ്രമാത്മകതയും സാധ്യതയും പ്രണയസങ്കല്പങ്ങളും സ്വപ്നവും നെടുവീര്‍പ്പുകളുമെല്ലാം വെളിവാക്കുന്ന സേതുവിന്റെ 'തിങ്കളാഴ്ചകളിലെ ആകാശം' എന്ന ചെറുകഥയിലെ കഥാപാത്രങ്ങളായ അജയനും ഊര്‍മിളയും നടത്തുന്ന പ്രതികരണങ്ങള്‍ പുതിയ കാലത്തിന്റെ സൂചനകളാണ് നല്‍കുന്നത്. പാരമ്പര്യത്തിന്റെ തടവറകളിലുടക്കിയ ചിന്തകളും സങ്കല്പങ്ങളും വഴി പുതിയ കാലത്തെ പ്രതിരോധിക്കാമെന്ന വ്യാമോഹത്തെ കടപുഴക്കുന്നൊരു കഥയാണ് തിങ്കളാഴ്ചകളിലെ ആകാശം.
വെളുത്ത കടലാസ്പ്രതലത്തില് സൂക്ഷ്മവിന്യാസത്തിന്റെ ഹരിതകാന്തിയില്‍ ജീവന്വച്ചുണരുന്ന അക്ഷരനിരകളെ ഹൃദയകോണിലുറപ്പിച്ച് ആവേശംകൊണ്ട നാളുകള്‍ പോയ്മറയുകയാണ്. സ്വപ്നവും പ്രണയവും വിരഹവും മോഹഭംഗവുമെല്ലാം വാക്കിലെരിഞ്ഞുകത്തിയ കാലത്തിനു മധ്യേ പുതിയൊരു യുഗം പിറവികൊണ്ടിരിക്കുന്നു. വേഗത്തിന്റെ വിരലോട്ടങ്ങളില് അക്ഷരങ്ങളെ കുരുക്കി തടവിലാക്കുന്ന പുതിയൊരു വിദ്യയിലേക്ക് നാമെത്തിക്കഴിഞ്ഞു. എഴുത്ത് എന്നും നമുക്ക് ആത്മഹര്‍ഷത്തിന്റെ വഴിത്തണലുകളായിരുന്നു. പൊള്ളുന്ന മണല്ക്കാടുകളില് പതിക്കുന്ന തെളിനീര്ത്തുള്ളികളായി ഓരോ അക്ഷരവും നമ്മെ സാന്ത്വനിപ്പിച്ചു. കൊടുംവേനലില്‍ അമൃതവര്‍ഷമായി അക്ഷരങ്ങള്‍ പിറവികൊണ്ടു. ആ അക്ഷരത്തണലില്‍ താരാട്ടുപാട്ടിന്റെ ഈണവുമായി ഓര്‍മകളുടെ കുളിരല നമ്മെ തഴുകിയുറക്കിയ കാലം അസ്തമിക്കുകയാണ്.
സാങ്കേതികവിദ്യയുടെ വികാസത്തോട് ചേര്‍ന്ന് വളരാന്‍ ശ്രമിക്കുന്ന മനുഷ്യരെയാണ് ഇന്ന് ലോകത്തെവിടെയും കാണാനാകുന്നത്. വളര്‍ച്ചയുടെ രൂപഭാവങ്ങള്ക്കകത്ത് സാംസ്കാരികമായ ഉള്ത്തുടിപ്പുകളുമൊന്നുചേര്ന്നപ്പോള് നവസാങ്കേതികവിദ്യ പിറവിയെടുത്തു. മാധ്യമത്തെ ജനചേതനയിലുറപ്പിക്കാന് സഹായിച്ചത് നവസാങ്കേതികവിദ്യയാണ്. എല്ലാത്തരം വര്‍ത്തമാനങ്ങളിലും മാധ്യമങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. അങ്ങനെ ഓരോ മനുഷ്യനും ഒരു മാധ്യമമായി മാറുന്നു. മാധ്യമമാണ് സന്ദേശം എന്ന മാര്‍ഷല്‍ മക്ലൂഹന്റെ പ്രവാചകസ്പര്ശമുള്ള വാക്കുകള്‍ പൊരുളിന്റെ സ്വരചിഹ്നമാകുന്നു. ആഗോളഗ്രാമമെന്ന വിസ്മയച്ചൊല്ലും മക്ലൂഹന്റേതായിരുന്നു. ഭാവിയെ ചൂണ്ടിയ പ്രകാശഗോപുരമായി മക്ലൂഹന്റെ വാക്കുകള്‍ ഇപ്പോഴും തെളിഞ്ഞുനില്ക്കുന്നു.
സൈബറിടം
പുതുകാലത്തിന്റെ സ്പന്ദനങ്ങള്‍ നിറയുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളിലാണ്. മനുഷ്യന്റെ എല്ലാ ചുവടുവയ്പുകളും ഈ ഉപകരണങ്ങളെ ആധാരമാക്കിയാണ് രൂപപ്പെടുന്നത്. ഉണര്‍വും നിദ്രയും ഉപകരണങ്ങളാല്് നിര്‍ണയിക്കപ്പെടുന്നു. ആശയവിനിമയത്തിന് പ്രകാശവേഗം സ്വപ്നം കണ്ട മനുഷ്യന് ഇന്റര്‍നെറ്റ് നല്‍കിയത് സമാനതകളില്ലാത്ത അവസരങ്ങളാണ്. കമ്പ്യൂട്ടറിലോ,മൊബൈല്‍ഫോണിലോ വെളിവാകുന്ന സമാന്തരസ്ഥലം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമാകുന്നു. വീട്ടിലോ പുറത്തോ ലോകത്തെവിടെയുമോ ആയിരിക്കുമ്പോഴും ഈ സമാന്തര ഇടം ഒപ്പം ചേരുകയും വികാരങ്ങളുടെയും ആശയങ്ങളുടെയും കൈമാറ്റഭൂമികയായി പരിവര്‍ത്തനപ്പെടുകയും ചെയ്യുന്നു. മനസ്സിന്റെ വിഹ്വലതകളും നൊമ്പരങ്ങളും നിശ്വാസങ്ങളുമെല്ലാം ഉള്ളടക്കം ചെയ്യാനുള്ള സ്വപ്നഭൂമിയാണത്. എണ്ണിമറയുന്ന പേജുകള്‍ പുസ്തകത്തില്‍ നിന്നും സ്ക്രീനിലേക്ക് ഉടല്‍മാറ്റം നടത്തി വിശുദ്ധി നേടിയിരിക്കുന്നു. ഭൗതികഅതിരുകള് മാഞ്ഞുപോയ അനുഭവലോകത്തെ വെളിവാക്കുന്ന ഇടംകൂടിയാണത്. അച്ചടി അപ്രസക്തമാകുന്നുവെന്ന തോന്നലിനോളം വളരാന്‍ സൈബറിടത്തിന് കഴിഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യ വേഷപ്പകര്‍ച്ചയാല്‍ ബൈറ്റെന്ന വിളിപ്പേരില്‍ അടുക്കുരൂപത്തിലെത്തി തോരാതെ പ്രവഹിച്ച് സൈബര്‍ലോകത്തെ വരുതിയിലാക്കിയിരിക്കുകയാണ്.
സൈബര്‍ സാഹിത്യം
സാഹിത്യത്തിലെ ഉത്തരാധുനിക കാലസങ്കല്പത്തിന് വിരാമമായെന്ന് ചിന്തിക്കുന്നവരുടെ അടയാളസംജ്ഞയാണ് സൈബര്‍സാഹിത്യം. മലയാളത്തിലെ ആദ്യത്തെ സൈബര്നോവലെന്ന വിശേഷണം എം.മുകുന്ദന്റെ നൃത്തമെന്ന കൃതിക്ക് നല്കുന്നവരുണ്ട്. സാങ്കേതികവിദ്യപ്രമേയമാക്കിയ ആദ്യമലയാളനോവല്‍ എന്ന വിശേഷണമാകും നൃത്തത്തിന് കൂടുതല്‍ ചേരുക. സൈബറിടമെന്ന പ്രതീതിലോകത്ത് സഞ്ചരിച്ച ശ്രീധരന്റെയും അഗ്നിയുടെയും കഥയാണ് നൃത്തത്തില്‍ എം.മുകുന്ദന് അവതരിപ്പിക്കുന്നത്.
ഡോ.പി.കെ.രാജശേഖരന് എഡിറ്റുചെയ്ത് ഭാവനാതീതം എന്ന പേരില്‍ പ്രസിദ്ധീകരിച്ചതും സൈബര്കഥകളുടെ സമാഹാരം എന്നു വിശേഷണവുമിട്ട കൃതി സൈബര്‍ലോകത്തെ അവതരിപ്പിക്കുന്നുവെന്ന് മാത്രമേയുള്ളൂ. എം.നന്ദകുമാറിന്റെ വാര്ത്താളിയെന്ന കഥ ശരിക്കും തന്നെ വിസ്മയിപ്പിച്ചുവെന്ന് പി.കെ രാജശേഖരന് പറയുന്നുണ്ട്. സേതുവിന്റെ തിങ്കളാഴ്ചകളിലെ ആകാശം എന്ന ചെറുകഥാസമാഹാരത്തിലും സൈബര്‍ അനുഭവമാണുള്ളത്. ഇതില്‍നിന്നും വ്യത്യസ്തമാണ് ആര്.രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത യെന്ന നോവല്‍. ഫേസ്ബുക്കില്‍ ആര്. രാജശ്രീ തന്റെ പേജിലെഴുതിയ കഥാപരമ്പര പിന്നീട് നോവലായി മാറുകയായിരുന്നു. സൈബറിടത്തെ സര്‍ഗാത്മകമായി വിനിയോഗിക്കാന്‍ രാജശ്രീക്ക് കഴിഞ്ഞു. ആഖ്യാനത്തിലും ഘടനയിലും മാറ്റം വരുത്തിയാണ് രാജശ്രീ പിന്നീടത് നോവലാക്കിയത്. സൈബറിടത്തിലെ എഴുത്തിന് അച്ചടിസാഹിത്യത്തിലെ രചനാതന്ത്രമല്ല വഴങ്ങുകയെന്ന സൂചനയാണിത് നല്‍കുന്നത്. എഴുത്തുകാര്‍ സൈബറിടത്തില്‍ പൂര്‍ണമായും വെളിവാക്കപ്പെട്ടുകൊണ്ടുള്ള രചനയാണ് നിര്‍വഹിക്കുന്നത്. ഉന്മാദിയായ എഴുത്തുകാരന്റെ ആത്മപ്രകാശത്തിന്റെ ഇടമായി സൈബര്‍സ്ഥലം പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. കളങ്കമില്ലാത്ത ചിന്തയുടെ തുറന്നൊഴുക്കിനെ തടയാന്‍ സൈബറിടത്ത് മൂന്നാമതൊരാളിന്റെ സാന്നിധ്യമില്ല. നിരാകരണത്തിന്റെയും തിരിച്ചയക്കലിന്റെയും ഭീഷണിയുമായി എഡിറ്ററോ പബ്ളിഷറോ ഇല്ലാത്ത സൈബറിടം എഴുത്തുകാരന്റെ സ്വതന്ത്ര റിപ്പബ്ളിക്കായി പരിണമിക്കുന്നു. ദ്രുതവേഗത്തിലെത്തുന്ന വായനക്കാരുടെ പ്രതികരണം എഴുത്തുകാരെ കൂടുതല്‍ കരുത്തുള്ളവരാക്കുന്നു. എഴുത്തുകാരനും വായനക്കാരനും മുഖാമുഖം നില്ക്കുന്ന സൈബറിടം സര്‍ഗാത്മകതയുടെ പുതിയൊരു പോര്‍മുഖമാണ് തുറന്നിടുന്നത്.
സൈബറിടത്തിലെ എഴുത്തുകള്‍
ബ്ലോഗുകളും ഫെയ്സ്ബുക്കുമാണ് ഇന്ന് കൂടുതലായും സൈബര്‍ രചനകള്‍ക്കായി എഴുത്തുകാര്‍ പ്രയോജനപ്പെടുത്തുന്നത്. മലയാളത്തിലെ മുന്നിരഎഴുത്തുകാര് ഇപ്പോഴും സൈബറെഴുത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. എഴുത്തുകാരെന്ന് അവകാശപ്പെടുന്നവരുടെ വലിയ സംഘം വന്ന് കോലാഹലമുണ്ടാക്കുന്ന സ്ഥലമാണതെന്ന പുച്ഛഭാവമാണ് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്ക്കുള്ളതെന്ന് തോന്നുന്നു.
കവിത,ലേഖനം,വിമര്‍ശനം,യാത്രാവിവരണം എന്നിങ്ങനെയുള്ള വ്യവഹാരരൂപങ്ങളാണ് ഇന്ന് സൈബറിടത്തില്‍ കൂടുതല്‍ കാണപ്പെടുന്നത്. കവിതയെഴുത്തില് പുതുമാതൃകകളുമായി ഒട്ടേറെ കവികള്‍ കടന്നുവന്നിട്ടുണ്ട്. മാധ്യമങ്ങളുടെയാകെ സവിശേഷതകള്‍ ഏകോപിക്കുന്ന ഇടമെന്ന നിലയിലാണ് നവമാധ്യമങ്ങളില്‍ കൂടുതല്‍ കവികള്‍ ഇരിപ്പിടം തീര്‍ത്തത്. കവിതയിലെ പാരമ്പര്യരീതികളെ കുടഞ്ഞെറിഞ്ഞ് പുതിയൊരു ഭാവുകത്വപരിസരത്തെ സൃഷ്ടിക്കുന്നതില്‍ ഇവര്‍ വിജയിച്ചിട്ടുണ്ട്. സാങ്കേതികപരിജ്ഞാനം അനിവാര്യമായതിനാല്‍ ഈ മേഖലയില്‍ ചുവടുറപ്പിച്ചിട്ടുള്ള കവികള്‍ ഒരു പ്രത്യേകവിഭാഗമായി നില്ക്കുന്നതു കാണാം. അതിരുകളില്ലാതെ പടരാനുള്ള നവമാധ്യമങ്ങളുടെ കഴിവിലാണ് ഇവര്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്.
തുറന്നെഴുത്തിന്റെ ഹിംസാത്മകഭാവമാണ് സൈബര്‍ കവികള്‍ പിന്തുടരുന്നത്. സദാചാരബദ്ധമായ കവിതാനിര്മിതിയില് അവര്‍ വിശ്വസിക്കുന്നില്ല. പത്രാധിപരുടെ ഒളിഞ്ഞുനോട്ടങ്ങളെയും അര്‍ഥഗര്‍ഭ ചിരികളെയും ഭയക്കേണ്ടതില്ലാത്തതിനാല്‍ മനസ്സില്‍തോന്നുന്നത് പാഠഭേദമില്ലാതെ കുറിച്ചിടാനാണ് ഇവരുടെ ശ്രമം. വെളിപ്പെട്ട പേരുകളില്‍ പ്രത്യക്ഷപ്പെടാതെ ഒളിപ്പേരുകളില്‍ സാന്നിധ്യമാകാനാണ് സൈബര്‍ കവികള്‍ ഇഷ്ടപ്പെടുന്നത്. ഇതിലൂടെ ലിംഗവര്‍ഗ വര്‍ണ ലേബലുകള്‍ അപ്രത്യക്ഷമാകുന്നു. പുതിയകാലത്തിന്റെ കുതിപ്പുകളും നിശ്വാസങ്ങളും പെരുമാറ്റരീതികളും വേഷപ്പകര്ച്ചകളുമെല്ലാം ഒരുമിക്കുന്ന പരീക്ഷണശാലയിലാണ് ഇവരുടെ കവിതകള്‍ പിറക്കുന്നത്. തീക്ഷ്ണാനുഭവങ്ങളുടെ വെയില്‍ജലം പുരണ്ട വാക്കുകളാണ് ഇവരുടെ കവിതകള്‍ക്ക് കരുത്തേകുന്നത്.
രചനയുടെ സവിശേഷതകള്‍
ചരിത്രത്തിന്റെ എല്ലാ പരിണാമഘട്ടങ്ങളിലും മനുഷ്യര്‍ സംശയയാലുക്കളായിട്ടുണ്ടെന്ന് കാണാം. അച്ചടി മനുഷ്യജീവിതത്തെ ഏറ്റവും സമഗ്രമായി സ്വാധീനിച്ച കണ്ടുപിടുത്തമായിരുന്നു. കമ്പ്യൂട്ടര്‍ തൊഴില്‍ നഷ്ടമുണ്ടാക്കുന്ന വിപത്താണെന്ന വിശ്വാസമായിരുന്നൂ ആദ്യം. യന്ത്രവും മനുഷ്യനും മുഖാമുഖം നില്ക്കുന്ന വര്‍ത്തമാനഘട്ടത്തില്‍ അപമാനവീകരണത്തിന്റെ ഭീതി വ്യക്തികളെ ഒഴിയാതെ പിന്തുടരുകയാണ്. ഉപകരണങ്ങളെ പരിഷ്ക്കരിക്കുവാന്‍ എന്നും മനുഷ്യന് ശ്രമിച്ചിട്ടുണ്ട്. അതിനോട് പുറംതിരിഞ്ഞുനില്ക്കുന്നവര്ക്ക് പുതുജീവിതം അസാധ്യമാകും. കാലത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്നവര്‍ മാത്രമാണ് അതിജീവിക്കുക. അറിവില്ലായ്മയാണ് പലപ്പോഴും എതിര്‍പ്പുകള്‍ സൃഷ്ടിക്കുന്നത്. അറിവ് ആസ്വാദനത്തിലേക്കാണ് മനുഷ്യരെ നയിക്കുക. കേവലയുക്തികളുടെ ഇത്തിരിവട്ടത്തില്‍ കാഴ്ചകള്‍ക്ക് പരിമിതികളുണ്ടാകും. നിര്‍മിതബുദ്ധിയുടെയും പ്രതീതിയാഥാര്‍ഥ്യത്തിന്റെയും മധ്യേ സംശയാലുവാകുന്ന മനുഷ്യന് മടക്കയാത്രാവഴികള് മാത്രമാണ് കരണീയമാകുന്നത്.
സൈബറിടത്തില്‍ കവിതയുടെ ലാവണ്യശില്പം തീര്‍ത്ത കവിയാണ് വിഷ്ണുപ്രസാദ്. നൂറോളം ബൂലോകകവിതകള്‍ എഴുതിയ വിഷ്ണുവിന്റെ 'ഗ്രാമത്തില്‍ നിന്നു വന്ന കവിത' യിലെ ഉള്ളടക്കം പ്രതിരോധത്തിന്റേതാണ്. സ്ഥിരപ്രതിഷ്ഠ വാരികകളില്‍ നിന്നു എഴുത്തുകാര്‍, പ്രത്യേകിച്ചും നവാഗതര്‍ എന്തുകൊണ്ട് ഒഴിഞ്ഞുനില്ക്കണമെന്നതിന്റെ യുക്തി ഈ കവിതയില്‍ അദ്ദേഹം വെളിവാക്കുന്നുണ്ട്. എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെയാകുന്നതിന്റെ സൗകര്യം സൈബര്സ്ഥലത്ത് നിലവിലുണ്ടെന്നിരിക്കെ പത്രാധിപരുടെ കാരുണ്യത്തിന് എഴുത്തുകാര്‍ കാത്തുകിടക്കേണ്ടതില്ലെന്ന തീര്‍പ്പിലേക്ക് ഈ കവിത വിരല്‍ ചൂണ്ടുന്നു.
'അത് ഗ്രാമത്തില്‍ നിന്നു വന്ന കവിതയാണ്
നാണിച്ച് നാണിച്ച്
പത്രാധിപരുടെ മുന്നിലെത്തിയ
അതിന് കോസ്മെറ്റിക്കുകളുടെ
റെക്കമെന്‍ഡേഷന്‍ ഉണ്ടായിരുന്നില്ല.
തിരുമ്മാനോ വീശാനോ
അതിന് വശമില്ല
അത് കയര്‍ക്കുകയോ
കോര്‍ക്കുകയോ ചെയ്തില്ല
എന്തിന്,
താനിവിടെയുണ്ടെന്ന്
അറിയിക്കാന്‍,
ഒന്നു ചുമയ്ക്കാനോ
മുരടനക്കാനോ
അതിനായില്ല.
പത്രാധിപര്‍ അതിനൊരു പുതിയ ഉടുപ്പ്
തുന്നിയിട്ട് തിരിച്ചയച്ചു
ഗ്രാമത്തില്‍ തിരിച്ചെത്തിയ കവിത
സ്കൂള്‍ വിട്ട ഒരു
കുസൃതിക്കുട്ടിയെപ്പോലെ
കൂക്കി വിളിച്ചുകൊണ്ട്
ഓടിച്ചെന്ന് അതിന്റെ കവിയെ
വട്ടം പിടിച്ചു.
അവഗണനയുടെ ഉടുപ്പ്
അത് ഊരിക്കളഞ്ഞിരുന്നു.'
സൈബറിടത്തില്‍ രചനകള്‍ തീര്‍ക്കുന്നതില്‍ പ്രവാസികളായിരുന്നൂ മുന്നില്‍. കഥയും കവിതയുമിറ്റുന്ന, കാരുണ്യത്തിന്റെ തീ പടര്‍ന്ന ഹൃദയവുമായി ഗൃഹാതുരത മുറ്റിയ ചിന്തകള്‍ക്ക് അഭയമേകാന്‍ സൈബറിടത്തിന് കഴിഞ്ഞു. മുറിവേറ്റ ഹൃദയങ്ങള്‍ക്ക് ചന്ദനക്കുളിരായി സൈബര്‍സ്ഥലം അവര്‍ക്കുമുന്നില്‍ പൂത്തു നിന്നു. വ്യതിരിക്തശൈലിയും വാക്യവിന്യാസപ്പൊരുത്തവും തീര്‍ത്ത പ്രവാസകവികളിലൊരാണ് കുഴൂര്‍ വില്‍സണ്‍. വില്‍സന്റെ കവിതകള്‍ വില്സനെക്കുറിച്ചുള്ള നേര്പ്പാട്ടുകളാണ്.തനിക്ക് നഷ്ടമായ ഗ്രാമസൗഭാഗ്യങ്ങളെ ആത്മവ്യഥയുടെ ഉപ്പുകണം ചേര്‍ത്ത് കുറുക്കിയെടുക്കുകയാണ് കവിതകളിലൂടെ വില്‍സണ്‍ ചെയ്യുന്നത്. ആത്മാവിനെ തൊട്ടുകടന്നുപോകുന്ന മരങ്ങളുടെ നിഴലനക്കം വില്‍സന്റെ ഓര്‍മകളില്‍ എപ്പോഴും നീലിച്ചുകിടന്നു.
ആ മരം എന്ന കവിതയില്‍ വില്‍സണ്‍ ചോദിക്കുന്നുണ്ട്
'അപ്പാ ....
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു.
മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏതു മരംകൊണ്ടാണപ്പാ ...?'
മരങ്ങളെ ജീവിതത്തിലും കവിതയിലും ചേര്‍ത്തുവച്ച വില്സന് മരങ്ങളിലൂടെ തന്റെ ഗ്രാമത്തെ തൊടാനാണ് വെമ്പല്‍ കൊള്ളുന്നത്. ഗ്രാമം ഉല്സവങ്ങളുടേതുമാണല്ലോ. തിന്താരു എന്ന കവിതയിലൊരിടത്ത്
'ഉല്‍സവമായിരുന്നു
ഉല്സവത്തോടുല്സവം
കരിവളകള്‍ ചാന്തുകള്‍ റിബണുകള്‍
ഹൈഡ്രജന്‍ ബലൂണുകള്‍
കറകറക്കിയ പമ്പരം
ഉല്‍സവം തന്നെയായിരുന്നു
ഉല്സവത്തോടുല്സവം'
പ്രവാസിയുടെ ഓര്‍മയില്‍ നാടനുഭവങ്ങളുടെ നറുമണം പല രീതിയിലാണല്ലോ നിറയുക. മാമ്പഴക്കാലവും, ഉല്സവരാത്രികളും സിരകളില്‍ ലഹരിയുടെ പതഞ്ഞൊഴുക്കാകുമെന്നതില് സംശയമില്ല.
ലതീഷ്മോഹന്റെ 'പല ഉപമകളില്‍ മഞ്ഞുകാലം' തുറന്നെഴുത്തിന്റെ സ്വാതന്ത്ര്യം മതിയാവോളം ആസ്വദിക്കുന്ന കവിതയാണ്.
'ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന്‍ചെരിവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്‍ക്കുന്നത്
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്
പാഞ്ഞുപോകുന്നതു കേള്‍ക്കാം
..................................................................
................................................................
നീ ഉണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന് വരുന്നതിനു മുമ്പ്
പുല്ലുതിന്നിട്ട് വരട്ടെ ഉപമകള്‍'
സ്വാഭാവികമായി ഊറിയെത്തുന്ന വാക്കിന്റെ കാര്‍ണിവലാക്കി എഴുത്തിനെ മാറ്റുന്ന രീതിയാണ് സൈബര്സ്ഥല കവികളുടേത്. എഴുത്തിന്റെ രൂപഘടനയ്ക്ക് പൊള്ളലേല്‍ക്കുന്ന കാവ്യശൈലി പുലര്‍ത്തുന്ന ഇവര്‍ പരീക്ഷണകവിതയെന്ന പുതിയൊരു കാവ്യവിഭാഗത്തിന്റെ വക്താക്കളാണ്. ഒരു ചിത്രം നല്കി അതിനു താഴെ കവിതകളെഴുതുന്ന സെറീനയുടെ 'വീഴും വരെ' എന്ന കവിതയില്‍ എഴുത്ത് ഇങ്ങനെയാണ്.
'നിന്റെ കാറ്റില്‍,
നീലയില്‍,
അനന്തതയില്‍
ഒരു കുഞ്ഞു വിരല്‍ത്തുമ്പിലെന്നപോലെ
ഞാന്‍ പറക്കുന്നു.
പറക്കലിന്റെ എല്ലാ അര്ഥങ്ങള്ക്കും
എതിരായി
ദൂരവും ഉയരവും ചിറകുകളില്‍ നിന്ന്
മായ്ച്ചുകളഞ്ഞു ഞാന്‍ പറക്കുന്നു.'
സുബല്‍ കെ.ആര്, ജലീഷാ ഉസ്മാന്, സുധീഷ് കോട്ടേമ്പ്രം എന്നിവരുടെ കവിതകളിലും പ്രതിരോധത്തിന്റേയും പ്രകാശനത്തിന്റേയും ജീവബിന്ദുക്കളുണ്ട്.
സൈബറെഴുത്തിന്റെ സവിശേഷതകള്‍
ഉള്ളുപൊരിഞ്ഞവരുടെ അഭയകേന്ദ്രമാണ് സൈബര്‍ സ്ഥലം. സാമൂഹികപ്രതികരണങ്ങള്ക്ക് ഇവിടെ സ്ഥാനമുണ്ട്. സൈബറെഴുത്തിന് ലഭിക്കുന്ന വന്‍ സ്വീകാര്യത പ്രതികരണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിതുറക്കുന്നു. തുറവിരൂപമാര്ന്ന എഴുത്താണിത്. പ്രത്യക്ഷതയാര്ന്ന മനോനിലയുടെ അടയാളമായി പരക്കുകയും ഒഴുകിനടക്കുകയും ചെയ്യുന്നുവെന്ന പ്രത്യേകതയാണ് ഇത്തരം എഴുത്തുകള്‍ക്കുള്ളത്. അമ്പരപ്പിക്കുന്ന ചൂടും ചൂരും നിലനിര്‍ത്തുന്ന ഈ രചനകള്‍ കടലിരമ്പത്തിന്റെ ഓര്‍മകള്‍ പേറുന്നവയാണ്. കാലദേശഭേദങ്ങളെ ഇവ അപ്രസക്തമാക്കുന്നു.ശബ്ദങ്ങളും ദൃശ്യങ്ങളും കലരുന്ന വാഗനുഭവങ്ങള്ക്ക് മൂര്‍ത്തരൂപം ലഭിക്കുന്നുവെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. ആസ്വാദകപൂരണത്തിന് അവലംബമാകുന്ന സര്ഗചൈതന്യമാണ് ഇവയുടെ കരുത്ത്. പ്രതിരോധത്തിന്റെ സൂക്ഷ്മസ്ഥലങ്ങളെ കരുത്തോടെ വിന്യസിക്കാന്‍ പാകത്തിലുള്ള ഒതുക്കം സൂക്ഷിക്കുന്നവയാണിവ. പൊതുഘടനയുടെ അട്ടിമറിസൂക്തങ്ങളാല് സമ്പന്നമാണിവിടെ. ഭാരരഹിതമായ ആവിഷ്ക്കാരഭംഗികള് നിറഞ്ഞ ചായക്കൂട്ടുകളുടെ വൈവിധ്യം ഇവയ്ക്കുണ്ട്. ഭയരഹിതമായ രാത്രികളുടെ കൂട്ടിരിപ്പുകളായി ഓരോ രചനകളും മാറുന്നു. അച്ചടിയുടെ സവര്‍ണബോധ്യത്തെ മായ്ച്ചുകളയുന്ന പോരാട്ടവീര്യം നിറയ്ക്കാനുള്ള കെല്പാണ് മറ്റൊരു സവിശേഷത. യോഗ്യായോഗ്യതയുടെ നേര്വരമ്പുകള് ഇടിഞ്ഞുതകരുന്ന ദൃശ്യചാരുത സൈബറെഴുത്തിന്റെ മാത്രം പ്രത്യേകതയാണ്. ബ്ലോഗുകള്‍,പോര്‍ട്ടലുകള്‍,സമ്പര്ക്കസൈറ്റുകള്,സമൂഹമാധ്യമസൈറ്റുകള്‍,വെബ്സൈറ്റുകള്‍ എന്നിങ്ങനെ വേഷപ്പകര്‍ച്ചയുടെ രൂപമാതൃകകള്‍ ഇവയ്ക്കുണ്ട്. അന്വേഷകുതുകികള്ക്ക് അവലംബമാകുന്ന വിധം ഒളിഞ്ഞിരിപ്പിന്റെ വിശുദ്ധജാതകം പേറുന്ന രചനകളാണിവ. സര്‍ഗപരതയുടെ മിന്നല്‍പ്പിണരിനൊപ്പം സന്ദേശത്തിന്റെ മഴവില്ലുവെട്ടവും ഇവ സൂക്ഷിക്കുന്നു. ഡിജിറ്റലെന്ന സ്ഥലരാശിക്കൊപ്പം എവിടെയുമെപ്പോഴുമെന്ന ഘടനാവഴക്കത്തിലുമാണിവ. സ്വകാര്യതയുടെ ഉള്ത്തിളക്കമുള്ള വാക്കുകള്‍ കോര്‍ത്ത് എഴുത്തിനെ ആഘോഷമാക്കുന്നവരുടെ പ്രാര്‍ഥനാകേന്ദ്രവും സൈബറിടമാണ്. അരികുജീവിതങ്ങളുടെ ആഘോഷസ്ഥലം കൂടിയാണ് സൈബറിടം. ജനാധിപത്യത്തിന്റെ കാവല്‍പ്പുരകളായി സൈബറിടം മാറിയിരിക്കുന്നു. എഴുത്തിന്റെ ഉടമസ്ഥാവകാശം എല്ലാ മനുഷ്യര്‍ക്കും പകുത്തുനല്കുന്ന പ്രാപ്യതാഗൃഹം കൂടിയാണ് സൈബറിടം.
ചെറുതാണ് സൗന്ദര്യമെന്ന വചനം സൈബറിടത്തില്‍ പ്രസക്തമാണ്. വായനക്കാരുടെ താല്പര്യം നിലനിര്‍ത്തുക പ്രധാനമാണ്. ഒരു പേജെന്ന ഇത്തിരിവട്ടത്തിലൊതുങ്ങുന്ന കഥകളാണ് വായനക്കാര്‍ക്കിഷ്ടം. കൂടുതല്‍ വായിക്കാന്‍ ലിങ്ക് നല്‍കലാണ് ഉചിതം. ലിങ്ക് ബട്ടണില്‍ വിരലമര്‍ത്താന്‍ തയാറാകുന്ന വായനക്കാരനെ മനസ്സില്‍ കണ്ടുകൊണ്ട് വേണം എഴുത്തുകാരന് രചന നിര്‍വഹിക്കേണ്ടത്. സൈബര്ക്കഥകള്ക്ക് ഇന്ന് വലിയ സ്വീകാര്യത കൈവന്നിട്ടുണ്ട്.
അച്ചടിമാധ്യമങ്ങളിലെ കഥയെഴുത്തിനെക്കാള്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കുവാന്‍ സൈബറിടങ്ങളിലെ കഥയെഴുത്തുകാര്‍ക്ക് അവസരമുണ്ട്. കഥയുടെ ഭാവരൂപങ്ങളെ എഴുത്തുകാര്‍ തന്നെ ചിത്രീകരിക്കുന്നു. ഇമോജികളും ചിഹ്നങ്ങളും ചിത്രങ്ങളും വീഡിയോകളും ചേര്‍ത്ത് കഥാഭാഷ്യം ചമയ്ക്കുന്നത് പുതുമയുള്ളതാണ്. കഥാഖ്യാനത്തിന്റെ പതിവുവഴക്കങ്ങളില്‍ നിന്നു മാറി ദൃശ്യ ശ്രവ്യ പശ്ചാത്തലം ഒരുക്കുവാനും സംഗീതവും വീഡിയോയും ചേര്‍ത്ത് ബഹുമാധ്യമപരതയെന്ന കഥാഖ്യാനതന്ത്രം ആവ്ഷ്ക്കരിക്കാനും അവസരമുണ്ട്.അക്ഷരവലുപ്പം, ടെക്സ്റ്റിലെ വര്‍ണവ്യതിയാനം, ഉപവിവരലിങ്കുകള്, എഴുത്തുകാരന്റെ ശബ്ദത്തില്‍ കഥ വായിച്ചുകേള്‍ക്കാനുള്ള അവസരം, അനിമേഷന്‍ സാന്നിധ്യം എന്നിങ്ങനെ പുതിയ കാലത്തിന്റെ നടപ്പുശീലങ്ങളോട് സമരസപ്പെടുന്ന ഒട്ടേറെ സാധ്യതകള്‍ സൈബര്‍ കഥകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ബഹുപാഠപരത (ഒ്യുലൃ ലേഃൗേമഹശ്യേ)യുടെ സാധ്യതയില്‍ എസ്.ജയേഷ് എഴുതിയ ആദിമധ്യാന്തം എന്ന കഥ വായനയുടെ പുതിയൊരു അനുഭവമാണ് നല്‍കുന്നത്. ഒരു കഥയില്‍ത്തന്നെ ആറ് ക്ലൈമാക്സുകള്‍ക്ക് അവസരമിട്ട് രചിച്ച ഈ കഥയുടെ അഞ്ച് ക്ലൈമാക്സ് എഴുത്തുകാരന്റേതും ആറാമത്തേത് വായനക്കാരുടേതുമാകുന്നു. വായനക്കാരന് തന്നെ കഥയെഴുത്തുകാരനും കൂടിയാകുന്ന ചേര്ന്നെഴുത്തിന്റെ ജനാധിപത്യം പകരുന്ന രചനയാണിത്. മനോജ് വെങ്ങോലയും,സിമി ഫ്രാന്‍സിസ് നസ്റേത്തും റഷീദ് തൊഴിയൂരും സൈബര്കഥയെഴുത്തുലോകത്തിലെ അംഗങ്ങളാണ്.
സൈബറിടത്തിലെ വ്യവഹാരങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന പൊതുസമ്മതിയാര്ന്ന തീര്‍പ്പിലേക്ക് മലയാളസാഹിത്യം എത്തുന്ന ഘട്ടമാണിത്. സമൂഹമാധ്യമങ്ങള്ക്കുള്ളിലെ ജീവിതപരിസരങ്ങളോട് സന്ധിചെയ്തുകൊണ്ടു മാത്രമേ ഇനിമേല്‍ നമുക്ക് മുന്നോട്ടുപോകാനാകൂ. മനുഷ്യജീവിതചലനങ്ങളെ നിയന്ത്രിക്കുന്ന യന്ത്രവാഴ്ചയില് അസ്വസ്ഥപ്പെടുന്നതിനു പകരം അവയിലെ നന്മകളെ ചേര്‍ത്തുപിടിക്കാന്‍ തയാറാവുകയാണ് വേണ്ടത്. അവഗണിച്ച് അസ്തമിപ്പിക്കാമെന്നത് വ്യാമോഹം മാത്രമെന്ന നേരറിവിലേക്ക് എത്തേണ്ട കാലം കൂടിയാണിത്. അരാഷ്ട്രീയ ജീവികളുടെ തിളച്ചുകാട്ടലെന്നും വൈകാരിക അസന്തുലിതാവസ്ഥയുടെ പ്രകടിതരൂപമെന്നും വ്യാജനിര്‍മിതികളുടെ ഊഹമാതൃകകളെന്നും ഉള്ളടക്കങ്ങളുടെ ദരിദ്രചിത്രങ്ങളെന്നും ഇളകിയാട്ടങ്ങളുടെ കേളീസ്ഥലങ്ങളെന്നുമെല്ലാം പറഞ്ഞ് കാലം കഴിക്കാമെന്നല്ലാതെ സാഹിത്യത്തിലെ ഈ നൂതനപ്രവണതകളെ ഇല്ലായ്മചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവിലേക്ക് എത്താന്‍ നേരമായിരിക്കുന്നു.
വരൂ... സൈബര്‍ സ്പെയ്സെന്ന ജനാധിപത്യലോകത്തേക്ക് എഴുത്തിന്റെ ചൂണ്ടുവിരലുകളുമായി.
ഡോ. മുഹമ്മദ് കബീറിന്റെ നെപ്ട്യൂണ്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം: "ഏപ്രിലാണേറ്റവും ക്രൂരമാസം"
ഏകാകിത്വവും
ആത്മസംഘര്‍ഷവും
സാഹിത്യഭാവനയില്‍
ഡോ. ബീന എസ്
ജീവിതത്തിന്റെ പ്രതിഫലനമാണ് സാഹിത്യം. കേവലമായ ഭാവനാസൃഷ്ടികളില്പ്പോലും ജീവിതത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നതായിക്കാണാം. മനുഷ്യര്‍ മുഖ്യകഥാപാത്രങ്ങളായി വരുന്ന രചനകള്‍ക്ക് ജീവിതപ്രതിഫലനാത്മകത സ്വാഭാവികമാണ്. ജീവിതത്തിന്റെ ഓരോ ഭാവവും അതിന്റെ പരിസരവും സാഹിത്യത്തിനു ഒഴിവാക്കാനാവാത്തതാണ്. ഏകാകിത്വം എന്ന വിഷയം പ്രധാന പ്രമേയമായി സാഹിത്യം സ്വീകരിക്കുന്നത് കാല്പനികതയുടെ കാലത്താണ്. ക്ലാസ്സിക് ഘട്ടത്തിലും അതിനു മുന്‍പുള്ള നാടോടിസാഹിത്യത്തിന്റെ ഘട്ടത്തിലും ഈ പ്രമേയം അബോധപൂര്‍വമായി കടന്നുവന്നിട്ടുണ്ടാകാം. മുണ്ടകന്‍പാടത്തെ നാതന്കുഞ്ഞിന്റെ കഥപറയുന്ന നാടോടിപ്പാട്ടില്‍ മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധി ദര്‍ശിക്കാനാവും. ആ നിലയ്ക്ക് അത് ഏകാകിത്വത്തിന്റെ ആവിഷ്കാരവുമാണ്. ലോകക്ലാസ്സിക്കുകളില്‍ ഏകാകികളായ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുകാണാം. എന്നാല്‍ ഏകാകിത്വത്തിന്റെ തീവ്രസന്ദര്ഭങ്ങള് നിരന്തരവും സമഗ്രവുമായി സാഹിത്യം കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് കാല്പനികതയുടെ കാലത്താണ്.
ഏകാകിത്വവും കാല്പനികതയും
വ്യക്തിയുടെ ഒറ്റപ്പെടല്‍ ഗൗരവതരമായി മാറിയ ഒരു ഘട്ടമാണ് കാല്പ്പനികതയുടേത്. ക്ലാസ്സിക് ഘട്ടത്തില്‍നിന്ന് കാല്പനികതയിലേക്ക് നീങ്ങിയപ്പോള്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ സംജാതമായി. മനുഷ്യന്റെ പ്രപഞ്ചസങ്കല്പത്തില്ത്തന്നെ കാതലായ വ്യത്യാസമാണ് ഉണ്ടായത്. എല്ലാം ദൈവത്തില്‍ സമര്‍പ്പിക്കുന്ന ജീവിതദര്‍ശനത്തിനു ഇളക്കം തട്ടി. ദൈവകേന്ദ്രിതമായ പ്രപഞ്ചദര്‍ശനത്തില്‍ നിന്ന് മനുഷ്യകേന്ദ്രിതമായ പ്രപഞ്ചദര്ശനത്തിലേക്കുള്ള പരിണാമമായിരുന്നു അത്. മനുഷ്യന് പ്രപഞ്ചത്തിന്റെ കേന്ദ്രമായതോടെ ഈ ഘട്ടത്തില്‍ വ്യക്തിബോധം തീവ്രമായി മാറുന്നതു കാണാം. യഥാര്‍ത്ഥത്തില്‍ ഈ വ്യക്തിബോധം ആധുനികതയിലേക്കുള്ള മനുഷ്യന്റെ ചുവടുവയ്പിന്റെ ആദ്യപടിയാണ്. വ്യക്തിബോധം തീവ്രതമായതോടുകൂടി വ്യക്തിത്വത്തെ സംബന്ധിച്ച സംഘര്‍ഷങ്ങളിലേക്ക് മനുഷ്യര്‍ ചെന്നുചേര്‍ന്നു. ഈ സാഹചര്യത്തിലാണ് വ്യക്തി ഒറ്റപ്പെടലിന്റെയും മാറ്റിനിര്‍ത്തപ്പെടലിന്റെയും വേദന അനുഭവിച്ചു തുടങ്ങുന്നത്. കാല്പനിക മനുഷ്യന് ഒറ്റപ്പെടുന്നവന്റെ ഹൃദയഭാരവും പേറി ജീവിക്കുന്ന മനുഷ്യനായി മാറി. ഈ ഒറ്റപ്പെടലിനു നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായ ഒന്ന് ആത്മബോധമാണ്. കാല്പനികനായ മനുഷ്യന് ആത്മബോധം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലിയ താല്പര്യം കാണിച്ചു. വ്യക്തിയുടെ ആത്മബോധത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും സമൂഹവുമായുള്ള അയാളുടെ ബന്ധത്തില്‍ സംഘര്‍ഷാത്മകത കടന്നുവരാന്‍ കാരണമായി. ആത്മബോധമുള്ള മനുഷ്യന് അഭിമാനബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ട് പലപ്പോഴും സമൂഹവുമായി ഇടപെടാന്‍ കഴിയാതെവരും. ഇത് വ്യക്തിയെ സമൂഹവുമായുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. കാല്പനിക മനുഷ്യന് നേരിട്ട ഏറ്റവും ഗൗരവതരമായ ഒരു പ്രശ്നമായിരുന്നു ഇത്. സമൂഹം തന്നെ വേട്ടയാടുന്നു എന്ന വിചാരം കാല്പനികനായ മനുഷ്യനെ എന്നും അലട്ടിക്കൊണ്ടിരുന്നു.
മനുഷ്യന് അടിസ്ഥാനപരമായി ഒരു സമൂഹജീവിയാണ്. സമൂഹജീവിയായിരിക്കാന് വിധിക്കപ്പെട്ട മനുഷ്യന് അഹംബോധത്തില്‍ അഭിരമിക്കുകയും അതുവഴി ആത്മബോധത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് സമൂഹത്തില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കും വഴിതെളിച്ചു. കാല്പനികനായ മനുഷ്യന് ഭാവനാലോകത്ത് അഭിരമിക്കുന്നതില്‍ താല്പര്യം കാണിക്കും. ജീവിതത്തെ സംബന്ധിച്ച വലിയ സങ്കല്പങ്ങളാകും ഇത്തരം മനുഷ്യര്‍ ഉയര്‍ത്തുക. ഈ സങ്കല്പങ്ങള് നിലനില്‍ക്കുന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുകൊള്ളണമെന്നില്ല. ജീവിതത്തെ വൈകാരികമായി കാണുന്ന സമീപനമാണ് ഇത്. പലപ്പോഴും സമൂഹത്തിന്റെ യുക്തിയുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യവും രൂപപ്പെടുന്നു. കാല്പനികരചനകള് ആന്തരികമായ ആത്മകഥനമാകുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത് ഈ മനോഭാവമാണ്. വ്യക്തിയുടെ നിയന്ത്രിത രഹസ്യങ്ങളാണ് റൊമാന്റിക് രചനയില്‍ പ്രകടമാകുന്നത്. ഈ ഭൂമിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കൂടപ്പിറപ്പില്ല; അയല്‍വാസിയില്ല, സമൂഹമില്ല. എന്നെല്ലാം അവര്‍ കരുതുന്നു. കാല്പനികനായ മനുഷ്യന് ജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥത്തെ തേടും. ഭാവനയിലൂടെ സൃഷ്ടിക്കപ്പെടുന്ന ശാശ്വത സത്യങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാതെ നില്ക്കുന്നതിനാല് കാല്പനികനായ വ്യക്തിയില്‍ ഈ ഘട്ടത്തില്‍ സംഘര്‍ഷം രൂപപ്പെടുന്നു. ഭാവനാസൃഷ്ടമായ ലോകവും താന്‍ അനുഭവിക്കുന്ന ലോകവും തമ്മിലുള്ള അന്തരം വലിയ തോതിലുള്ള നിരാശയാണ് വ്യക്തിയില്‍ ഉയര്‍ത്തുന്നത്. ആത്മസംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണമായി ഇതു മാറുന്നു.
എല്ലാ വസ്തുതകളുടെയും പൂര്‍ണ്ണത അന്വേഷിക്കുക എന്നത് ഒരു കാല്പനിക മനോഭാവമാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള കാല്പനികന്റെ സ്വപ്നം അതിന്റെ പൂര്‍ണ്ണത കണ്ടെത്തുക എന്നതാണ്. എന്നാല്‍ ഭൗതിക ജീവിതം ഒന്നിനും പൂര്‍ണ്ണത സമ്മാനിക്കുന്നില്ല. പൂര്‍ണ്ണത എന്ന സങ്കല്പനം തന്നെ യുക്തിഭദ്രമായ ഒന്നല്ല. അതുകൊണ്ടുതന്നെ ഭൗതികജീവിതത്തില്‍ സൗന്ദര്യത്തിന്റെ പൂര്‍ണ്ണത ദര്‍ശിക്കാന്‍ ആവില്ല. ഈ വൈരുദ്ധ്യം വലിയ ആത്മസംഘര്‍ഷമാണ് കാല്പനിക മനുഷ്യനില്‍ ഉണ്ടാക്കുന്നത്. ഈ അവസ്ഥ കാല്പനികനായ മനുഷ്യനെ ദുഃഖിതനും നിരാശാഭരിതനുമാക്കി മാറ്റുന്നു. അങ്ങനെ കാല്പനികവാദികള് ദുഃഖത്തെ ഉപാസിക്കുന്ന വ്യക്തികളായി മാറുന്നു. വേദന ഹര്ഷമായി മാറുന്നു. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും മനോഘടന ഇതിനു നല്ല ഉദാഹരണമാണ്. ഈ സംഘര്‍ഷം കാല്പനികരായ മനുഷ്യരെ മരണത്തിലേക്കുവരെ നയിച്ചേക്കാവുന്നതാണ്. പൂര്‍ണ്ണതയ്ക്കായുള്ള ശ്രമത്തിനിടയിലാണ് കാല്പനികമനുഷ്യന് സംഘര്‍ഷത്തില്‍ ചെന്നുപെടുന്നത്. ഈ സംഘര്‍ഷം വികസ്വരമാവുകയും അങ്ങനെ ജീവിതം തന്നോടുതന്നെയും, സമൂഹത്തോടുമുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്യുന്നു. ഉള്ളില്‍നിന്നും പുറത്തുനിന്നുമുള്ള ഏറ്റുമുട്ടലുകളാണ് കാല്പനികന്റെ ജീവിതം സംഘര്‍ഷഭരിതമാക്കുന്നത്. കാല്പനികഘട്ടത്തിലെ മനുഷ്യന്റെ ഏകാകിത്വത്തില് ഈ ഘടകങ്ങളാണുള്ളത്. സമൂഹവുമായി വലിയ തോതില്‍ അകന്നുപോകുന്ന വ്യക്തി ഏകാകിത്വത്തിന്റെ സുഖവും ദുഃഖവും ഒരുപോലെ അനുഭവിക്കുന്നുണ്ട്. സമൂഹത്തോട് ഏറ്റുമുട്ടുകവഴി അയാള്‍ സമൂഹത്തിനു പുറത്താകുന്നു. കാല്പ്പനികനായ അന്യന് (ൃീാമിശേര ീൗെേശറലൃ) എന്ന പ്രയോഗത്തില്‍ ഈ ആശയം ഉള്ളടങ്ങിയിട്ടുണ്ട് എന്നുകാണാം. സമൂഹത്തിന്റെ പൊതുധാരയോട് ഇണങ്ങിപ്പോകാന്‍ കഴിയാതെ പ്രതിസന്ധിയില്‍ ആവുകയും സ്വാഭാവികമായും സമൂഹത്തിന് പുറത്തു നില്‍ക്കേണ്ടി വരികകയും ചെയ്യുന്ന മനുഷ്യനെയാണ് കാല്പനികനായ അന്യന് എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കാല്പനികനായ മനുഷ്യന് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആദര്‍ശവാനാണ്. ആശയങ്ങള്ക്കല്ലാതെ യാഥാര്ഥ്യത്തിനല്ല അത്തരം മനുഷ്യര്‍ വിലകല്പിക്കുക. ഈ നിലപാട് നിലനില്‍ക്കുന്ന യാഥാര്‍ഥ്യവുമായി ഇണങ്ങിപ്പോകുന്നതില്നിന്ന് അയാളെ വിലക്കുന്നുണ്ട്. ആദര്‍ശവാനായ മനുഷ്യന് ഭൗതികജീവിതത്തിലെ വസ്തുതകളുമായി എപ്പോഴും ഇണങ്ങിപ്പോകാന്‍ കഴിയില്ല എന്നു സാരം. ഈ വസ്തുതയും കാല്പനികനായ മനുഷ്യന്റെ ആത്മസംഘര്‍ഷത്തിനും അതുവഴിയുള്ള ഏകാകിത്വത്തിനും കാരണമാണ്. ഭൗതികജീവിത സാഹചര്യങ്ങളില്‍ കാലാനുസൃതമായ മാറ്റം സംഭവിക്കുക സ്വാഭാവികമാണ്. അതിനു സാമൂഹികമായ നിരവധി കാരണങ്ങള്‍ ഉണ്ടാവാം. സമൂഹത്തില്‍ വരുന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ ആകാതെവരുമ്പോള്‍ ആദര്ശനിഷ്ഠതയുള്ള വ്യക്തി സമൂഹവുമായി സംഘര്ഷത്തിലാവും. തന്റെ വ്യക്തിസത്തയില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കുവാനാണ് ആദര്ശവാന് ശ്രമിക്കുക. ഈ മനോഭാവത്തെ വേഗത്തില്‍ തിരുത്തുവാനാകില്ല. സ്വാഭാവികമായി വ്യക്തിയും സമൂഹവും പരസ്പരം ഏറ്റുമുട്ടും. ആ ഏറ്റുമുട്ടല്‍ ശക്തമായിരിക്കുകയും ചെയ്യും. സ്വന്തം നിലനില്‍പ്പുതന്നെ നഷ്ടമാകും എന്നറിഞ്ഞുകൊണ്ട് അനന്തതയുമായി ബന്ധപ്പെടാനുള്ള വെമ്പലാണ് കാല്പനികന്റെ വ്യക്തിസത്തയിലുള്ളത്. കാല്പനികഘട്ടത്തിലെ ഏകാകികള്‍ ജീവിതത്തില്ന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു. അക്കാലത്ത് ഏകാകിത്വം നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. അതിനുമുന്പുള്ള കാലഘട്ടത്തില്‍ ഏകാകിത്വം പ്രാധാന്യമുള്ള ഒരു വിഷയമായിരുന്നില്ല. ഏകാകിത്വത്തെക്കുറിച്ച് കാര്യമായ ചിന്തകള്‍ അക്കാലത്ത് രൂപപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. വ്യക്തിയെയോ സമൂഹത്തെയോ ഗൗരവതരമായി ബാധിക്കുന്ന ഒരു വിഷയമായി അതിനെ കണക്കാക്കിയിരുന്നില്ല. കാല്പനികഘട്ടത്തിലും ആധുനികഘട്ടത്തിലും നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്നമായിരുന്നു ഇത്. മനുഷ്യന് സമൂഹജീവിയായി ജീവിച്ചിരുന്ന കാല്പനിക പൂര്‍വഘട്ടത്തില്‍ കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നു. കുടുംബത്തിലെ എല്ലാപേരും ഒത്തൊരുമിച്ച് പരസ്പരസഹകരണത്തോടെയാണ് ജീവിച്ചിരുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നു പൊതുവേ നിലനിന്നിരുന്നത്. ഇത്തരം വ്യവസ്ഥയ്ക്കകത്ത് വ്യക്തികള്‍ തമ്മിലുള്ള ബന്ധവും ശക്തമായിരുന്നു. ആളുകള്‍ പരസ്പരം മനസ്സിലാക്കിയും ഇടപഴകിയുമാണ് ജീവിച്ചത്. കുടുംബപരമായ ചടങ്ങുകള്‍ക്ക് അന്ന് വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നു. ഈ ഘട്ടത്തില്‍ എല്ലാവരും സമൂഹത്തിന്റെ ഭാഗവുമായിരുന്നു. എന്നാല്‍ കാല്പനികകാലം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി. ഏകാകിത്വവും അതുമൂലമുള്ള ഏകാന്തതയും ഒരു വിഷയമായി മാറി. കാല്പനികതയുടെയും പിന്നീട് ആധുനികതയുടെയും ഘട്ടത്തിലാണ് അണുകുടുംബങ്ങള്‍ സംജാതമായത്. അണുകുടുംബത്തില്‍ ഒറ്റപ്പെടല്‍ ഉണ്ടാവുകയും വ്യക്തികള്‍ അനഭിമതരായി തീരുകയും ചെയ്തു.
ഏകാകിത്വവും ആധുനികതയും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ആരംഭിച്ച ആംഗ്ലോ അമേരിക്കന്‍ സാഹിത്യപ്രസ്ഥാനമാണ് ആധുനികത. 1914 നു മുമ്പുള്ള മൂന്നു പതിറ്റാണ്ടുകളില്‍ കല, വാസ്തുവിദ്യ, സംഗീതം, സാഹിത്യം എന്നിവയിലും പ്രായോഗിക കലകളിലുമുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ശ്രേണിയെയാണ് ആധുനികത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പാശ്ചാത്യ സാഹിത്യത്തില്‍ ആയിരത്തിത്തൊള്ളായിരത്തി മുപ്പതോടുകൂടി ആധുനികത അവസാനിച്ചതായി കരുതപ്പെടുന്നു. മലയാള സാഹിത്യത്തിലേക്ക് ആധുനികത കടന്നുവന്നത് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്. മോഡേണിറ്റി, മോഡേണിസം എിങ്ങനെ രണ്ടു പ്രയോഗങ്ങള്‍ ആധുനികതയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഭൗതികലോകത്തിലെ മാറ്റത്തെ ആധുനികതയെന്നും സാഹിത്യത്തിലെ ആധുനികപ്രവണതയെ ആധുനികതാവാദമെന്നും വേര്‍തിരിച്ച് വിവക്ഷിക്കുന്ന രീതിയാണ് മലയാളത്തിലുള്ളത്. നിഷേധികളും ക്ഷോഭിക്കുന്നവരും ആത്മദുഃഖം അനുഭവിക്കുവരും ഏകാകികളുമായ മനുഷ്യരുടെ മൊഴിയാണ് ആധുനികതാവാദത്തിലുള്ളത്. ആധുനികതാവാദികളെല്ലാം ജീവിതത്തിന്റെ ദുരൂഹതകള്‍ക്ക് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചവരാണ്. മനുഷ്യരുടെ അസ്തിത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ആധുനിക എഴുത്തുകാര്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. വ്യര്‍ത്ഥതാബോധവും ശൂന്യതാബോധവും ചേര്‍ന്നൊരുക്കുന്ന ദാര്‍ശനിക പ്രതിസന്ധിയാണ് ആധുനികര്‍ അനുഭവിച്ചത്. മനുഷ്യന് മാത്രമേ അസ്തിത്വപ്രതിസന്ധിയുള്ളു. ഈ വിഷയത്തെ പലമട്ടില്‍ അവതരിപ്പിക്കുവാനാണ് ആധുനികരായ എഴുത്തുകാര്‍ ശ്രമിച്ചത്. കലാകാരന്മാരുടെ ദാര്ശനികദുഃഖത്തിന് കാരണമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് സ്വകാര്യജീവിതം. മറ്റൊന്ന് സമൂഹികജീവിതം. ദാര്‍ശനിക വ്യഥയുടെ അടിസ്ഥാനം ഇവയാണ്. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം ആധുനികഘട്ടത്തില്‍ ശക്തമായി മാറുന്നതു കാണാം. സമൂഹത്തില്‍നിന്നു വ്യക്തിയെ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലാണ് ഇതു പരിണമിച്ചത്. ആധുനികതാവാദം ഈ വിഷയത്തെ പല നിലകളില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഫ്രാന്‍സ് കാഫ്കയുടെ രചനകള്‍ ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ്. ഫ്രെഡറിക് നീഷേ, ഷെനെ, ആല്‍ബേര്‍ കമ്യു തുടങ്ങിയ പാശ്ചാത്യ കഥാകാരന്മാരുടെ രചനകള്‍ ഈ വിഷയം ഗൗരവത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. വ്യക്തിയെ സമൂഹത്തില്‍നിന്ന് അന്യവല്‍ക്കരിക്കുന്ന ആധുനിക ജീവിതസാഹചര്യങ്ങളെ അവതരിപ്പിക്കുകയായിരുന്നു അവര്‍. ഈ അന്യവല്‍ക്കരണത്തിന്റെ ഫലമാകട്ടെ വ്യക്തിത്വത്തിന്റെ ശിഥിലീകരണമായിരുന്നു. ഈ ഘട്ടത്തില്‍ യുക്തിയുടെ ഭാഷ നഷ്ടമാകുന്നതും കാണാം. ആധുനികതാവാദത്തിന്റെ മാതൃകകളായ കൃതികള്‍ ഇതിന്റെ തെളിവുകളാണ്.
ഓരോ കാലഘട്ടത്തിനും അനുയോജ്യമായ ഉള്ളടക്കം വന്നുനിറയുന്ന ഘടനയായാണ് ആധുനികതാവാദത്തെ ഹെബര്‍മാസ് നിരീക്ഷിച്ചത്. ആധുനികതാവാദത്തിനു ജീവന് നല്കുന്ന നിരീക്ഷണമായിരുന്നു അത്. പാരമ്പര്യത്തില്‍നിന്ന് വേറിട്ട ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനാണ് ആധുനികതാവാദം ശ്രമിച്ചത്. യാഥാര്‍ഥ്യത്തെ പുതിയമട്ടില്‍ ആവിഷ്കരിക്കുവാനുള്ള ബാധ്യതയാണ് ആധുനികകാലത്തെ എഴുത്തുകാര്‍ ഏറ്റെടുത്തത്.
ആധുനിക സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ മലയാളത്തില്‍ സജീവമാകുന്നത് 1980 കളിലാണ്. മലയാളിക്ക് ആധുനികാനുഭവം ഇല്ലെന്നും ഒരു ജീവിതപ്രതിഭാസമായി കേരളത്തിലേക്ക് അതു കടന്നുവന്നിട്ടില്ലെന്നും ഒരുവിഭാഗം വിമര്‍ശകര്‍ വാദിച്ചിരുന്നു.
മലയാളത്തിലെ ആധുനികസാഹിത്യം ഏകാകികളുടെ ജീവിതാവസ്ഥകളെ ആവിഷ്കരിക്കുന്നതായിരുന്നു. അന്യന് നരകമാണെന്ന ദര്‍ശനമാണ് ആധുനികത ഉയര്‍ത്തിപ്പിടിച്ചത്. ആധുനികതാവാദിക്ക് മറ്റുള്ളവരുടെ ജീവിതം പ്രശ്നമായിരുന്നില്ല. താന്‍ ഈ ഭൂമിയില്‍ അന്യനാണെന്ന ചിന്ത എപ്പോഴും ആധുനികനെ അലട്ടിക്കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനങ്ങളാണ് സാഹിത്യത്തില്‍ കണ്ടത്. ഒ.വി.വിജയന്, കാക്കനാടന്, സേതു, എം.മുകുന്ദന്, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം.പി.നാരായണപിള്ള, മാധവിക്കുട്ടി തുടങ്ങിയ കഥാകൃത്തുക്കളുടെ രചനകള്‍ ഇതിനു സാക്ഷ്യംവഹിക്കുന്നു. ആധുനികസാഹിത്യം ദര്‍ശനത്തില്‍ സമാനതപുലര്ത്തിയപ്പോഴും ആവിഷ്കാരത്തില്‍ വൈവിധ്യം പ്രകടമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആധുനിക എഴുത്തുകാരുടെ രചനകള്‍ വലിയ പരീക്ഷണത്തിന്റെ ഉല്പന്നങ്ങളായി അനുഭവപ്പെട്ടു. ആധുനികതയ്ക്ക് നിയതമായ ആകൃതിയില്ല, സ്രഷ്ടാവിന്റെ സര്‍ഗ്ഗസ്വഭാവം, ജീവിക്കുന്ന കാലത്തിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ച് അതു മാറും എന്നു നിരീക്ഷിക്കപ്പെടുന്നതും അതുകൊണ്ടാണ്. ഏകാകികളുടെ ശബ്ദമാണ് ആധുനിക കഥയിലും നാം കേട്ടത്.
ആധുനികതയുടെ വഴിമാറ്റവും ഉത്തരാധുനികതയും
സങ്കീര്‍ണമായ ഒട്ടേറെ അര്‍ഥതലങ്ങളുള്ള ഒരു സാഹിത്യപ്രവണതയാണ് ഉത്തരാധുനികത. ആധുനികതയുടെ തുടര്‍ച്ചയായും വിച്ഛേദമായും ഇതിനെ നിരീക്ഷിക്കുന്നവരുണ്ട്. പുതിയകാലത്ത് എഴുതപ്പെടുന്ന എല്ലാ കഥകളും ഉത്തരാധുനിക കഥകളാകുന്നില്ല. ഉത്തരാധുനികജീവിതപരിസരത്തെ അവതരിപ്പിക്കുന്നവ മാത്രമാണ് ആ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. ആധുനികതയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഉത്തരാധുനിക ജീവിതപരിസരം. സമകാലിക സാഹിത്യത്തിലെ ഏറ്റവും സജീവവും ചലനാത്മകവുമായ സാഹിത്യരൂപമായി ചെറുകഥ വളര്‍ന്നിട്ടുണ്ട്. ഉത്തരാധുനിക ചെറുകഥാകൃത്തുക്കള്‍ പാരമ്പര്യത്തെ കുടഞ്ഞെറിഞ്ഞുകൊണ്ട് സ്വന്തമായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയവരാണ്. ആഗോളവല്‍ക്കരണം, നവസാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായ വളര്‍ച്ച, മാറിയ മാധ്യമസംസ്കാരം, സ്വത്വരാഷ്ട്രീയം തുടങ്ങിയവ സാമൂഹിക ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആധുനികതയില്‍നിന്ന് ഉത്തരാധുനികതയിലേക്കുള്ള സമൂഹത്തിന്റെ മാറ്റത്തിന് മേല്പറഞ്ഞ ഘടകങ്ങള്‍ കാരണമായി. ജീവിതദര്‍ശനത്തിലും ജീവിത ശൈലിയിലും കാതലായ മാറ്റം സംഭവിച്ചു. ഈ സാഹചര്യം ഉത്തരാധുനിക ചെറുകഥകളുടെ ഭാവുകത്വത്തെയും സ്വാധീനിച്ചിട്ടുണ്ട്. ലോകം ഒരു വലിയ കമ്പോളമാണെന്നും അവിടെ വില്പനയ്ക്കായി വച്ച ചരക്കുകളാണ് തങ്ങളെന്നുമുള്ള ബോധം ഉത്തരാധുനിക കഥാകൃത്തുക്കളുടെ ചിന്താലോകത്തെ ബാധിച്ചു. ഉപഭോഗസംസ്കാരത്തെ പലമട്ടിലവതരിപ്പിക്കുന്ന കഥകള്‍ രൂപംകൊണ്ട സാഹചര്യം ഇതാണ്. ലളിതമായി കഥപറയുന്ന രീതിയോടൊപ്പം പതിവു ശില്പഘടനയെ ഉടച്ചുവാര്‍ക്കുന്ന പുതിയൊരു ആഖ്യാനരീതി പിന്തുടരാനാണ് ഉത്തരാധുനിക കഥാകൃത്തുക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉപരിതലത്തില്‍ ലളിതമാണെന്ന് തോന്നുമ്പോഴും ആന്തരികതലത്തില്‍ വലിയ സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതയുമുള്ള ജീവിതമാണ് ഉത്തരാധുനിക മനുഷ്യര്‍ ജീവിച്ചുതീര്‍ക്കുന്നത്. ഈ ജീവിതാവസ്ഥയെ അവതരിപ്പിക്കുന്നവയാണ് ഉത്തരാധുനിക കഥകള്‍. യാഥാര്‍ഥ്യബോധമോ ദാര്ശനികചിന്തയോ ഉള്ളടങ്ങിയ കഥകളാണ് ആധുനികര്‍ എഴുതിയതെങ്കില്‍ പ്രതീതിലോകത്തിന്റെ സ്വഭാവങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന സമകാലികജീവിതമാണ് ഉത്തരാധുനിക കഥാകൃത്തുക്കള്‍ ആവിഷ്കരിക്കുന്നത്. അതുകൊണ്ടാണ് ഉത്തരാധുനിക കഥകളില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രമേയങ്ങള്‍ കടന്നുവരുന്നത്. വൈകാരികതയ്ക്ക് മൂല്യശോഷണം സംഭവിക്കുകയും മനുഷ്യജീവിതത്തെപ്പോലും വസ്തുവല്‍ക്കരിക്കുകയും ചെയ്ത ഒരു കാലത്തിന്റെ സങ്കീര്‍ണതകളാണ് ഉത്തരാധുനിക ചെറുകഥാകൃത്തുക്കള്‍ക്ക് ആവിഷ്കരിക്കാനുള്ളത്. സംസ്കാരം, കമ്പോളയുക്തി, നവസാങ്കേതികകാലത്തെ യന്ത്രവല്‍ക്കരണം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പ്രമേയങ്ങള്‍ ഉത്തരാധുനികകഥകളില് നിരന്തര സാന്നിധ്യമാകുന്നതിന്റെ സാഹചര്യം ഇതാണ്. പുതിയകാലത്ത് പീഡനം അനുഭവിക്കുന്ന മനുഷ്യജീവിതത്തെക്കുറിച്ചുള്ള രൂപകമായി കഥാശരീരം മാറുന്നത് കാണാം.
മലയാളസാഹിത്യത്തിലെ ആധുനികതയില്‍ ഓരോ കാലത്തും നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഭൗതികജീവിതത്തില്‍ വന്ന മാറ്റം സാഹിത്യരചനകളെയും സ്വാധീനിച്ചതാണ് ഇതിനു കാരണം. 1990-കളാകുമ്പോഴേക്കും കേരളീയ സാമൂഹിക ജീവിതത്തില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. വ്യത്യസ്തമായ ഒരു ജീവിതവീക്ഷണം സാഹിത്യത്തിന്റെ സ്വഭാവത്തെയും നിര്‍ണ്ണയിച്ചു. ലോകത്താകമാനം ഉണ്ടായ മാറ്റങ്ങള്‍ കേരളീയ സാമൂഹിക ജീവിതത്തിലും പ്രകടമാവുകയായിരുന്നു. ഈ മാറ്റം മലയാളസാഹിത്യത്തിലും പ്രതിഫലിച്ചു. മലയാളസാഹിത്യം ഉത്തരാധുനിക ഭാവുകത്വത്തിലേക്ക് പരിണമിച്ചതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
എല്ലാ മേഖലകളിലും മാറ്റം ഉണ്ടാകുന്നതുപോലെ സാഹിത്യത്തിലും മാറ്റം ഉണ്ടാകാറുണ്ട്. കാലം മാറുമ്പോള്‍ എഴുത്തുകാരനും മാറും. രചനയും ആഖ്യാനരീതിയും മാറ്റത്തിന് വിധേയമാകുന്നു. വ്യവസ്ഥാപിത ചിന്തയെ അട്ടിമറിച്ച ആധുനിക ചിന്തയും അടിസ്ഥാന മാറ്റങ്ങള്‍ക്ക് വിധേയമായി. ആധുനികത യാഥാസ്ഥിതികമായ ജഡതയിലേക്ക് നീങ്ങിയപ്പോഴാണ് സാഹിത്യത്തില്‍ ഉത്തരാധുനികതയെന്ന പുതുചലനമുണ്ടായത്. അറുപതുകളില്‍ പുതിയ തലമുറയിലെ എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും ആധുനികതയ്ക്ക് എതിരെ പ്രതികരിച്ചുതുടങ്ങിയതായി ആധുനികാനന്തരചിന്തയുടെ വേരുകള്‍ തേടിയ പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട് .
ഏകാകിത്വം മനുഷ്യജീവിതത്തിലെ ഏറ്റവും തീവ്രമായ ഒരു മാനസികഭാവമാണ്. സമകാലീന യാഥാര്‍ഥ്യങ്ങള്‍ മനുഷ്യനെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ പിടിയിലകപ്പെട്ട വര്‍ത്തമാനകാല മനുഷ്യര്‍ ജീവിതത്തിലെ മൂല്യങ്ങളെ നിരസിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ പച്ചപ്പും തണലുമെല്ലാം നഷ്ടമായിപ്പോകുന്നതിന്റെ വേദന മനുഷ്യര്‍ അനുഭവിക്കുമ്പോഴും അവര്‍ നിസഹായരാണ്. അതവരെ വിഷാദത്തിലേക്ക് നയിക്കുന്നു. പൊള്ളയായ ജീവിതവീക്ഷണത്തില്‍ അഭിരമിച്ച് ജീവിതത്തെ ആഘോഷമാക്കി മറ്റുള്ളവര്‍ക്കിടയില്‍ സ്വന്തം നിലപാടുകളോടെ വഴിമാറി നടക്കുവരാണ് ഉത്തരാധുനികകാലത്തെ ഏകാകികള്‍. ആത്മസംഘര്‍ഷത്തിന്റെ പിടിയിലാണെങ്കിലും വിഷാദത്തില്‍ മുഴുകാതെ വിവേകത്തിന്റെ വീണ്ടെടുപ്പിലാണിവര്. ഉപഭോഗതൃഷ്ണയുടെയും യാന്ത്രികചിന്തയുടെയും ഉപരിപ്ലവമായ തോന്നലുകള്‍ക്കപ്പുറം കടന്നുചെല്ലാനാകാത്ത വ്യക്തികളുടെ നിസ്സഹായതയാണ് ഏകാകികളുടെ ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. ഉത്തരാധുനിക കാലഘട്ടത്തിലെ ഏകാകികള്‍ ഒറ്റയ്ക്കായിരിക്കുമ്പോഴും ഈ ലോകത്തെക്കുറിച്ച് ചിന്തിക്കുകയും ലോകവ്യവസ്ഥയെക്കുറിച്ച് ദുഃഖിക്കുകയും ചെയ്യുന്നവരാണ്. ഒറ്റപ്പെടല്‍ കൊണ്ടുണ്ടാകുന്ന സങ്കീര്‍ണവും അതൃപ്തികരവുമായ വൈകാരിക പ്രതികരണമാണ് അവര്‍ക്ക് ഏകാകിത്വം. വര്ത്തമാനഭാവികാലങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഇതിന്റെ മൂലഹേതു. ചുറ്റുപാടുമായുള്ള ആശയവിനിമയത്തിന്റെയും ബന്ധങ്ങളുടെയും കുറവാണ് ഈ ഉത്കണ്ഠയ്ക്ക് കാരണം. ഏകാകിത്വം വ്യക്തികളുടെ സാമൂഹികവും മാനസികവും വൈകാരികവും ശാരീരികവുമായ കാരണങ്ങളാല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. സമൂഹവുമായും ഈ ഏകാകിത്വത്തിനു അഭേദ്യമായ ബന്ധമുണ്ട്. വിവാഹിതര്‍, മറ്റു കുടുംബബന്ധങ്ങള്‍ ഉള്ളവര്‍, അനുഭവസമ്പന്നര്‍, ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ഏകാകികളെ കണ്ടെത്താനാവും. സാഹിത്യത്തില്‍ വിശാലമായ പഠനമേഖലയുള്ള വിഷയമാണിത്. ഏകാകിത്വം സാമൂഹികമായ വേദനയാണ്. മനഃശാസ്ത്രപരമായി പറഞ്ഞാല്‍ ഏകാകിത്വം വ്യക്തിയെ സാമൂഹ്യബന്ധങ്ങള്‍ തിരയാന്‍ പ്രചോദിപ്പിക്കുന്നു. ഒരാളിന് മറ്റുള്ളവരുമായുള്ള അകല്‍ച്ച, മറ്റു വ്യക്തികളില്‍നിന്ന് നേരിടേണ്ടിവരുന്ന അതൃപ്തികരമായ അനുഭവങ്ങള്‍, സാമൂഹ്യബന്ധങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം ഏകാകിത്വത്തിന്റെ പ്രധാന കാരണങ്ങളാണ്.
ഉത്തരാധുനിക കഥകള്‍ ഏകാകിത്വത്തിനു വലിയ പ്രാധാന്യം നല്‍കുന്നില്ല എന്ന നിരീക്ഷണം ഉണ്ട്. എന്നാല്‍ സൂക്ഷ്മവിശകലനത്തില്‍ ഈ അഭിപ്രായം ശരിയല്ലെന്ന് കാണാം ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് നില്ക്കുന്ന അനുഭവമാണ് ഉത്തരാധുനിക ഘട്ടത്തില്‍ ആവിഷ്കരിക്കപ്പെടുന്ന ജീവിതത്തിനുള്ളത്. കൂടുതല്‍ സാമൂഹ്യവല്‍ക്കരിക്കപ്പെട്ട കാലമാണ് ഉത്തരാധുനികതയുടേത്. സ്വാഭാവികമായും അത്തരം സാഹചര്യത്തില്‍ രൂപപ്പെടുന്ന കഥകള്‍ ആ ജീവിതത്തിന്റെ രാഷ്ട്രീയം അവതരിപ്പിക്കും. ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നവയാണ് ഉത്തരാധുനിക ചെറുകഥകള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ ആ കഥകളുടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ കഥകളിലെ ജീവിതങ്ങള്‍ നേരിടുന്ന ഏകാകിത്വവും ആത്മസംഘര്‍ഷവും പ്രകടമാണ്. പലതരത്തിലുള്ള ഒറ്റപ്പെടലാണ് അവിടെ കാണുന്നത്. നിരവധി സാമൂഹികഘടകങ്ങള്‍ അതിന് കാരണമായിത്തീരുന്നുണ്ട്. മനുഷ്യന് ആത്യന്തികമായി ഒറ്റപ്പെടലിന്റെ സങ്കടവും പേറി ജീവിക്കുന്നവരാണ്. മനുഷ്യന്റെ ജീവിതാവസാനംവരെ ഈ സംഘര്‍ഷാത്മകതയും ഏകാകിത്വവും തുടരുകതന്നെ ചെയ്യും. ഓരോ കാലത്തും അതിന്റെ ഭേദങ്ങള്‍ ഉണ്ടാകും എന്നുമാത്രം. ആ നിലയ്ക്ക് മനുഷ്യന്റെ ഏകാകിത്വവും അതുമൂലമുള്ള ആത്മസംഘര്‍ഷവുമായി ചേര്‍ത്തുവയ്ക്കാവുന്നതാണ് ആധുനികാനന്തര കഥകള്‍. രാഷ്ട്രീയകാരണങ്ങളാല്‍, ശാരീരികമായ സവിശേഷതകളാല്‍, ലിംഗപരമായ സവിശേഷതകളാല്‍ അങ്ങനെ നിരവധി വിഷയങ്ങളാണ് മനുഷ്യനെ ഏകാകിത്വത്തിലേക്ക് നയിക്കുന്നത്. അത്തരം ഏകാകിത്വത്തിന്റെ അന്തരീക്ഷം ഉത്തരാധുനികകാലത്ത് ഏറ്റവും ശക്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഡോ. ബീന എസ് - ന്റെ നെപ്ട്യൂണ്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:
1.ഉത്തരാധുനിക മലയാളകഥ
2. കാലം മുഖംനോക്കുന്ന കണ്ണാടികള്‍
മഴ പെയ്യിച്ച പെൺകുട്ടികൾ
( ആഫ്രിക്കയിലെ San ഗോത്രസ്ത്രീകളുടെ മഴ ആഹ്വാന ചടങ്ങിനെക്കുറിച്ച്)
ലീലാമ്മ തോമസ്, ബോട്സ്വാന
വരൾച്ചയുടെ നടുവിൽ-
വരണ്ട മണ്ണിന്റെ പൊടിപടലങ്ങൾ കാറ്റിൽ പറന്നു. ആകാശം മൂടിയിരിക്കെ, ദാഹിച്ച ഭൂമി ശ്വാസംമുട്ടുകയായിരുന്നു. അപ്പോൾ ഞങ്ങൾ എത്തിയ ഗ്രാമം — Kweneng.വർഷങ്ങളായി മഴയെ കാത്തിരുന്ന ഭൂമി,പെൺകുട്ടികളുടെ ഗാനത്തെയും നൃത്തത്തെയും ആശ്രയിച്ച് കണ്ണു തുറക്കുന്നൊരുഗ്രാമം.
പെൺകുട്ടികളുടെ അരങ്ങേറ്റം
മൈതാനത്ത്, വന്യമൃഗങ്ങളുടെ തോലുകളിലുംഒട്ടകപ്പക്ഷികളുടെ തൂവലുകളിലും അലങ്കരിച്ച പെൺകുട്ടികൾ.പാദങ്ങളിൽ ആമകളുടെ തോടിൽ നിന്നുണ്ടാക്കിയ ചിലങ്കകൾ മിണ്ടി.കൈകളിൽ മുളകൊണ്ടുള്ള വീണ.ഭൂമിയെ വിറപ്പിക്കുന്ന മൃദംഗത്തിന്റെ മുഴക്കം.
താളവും ചലനവും ചേർന്ന് വായുവിൽ ഒരു വിറയൽ.
അത് ഭൂമിയുടെ ദാഹം ഉണർത്തുന്ന വിറയലായിരുന്നു.
അപ്രതീക്ഷിത അനുഭവം
ചടങ്ങിനിടയിൽ, ഒരു സ്ത്രീ എന്റെ കൈ പിടിച്ച് ഹാളിലേക്ക് കൂട്ടി.
അവിടെ മൂക്കിൽ അലങ്കാരം ധരിച്ച മൂപ്പൻ ഇരിക്കുകയായിരുന്നു.
അയാൾ,എന്റെ കൈകാലുകൾ കഴുകി,മുളളൻപന്നിയുടെ മുള്ളുകൊണ്ടുള്ള വസ്ത്രം ധരിപ്പിച്ചു.
എനിക്ക് അല്പം ഭയം. പക്ഷേ ഡ്രൈവർ ചിരിച്ചു പറഞ്ഞു:
“Don’t worry, this is a blessing.”
Eenem Peche –ഈ നേം പേച്ചി.. മഴയുടെ ജീവി
അടുത്ത ഷെഡ്ഡിൽ, ഞാൻ ആദ്യമായി കണ്ടു — Pangolin.San ജനതയുടെ വിശ്വാസത്തിൽ ഈനേംപേച്ചി (Eenem Peche എന്ന് വിളിക്കുന്ന,മഴയുടെ ആത്മാവ് വഹിക്കുന്ന ജീവി.
മൂപ്പൻ പാടിത്തുടങ്ങുമ്പോൾ, പാംഗോളിൻ തന്റെ വാലിൽ നിന്നുയർന്ന് നേരെ നൃത്തം തുടങ്ങി. അതിന്റെ കണ്ണുകളിൽ പൊട്ടിത്തെറിച്ച വിസ്മയത്തിളക്കം — ഒരു വന്യജീവി, ഒരു ദൈവത്തിന്റെ ദൂതനായി.
“Dance with it!” — മൂപ്പന്റെ ആജ്ഞ. ഞാൻ പേടിച്ചു. പക്ഷേ അവൻ ചങ്ങല ഉയർത്തിയ നിമിഷം, എന്റെ ഉള്ളിൽ ഒരജ്ഞാത ശക്തി നിറഞ്ഞു.
ഞാനും പാംഗോളിനും ഒന്നിച്ച് നൃത്തം തുടങ്ങി.
അപ്പോഴാണ് അതിന്റെ കണ്ണിൽ നിന്ന് വീണ ഒരു കണ്ണീർ —
മഴയുടെ ഉറപ്പായിരുന്നു അത്. Rain Queenയുടെ വരവ്
അവസാനം, വേദിയിൽ എത്തിയവൾ — Rain Queen. കണ്ണടച്ച അവൾ ഭൂമിയെ സ്പർശിച്ചു. ആഴത്തിലുള്ള ശ്വാസത്തോടെ, അവളുടെ പാട്ട് ഉയർന്നു:
“Eeeh thuma thuma lee… paa raina thuma thuma lee…”
എനിക്ക് അർത്ഥം മനസ്സിലായില്ല.
പക്ഷേ ആ പാട്ട് എന്റെ ഹൃദയത്തിൽ മഴയായി പതിച്ചു.
പെൺകുട്ടികൾ പാല്കുടങ്ങൾ പിടിച്ച് ചുറ്റി പാടി, ചാടിപ്പായുമ്പോൾ —
എന്റെ ശരീരത്തിൽ മുളളൻപന്നി വസ്ത്രത്തിന്റെ ശബ്ദം പുലരിയുടെ കണ്ണുതുറക്കൽ പോലെ മുഴങ്ങി.
ആകാശം ഇരുണ്ടു.
ആദ്യത്തുള്ളി വീണു. പിന്നെ മറ്റൊന്ന്.
വർഷങ്ങളായ വരൾച്ചയ്ക്ക് ശേഷം — ആദ്യമഴ!
Rain Queen എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു:
“You sing, rain comes!”
എന്‍ റെ കണ്ണുകളിൽ മഴയായി കണ്ണുനീർ വീണു.
മിത്തും വിശ്വാസവും
San ഗോത്രക്കാർക്ക്, മഴ ഒരു സ്ത്രീദൈവം.
Bantu മിത്തോളജിയിൽ Mbaba Mwana Waresa,
ആകാശത്തിൽ നിന്ന് പാലുകലശവുമായി ഇറങ്ങുന്ന മഴദേവി.
Eenem Peche ചടങ്ങ്,
ആ പഴയ വിശ്വാസം ഇന്നും ജീവിക്കുന്ന തെളിവ്.
ആ ദിവസം ഞാൻ കണ്ട പെൺകുട്ടികൾ —വെറും കലാകാരികൾ അല്ല.
ഭൂമിയുടെ ശബ്ദം കേൾക്കുന്നവർ. മഴയെ വിളിക്കുന്നവർ.
ജീവിതത്തെ വീണ്ടും ജനിപ്പിക്കുന്നവർ. അവരുടെ കണ്ണുകളിൽ ഞാൻ കണ്ടത് — വരൾച്ചയ്ക്കപ്പുറം പ്രതീക്ഷയുടെ വിത്തുകൾ.
മഴയുടെ സംഗീതം, ഭൂമിയുടെ ഹൃദയത്തിൽ നിന്നുയരുന്നൊരു ഗാനമായി,
എന്നിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.