കവിതകള്‍
കവിതകള്‍
അഴകെഴും നിഴൽ
ജോസഫ് ജി കരിത്തുറ
വാണിയഴകൂറ്റി നീളെപ്പൊഴിക്കുക
വാഗ്മയമോഹന ചിത്രം വരയ്ക്കുക
വാക്കിന്റെ വർണ്ണച്ചിറകാൽ പ്പറക്കുക
വാകൊണ്ട് വേഴ്ചയ്ക്ക് മൂർച്ച കൂട്ടീടുക.
എന്നിട്ടടവേള തേടിപ്പിടിക്കുക
എല്ലാമേയാരോടും ചൊല്ലാതിരിക്കുക.
ഏതുരഹസ്യവുമകമേ യൊളിക്കുക
എപ്പോഴും വിശുദ്ധ വചനം പൊഴിക്കുക.
മൗനവാല്മീകത്തിനുള്ളിലൊളിക്കുക
മുനിയായ് മനസ്സിൽ മൂകമന്ത്രം ജപിക്കുക.
മുറ്റിയ ജ്ഞാനലത ചുറ്റിപ്പടരുക
മൊട്ടിട്ട് രതിരസ പുഷ്പം വിടർത്തുക.
ആശയ്ക്ക് മൂശയൊരുക്കാതിരിക്കുക,
ആശയൊരാറ് പോലാഴത്തിലൊഴുക്കുക.
അണകെട്ടിത്തടയുമന്തർ ജലധാര,
അഗാധ ഗർത്തങ്ങൾ തേടാതിരിക്കില്ല.
അഴകെഴും ചഷകത്തിലാസവം നിറയ്ക്കുക,
അകതാരിലനുരാഗ ലഹരി പടർത്തുക.
അടങ്ങാത്ത തൃഷ്ണതൻ നൃത്തം ചവിട്ടുക,
അതിരറ്റ രതി നഗ്ന നൃത്തമാടീടുക.
അമലഗിരിയുടെ അടിവാരം പൂത്താൽ,
അരുമയാമഞ്ചിതൾപ്പൂവിന്നരുണിമ
അഞ്ചാറുനാഴികയഞ്ചിക്കുമവനിയെ
അന്തിക്ക് മുമ്പെന്നിട്ടന്ത്യത്തെ പ്പുല്കിടും.
അഞ്ചുനാളായുസ്സ് നീളുന്ന മനുജരേ,
അന്യോന്യമാലിംഗനത്തിൽത്തുടരുക.
ആറടിമണ്ണിന്റടിമകൾ നാമെല്ലാം
അഴകെഴും നിഴല്‍ പോൽ പുല്കിടും ഭൂമിയെ?
-------------------------------------
വില്പനയ്ക്ക്
അപ്പു മുട്ടറ
പടിയിളകിപ്പോയ കതക്
വീണു ചില്ലു തകർന്ന ഫോട്ടോ
വക്കിടിഞ്ഞ കിണറിൽ കിളർന്ന് മാനം തൊടുന്ന പാഴ്മരം
മുറ്റത്ത് ചിതൽപ്പുറ്റായ ചൂല്
കാൽതെറ്റിവീണ തൊഴുത്ത്
ശേഷിച്ച കാലിന്മേൽ ഒരു
കരിമ്പൂച്ചയുടെ തുറുകണ്ണ്
മുറ്റത്തെ പാതി ചത്ത മാവിൽ
അറ്റുതൂങ്ങുന്ന ഒറ്റക്കയർ
തെക്കിനിയുടെ ചുടലചാരി
തലകരിഞ്ഞ തൈത്തെങ്ങ്
അതിലൊരു വാലറ്റ ബലിക്കാക്ക
ഒച്ച കെട്ട പടിപ്പുരനിലത്ത്
ഇടം കൈയറ്റ തകരത്തുണ്ടിൽ
തുരുമ്പിച്ചൊരുവാക്ക് : ‘വില്പനയ്ക്ക്’
പെരുവഴിയിൽ കാലൂന്നവേ
സാമ്പ്രാണിയുടെ ഗദ്ഗദങ്ങൾ
വിളിപ്പാടെത്തിത്തിരിയവേ
പടിപ്പുരയിൽ കൈ വീശുന്ന ബാലിക.
-------------------------------------
നിഴലുതേടുന്ന മഴത്തുള്ളി
ജയ വിനോദ്
ഇന്നലെ പെയ്യാൻ
കൊതിച്ച മഴ മേഘം..
നീലാകാശത്തിന്റെ
കോണിപ്പടിയിൽ
തണുത്തുറഞ്ഞ്
സ്നേഹവും കനിവും
നിറച്ച തെളിനീർക്കുടം
ചുമലിൽ താങ്ങിയ
മാലാഖയെപ്പോലെ
ഭൂമിയിലേക്ക്
അനുനിമിഷം
നോക്കി കൊണ്ടേയിരുന്നു..
നിറകുടത്തിൽ
തുള്ളി തുളുമ്പിയ
മഴത്തുള്ളി സ്വന്തം
നിഴലു തേടി അലഞ്ഞു
കതിരുണങ്ങിയ
വയലേലകളും
ഒഴുക്കില്ലാ നീർത്തടങ്ങളും
പിന്നെ ഗ്രീഷ്മത്തിന്റെ
ഉപ്പും വിയർപ്പും
തപിച്ചു തീർത്ത മനുജന്റെ
നെറികെട്ട കർമ്മങ്ങളും
കണ്ടുള്ളുലഞ്ഞ്
നീരാവിയായി..
നൻമയുടെ
വസന്ത വനികയും..
പരതി അകലേക്കു
മാഞ്ഞു പോയി..
-----------------------------------------
കൊക്കയുടെ
കണ്ണീരിൽ
ഒരു ദിവസം
അഷ്റഫ് കാളത്തോട്
പ്രഭാതം തളിർക്കുന്നു,
നിശ്വാസം നിലയ്ക്കുന്നു,
കോടയുടെ തണുത്ത ഗുഹയിൽ
പ്രവേശന കവാടം തുറന്നു.
ബസ് ചുരുളിറങ്ങി,
കൊക്കയുടെ കണ്ണീരിൽ കലരുന്നു,
കാറ്റിന്റെ വിരലുകൾ മേഘത്തുണി വീശുന്നു.
കാട് എഴുന്നേറ്റ് നിൽക്കുന്നു,
പച്ചയുടെ മന്ത്രമുദ്രയോടെ,
മരങ്ങൾ തലയുയർത്തി
യുദ്ധത്തിന് കൊടി കെട്ടുന്നു.
പക്ഷികൾ വെടിയുണ്ടകളായി പായുന്നു,
നിലം തന്റെ രഹസ്യം തുറന്നു;
അതിലൂടെയാണ് പുല്‍നാമ്പുകൾ
സ്വാതന്ത്ര്യം നേടുന്നത്.
ജീവൻ പുഞ്ചിരിക്കുന്നു,
പഴയ പോരാളിയെ പോലെ.
കൂടുകളിൽ നിന്നുചിറകുകൾ പറന്നുയരുന്നു,
കൊക്കിന്റെ കണ്ണുകളിൽ വൈരം കത്തുന്നു,
വെള്ളത്തിൽ കവിത തേടുന്നു.
റോഡ് വലിഞ്ഞുനീണ്ട കയർ,
ദൂരം അളന്നു തീരാതെ വാഹനങ്ങൾ,
പാറകൾ അതിരിൽ കാത്തിരിക്കുന്നു.
പഠിച്ചതിന്റെ ഒപ്പം പായുന്ന ജീവിതം
ക്ഷീണത്തോടെ ഉടയുന്നു,
വനാന്തങ്ങളിലേക്ക് ചത്തുകെട്ടിപ്പോകുന്നു
അതിന്റെ രാസ ശേഷിപ്പോടെ.
🛑
അഷ്റഫ് കാളത്തോടിന്റെ പുതിയ കവിതാസമാഹാരം "അന്തര്‍ഭാവങ്ങള്‍" നെപ്ട്യൂണ്‍ ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു.
----------------------------------------------------
യുദ്ധക്കെടുതി
രാമചന്ദ്രൻ പഴമ്പാലക്കോട്
ഉണ്ണുവാനില്ലാതുടുക്കുവാനില്ലാതെ,
തലയൊന്നു ചായ്ക്കുവാനിടമേതുമില്ലാതെ,
എരിയുന്ന കനവിന്റെ കണ്ണീരിൽ ഉറയുന്ന
സങ്കടപർവങ്ങളാരു കണ്ടു.
തീമഴയെന്നേരം പെയ്യുമെന്നറിയാതെ ,
കണ്ണിമ ചിമ്മാതെ കാത്തിരിപ്പു.
പേടിച്ചിരിക്കുന്ന കൺകളിൻ ദീനത ,
കാണുവാൻ കാലമേ കനിവേതുമില്ലയോ?
അന്ധകാരത്തിന്റെ മപിടിച്ചെയ്തിടും,
ബാണങ്ങൾ മനുജന്റെ മാറിലേക്കായ് ,
ചിന്നി ചിതറിയ ഉടലുകൾ കൊണ്ടങ്ങു
കൂനകൾ കുമിയുന്നു വേഗത്തിലായ് .
കൈയറ്റുകാലറ്റു രക്തം വടിയുന്ന ,
ജീവച്ഛവങ്ങൾ മുരണ്ടിടുന്നു.
പ്രാണൻ പിരിയാതെ കനിവിനായി കേഴുന്നു ,
ഒരുപറ്റം ആളുകൾ അപ്പുറത്തായ്.
സ്വാർത്ഥത കൊണ്ടങ്ങു നേടിയതെന്തെന്ന്.
ചോദ്യങ്ങൾ ആയിരം ബാക്കിനിൽക്കെ ,
ശാന്തിതൻ വെള്ളരി പ്രാവുകളെന്നിനി
സംഘർഷഭൂവിൽ പറന്നീടുമോ?
കാലമേ നീ കാട്ടും കാഴ്ചകൾ കാണുവാൻ,
ഇവ്വിധം ഞങ്ങളും എത്രനാൾ കാണുമോ.
കാൺമതെല്ലാം വെറും സത്യമോ മിഥ്യയോ
അറിവില്ല നിശ്ചയം സാക്ഷിയാരാകുമോ?
🛑
ചെറുകവിത
റോഷിൻ
അങ്ങനെ നമ്മൾ
ഞാനും നീയുമായി
മാറുന്ന കാലത്ത് .
ഞാൻ
നിന്നാൽ
നോവിക്കപ്പെടുകയും
നീ
എന്നിൽ
ഓർമ്മിക്കപ്പെടുകയും
ചെയ്യും..!
🛑
എന്റെ കഥ
ദിവ്യ സി ആർ
അങ്ങനെയിരിക്കെ, ഓർമ്മകൾ
ആഴച്ചുഴികളും കടന്ന്
ബാല്യത്തിലേക്കൊരു
യാത്ര പോകും..
ഇല്ലായ്മകളുടെയും
വല്ലായ്മകളുടെയും
കാലത്തോടൊപ്പം നടന്ന
ഏകാന്തതകളുടെയും
കനത്ത മൗനങ്ങളുടെയും
കണക്കെടുക്കും..
കാറ്റിന്റെ ഈണത്തിലാടുന്ന
വയൽപ്പൂക്കളോടും
തോട്ടിലെ പരൽമീനുകളോടും
ഞാനെന്റെ ഗദ്ഗദങ്ങളുടെ
കെട്ടഴിക്കും..
ഒടുവിലൊരു വരിയിൽ
വാക്കുകളാൽ ഞാനെന്നെ
പകർത്തിവയ്ക്കുമ്പോൾ
നിങ്ങൾ പറയരുത്:
"ഇതെന്റെ കഥയല്ലെന്ന്.."
🛑
ആനന്ദവല്ലി ചന്ദ്രന്
നിന്നോടെനിക്കുള്ള ഭാവം
രാഗമോ, അതിവാത്സല്യമോ
അതോ തെളിഞ്ഞ ഭക്തിയോ?
അനിര്‍വ്വചനീയം ദൃഡമീ ബന്ധം.
നിര്‍മ്മല പ്രണയ മുറവയായ്
പച്ച വില്ലീസിനെ പുല്കുമ്പോള്
പാടെ ഉണക്കാതെ ശീതക്കുളിര്
പേറി പാവനപവനന് വീശുന്നു.
സ്വപ്നങ്ങള്‍ മോഹവലയില്‍
പൊതിഞ്ഞെന്നെ നിന്നിലേയ്ക്ക്
നിന്റെയുള്ളിലൊരിടം തേടി
തിരയണം നിര്‍വൃതിക്കായ് .
കണ്ണഞ്ചിക്കും കനകപഞ്ജരം
🛑
രാജന് സി എച്ച്
അയാള്‍ സ്വയം ഇല്ലാതായി.
ആര്‍ക്കുമൊരു കുറിപ്പും
എഴുതിവെക്കാതെ.
ഒരു തെളിവും അവശേഷിപ്പിക്കാതെ,
ശവശരീരമല്ലാതെ,
അയാളില്ലാതായി.
അയാളുടെ വീട്ടുകാര്‍ക്കോ
നാട്ടുകാര്‍ക്കോ
ഒരു കാരണവും കണ്ടെത്താനാവാതെ
അയാള്‍ പോയി.
അതിനാലാണ് ആളുകള്‍
ഓരോന്നും കണ്ടെത്തിത്തുടങ്ങിയത്.
അതില്‍ അയാള്ക്കുപോലുമറിയാത്ത
ജീവിതം അയാള്‍ ജീവിച്ചുതീര്‍ത്തു.
പ്രണയവും സ്നേഹവും
വഞ്ചനയും വിഷാദവും
കലഹവും വിരഹവും
പകയും വിദ്വേഷവും
വെറുപ്പും വേദനയും
സഹനീയവും അസഹനീയവുമായ
എല്ലാമയാളില് അവര്‍ ചേര്‍ത്തുവെച്ചു.
അയാള്‍ പലയാളുകളായി.
അയാളില്‍ നിന്നും
വേര്‍പെട്ടുപോയി അയാള്‍.
സംസ്ക്കാരത്തിനു ശേഷവും
സംസ്ക്കരിക്കപ്പെടാതെ
എന്തൊരു മനുഷ്യനായിപ്പോയി
അയാളല്ലാതെ അയാള്‍!
🛑
ഡിഡാസ്ക്കലൈനോഫോബിയ*
സഫീദ് ഇസ്മായിൽ
മരിച്ചിട്ടും
മാലതിടീച്ചർ കൃത്യസമയത്ത്
സ്കൂളിൽ വരുന്നു.
ഗാന്ധിയുടെയും നെഹ്റുവിൻ്റെയും ചിത്രങ്ങളിലെ
പൊടിയും മാറാലയും
തുടച്ചു വൃത്തിയാക്കുന്നു
അസംബ്ലിയിൽ ദേശീയ ഗാനം
ആലപിക്കുമ്പോൾ
അവർ അറ്റൻഷനായി നിൽക്കുന്നു.
പരുക്കൻ വരാന്തയിൽ
പ്ലാസ്റ്റിക്ക് ചെരുപ്പിൻ്റെ കരകരപ്പ്
അരണ്ട വെളിച്ചമുള്ള
ക്ലാസ് മുറികളിൽ
കയറിയിറങ്ങുന്നു, ടീച്ചർ
കൂട്ടിലിട്ട
കുഞ്ഞുവെള്ളെലികളെപ്പോലെ
കുഞ്ഞുങ്ങൾ,
ചുവന്ന പളുങ്ക് കണ്ണുകൾ തുറന്ന്
ടീച്ചറെ നോക്കുന്നു
ചൂരലിന്റെ
ചെറുതും വലുതുമായ ചാർജുകൾ
അവർ ഭീതിയുടെ
തോടിനുള്ളിലേക്ക് വലിയുന്നു
ചില രാത്രികളിൽ
ഞാൻ ടീച്ചറെ കണ്ടിട്ടുണ്ട്,
സ്കൂൾ മുറ്റത്തെ
കിണറ്റിൻകരയിലിരുന്ന്,
ഓട്ടുമണി
മണ്ണിട്ടു തേച്ച് വെളുപ്പിക്കുന്നത്.
മഞ്ഞായാലും മഴയായാലും
ആദ്യത്തെ ബസിൽ
ടീച്ചർ സ്കൂളിലെത്തും.
അതികാലത്ത്
മത്തൻവള്ളികൾ തളിരിട്ടോയെന്നും,
ചീരയിൽ കീടം കയറിയോയെന്നും
പോയി നോക്കും
ചെടികളിലെ വണ്ടുകളെ
വിരൽകൊണ്ട് ഞെരടിക്കൊല്ലും.
ചുവപ്പിൽ
കറുപ്പും മഞ്ഞയും പുള്ളികളുള്ള
വണ്ടുകളുടെ ഭംഗി
ടീച്ചറെ ഒട്ടും കനിവുള്ളവളാക്കാറില്ല.
വണ്ടിൻ്റെ കെട്ട വാട,
ഓക്കാനമുണ്ടാകുന്ന
ടീച്ചറിൻ്റെ സാന്നിധ്യം
ചാണകക്കുഴിയിലെ പുഴുക്കൾക്ക്
ചിറക് മുളക്കുന്നുണ്ടോയെന്ന്
അവർ സൂക്ഷ്മമായി ചിക്കിച്ചികയും.
രാത്രിയിൽ,
ഞാൻ കവിതയെഴുമ്പോൾ
ടീച്ചർ ഒരു കാറ്റ് പോലെ
എന്റെ ഫ്ലാറ്റിലേക്ക് കടന്നു വരുന്നു.
എന്റെ പിന്നിൽ നിന്ന്,
അവർ കൈ നീട്ടി
പൂർത്തിയാകാത്ത കവിതയെ
ഡിലീറ്റ് ചെയ്യുന്നു.
പിന്നെ, ഗൗരവത്തോടെ,
ഒൻപതിന്റെ ഗുണനപ്പട്ടിക ചൊല്ലാൻ
അവർ എന്നോട് ആവശ്യപ്പെടുന്നു.
ആ നിമിഷം, ഞാൻ
കമ്പ്യൂട്ടറിന് മുന്നിലിരുന്ന് വിയർക്കുന്നു.
*ഡിഡാസ്ക്കലൈനോഫോബിയ: സ്കൂളിനോടോ അധ്യാപകരോടോ ഉള്ള ഭയം.
ലേഖ ബി
ഒഴിഞ്ഞ തീപ്പെട്ടിക്കൂടുകൊണ്ടു-
ണ്ടാക്കിയ
കളിപ്പാട്ടം പോലെ
നിശബ്ദതയുടെ ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ട്
ഓടിക്കൊണ്ടിരിക്കും.
ബഹളമയമായ പാതയിലും
കനിവോടെ മാത്രം പിന്തുടരും..
കുട്ടിക്കാലത്ത്
പതിയിരുന്ന്
കുരുക്കിട്ടു പിടിച്ച
നമ്മുടെ സ്വന്തം ആകാശത്തെ
തുമ്പിയെ പോലെ
മെല്ലെ മെല്ലെയൊന്നു പറക്കാൻ
അനുവദിച്ചുവെന്നേയുള്ളൂ..
മത്തപ്പൂവിനുള്ളീന്ന് പിടിച്ചിട്ട്
ഇരുട്ടത്തു മിന്നാൻ പറഞ്ഞ മിന്നാമിന്നിയെ പോലെ
ഓർക്കാപ്പുറത്തൊരു നിമിഷം നമ്മളും പിടിക്കപ്പെടും.
ചെറുകാറ്റിൽ
വാതിൽ തുറന്നടച്ചൊരൊച്ച
കേൾക്കാനായാൽ
പുറപ്പെട്ടു എന്നു കരുതാം
അത്രമാത്രം.
ജലഛായാചിത്രം
സവിത വിനോദ്
ജലഛായ
ഉടലാകെ നനയ്ക്കുന്നു,
ശിശിരമിതാ
പെയ്യുന്നു.
കണ്ടുവോ ?
വന്യതയിലും
നമ്മുടെ കിനാവുകൾ
നക്ഷത്രങ്ങളുടെ തിളക്കം
പ്രണയത്തിന്റെ നിലാവ്
താഴ് വരയിൽ കാറ്റിന്
ചുംബനത്തിന്റെ ഗന്ധം.
നിന്റെ കൈവിരലുകൾ
എന്റെ കൈവിരലുകളിൽ തൊട്ട്
തൊട്ട് ...
ഇലകളുടെ കണ്ണിൽ
ഉന്മാദത്തിന്റെ വസന്തം.
ആഴങ്ങളിലേക്ക് പെയ്യുന്നു
ഒന്നിച്ചു നനയുന്നു,
ജലക്കുമിളകൾ നെഞ്ചിലൊളിക്കുന്നു.
മഴനീർ
മൗനം
ചെറു പുഞ്ചിരി...
അറിയുന്നുവോ,
ഞാത്തിയിട്ട വേദനകളാകെ
വെന്തു തോരുന്നത്?
---------------------------------
സവിത വിനോദിന്റെ നെപ്ട്യൂണ്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം
"കറുത്ത ചരടും കരിശ്ശമണിയും"
തോമസ് ഷാ
മരുപ്പച്ച കണ്ട്,
മണൽക്കാടു താണ്ടി..
മഴപ്പച്ചയോർത്ത്,
വെയിലത്തു നിന്നു.
ഇളംതെന്നൽ മോഹിച്ചു
കൊടുങ്കാറ്റിലാടി..
പൂക്കളായ് തീരുവാൻ
ഇലകൊഴിച്ചു..
കായായ് നിറയുവാൻ,
ഇതളും പൊഴിച്ചു..!
ഊർന്നു പോയ്
പച്ചകൾ-,
ഉൺമയുടെ പെരുമരം മഞ്ഞയാകുന്നു.,
ഓർമ്മ കത്തിച്ച്,
ഉടലഴിക്കുന്നു-,
മണ്ണാകുവാൻ..!
തോമസ് ഷായുടെ നെപ്ട്യൂണ്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം
"ഉപ്പിലിട്ടതും ഉണക്കിപ്പൊടിച്ചതും"
തീക്കട്ട
രാജു കാഞ്ഞിരങ്ങാട്
ഗുരുവിനോട് ശിഷ്യൻ ചോദിച്ചു:
"സ്വന്തമെന്നു കരുതിയതെല്ലാം ഒരിക്കൽ
ഉപേക്ഷിച്ചു മടങ്ങിപ്പോകേണ്ട മനുഷ്യൻ
എന്തിനു വേണ്ടിയാണ് കൊല്ലും കൊലയും നടത്തി എല്ലാം വെട്ടിപ്പിടിച്ച്
സ്വന്തമാക്കാൻ ശ്രമിക്കുന്നത് "?
ഗുരു പറഞ്ഞു:
"അതാണു മനുഷ്യൻ അത്യാഗ്രഹത്തിൻ്റെ
ഒരു തീക്കട്ട "
വിനോദ് വീയാര്‍
എല്ലാ കവിതകളും
പൊലിയുന്ന കാലത്തും
ഒരു വാക്ക്
പുതിയ കവിതയിൽ
കലരാൻ കൊതിക്കും
ജയിലിലടയ്ക്കപ്പെട്ട കവികളുടെ
വിരൽത്തുമ്പിൽ തൂങ്ങി
വരൂ ഒരു കവിതയിലെന്നെ ഇണക്കൂ
എന്ന് കെഞ്ചും
ആകാശവും ഭൂമിയും
അനന്തകോടി നക്ഷത്രങ്ങളും
വിരൽത്തുമ്പാൽ പ്രസവിച്ച
കവിയുടെ ഭാവന
ചങ്ങല കിലുക്കുന്നത്
അതറിയും
ഒടുക്കം
ആ വാക്ക് തനിയെ
ഒരു കവിതയാകും.
പുഴ വഴിമാറിയൊഴുകുന്നു
ഷൈൻ എസ്
സ്വപ്നങ്ങളുടെ പിന്നാലെ
ഇപ്പോൾ ഞാൻ സഞ്ചരിക്കാറില്ല
സുഗമമായി ഒഴുകുന്നയാത്രയിൽ
അണകെട്ടി
ആരെങ്കിലും തടഞ്ഞു നിർത്താം
ഉപേക്ഷിക്കപ്പെട്ട ശവശരീരം പൊലെ
മരവിച്ച ചിന്തകളും
എന്നിലേക്കെത്താറില്ല
തുള്ളിക്കളിക്കുന്ന
സന്തോഷത്തിൻ്റെ
പരൽമീനുകളെ
കൊത്തിപ്പറിക്കാൻ
വിഷാദത്തിൻ്റെ
കൊക്കുകളേയും
ഇപ്പോൾ കാണാറില്ല
അപവാദത്തിൻ്റെ ചെളിക്കുഴികളിലേക്കിറങ്ങാതെ
മാറിയൊഴുകുന്നതുകൊണ്ടാവാം
മനസ്സ് ഇപ്പോൾ
കലങ്ങിമറിയാതെയിരിക്കുന്നത്
എന്നെങ്കിലും
ശാന്തമായി ഒഴുകി
സമുദ്രത്തിലേക്കെത്തുംവരെ
കള കള ശബ്ദം പോലെ
എൻ്റെ നെഞ്ചിടിപ്പുകൾ
മാത്രം
മുഴങ്ങിക്കൊണ്ടിരിക്കുന്നു !
ഷൈന്‍ എസ് - ന്റെ നെപ്ട്യൂണ്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം
"തോരാമഴയിലെ ഏകാന്തത"
കൊട്ടറ മുരളി
കൊണ്ടുവന്നില്ല ഞാനൊന്നും
കൊണ്ടുപോകാനുമില്ലൊന്നും
കണ്ടുകണ്ടങ്ങിരിക്കുമ്പോള്‍
മണ്ണില്‍ ചേര്‍ന്നങ്ങ് പോയിടും
ധന്യമാണെന്റെ ജീവിതം
സ്വസ്ഥമാക്കി പ്രകൃതിശ്വരന്
ഇത്രകാരുണ്യം എന്നോട്
കാട്ടുവാന്‍ എന്തു തോന്നിയോ
അത്ര ഞാനൊന്നും ചെയ്തില്ല
എത്ര നാളേക്ക് ജീവിതം
പ്രകൃതിയാണെന്റെ ഈശ്വരന്
പ്രപഞ്ചമേ നിത്യ ശാശ്വതന്‍
പ്രപഞ്ചമതൊന്നില്ലെങ്കില്
പ്രാപിപ്പതെങ്ങ് നാമെല്ലാം
ചെറ്റു കാരുണ്യം കിട്ടാത്തവര്‍
എത്രയാണെന്റെയീശ്വരാ
വമ്പുകാട്ടി നടന്നിടില്
കൊമ്പുകുത്തി മറിഞ്ഞിടും.
കൊട്ടറ മുരളിയുടെ നെപ്ട്യൂണ്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം
"ഒന്നുമല്ല ഞാന്‍"