സജീവ് നെടുമണ്‍കാവ്
സജീവ് നെടുമണ്‍കാവ്
ജലസാന്നിദ്ധ്യത്തിലെ ജീവൽസ്പന്ദനങ്ങൾ
സജീവ് നെടുമൺകാവ്
പ്രീത ആർ നാഥിന്റെ കഥകൾ ആത്മഗതങ്ങളാണ്. തന്നോട് തന്നെയുള്ള പറച്ചിൽ ; തന്നോടുള്ള കലഹം... തന്റെ സംശയങ്ങൾക്ക് താൻ തന്നെ മറുപടി കണ്ടെത്തുന്ന രീതി.. ആ കണ്ടെത്തലുകൾ ശരി തന്നെയോ എന്ന് നിരന്തരം തന്നോട് സംശയങ്ങൾ ഉന്നയിക്കുന്ന എഴുത്ത്. 'ദൈവത്തിന്റെ ചെമ്മരിയാട് ' എന്ന കഥാസമാഹാരം വായിക്കുമ്പോൾ സ്വയം സംസാരിക്കുന്ന കഥാകൃത്തിനെക്കാണാം..!
തനിക്ക് ഒരുപാട് പറയാനുണ്ടാവുകയും അത് കേൾക്കാൻ മറ്റാരുമില്ലാതെ വരുകയും ചെയ്യുമ്പോഴാണ് ചിലർ എഴുത്തുകാരാകുന്നത്. എഴുത്താണ് തന്റെ ആനന്ദമെന്നും അതിലാണ് തന്റെ അഭിരമിക്കലെന്നും ശബ്ദനിശ്ശബ്ദതകളുടെ വിഭിന്ന ഭാവങ്ങളിൽ കഥാകൃത്ത് സ്വയം വെളിച്ചപ്പെടുകയാണ് ഈ പുസ്തകത്തിൽ. അതിമൗനത്തിന്റെ ഒച്ചയിൽ ആവിഷ്കരിക്കപ്പെടുന്ന പെൺമയാണ് ഈ കഥകളുടെ ജീവൻ.
ചുട്ടുപൊള്ളുന്ന മണ്ണിൽ ജലകണങ്ങൾ വീഴുമ്പോഴുളള ആശ്വാസത്തിന്റെ നിശ്വാസം ഉതിർപ്പിക്കുകയാണ് ഈ പുസ്തകത്തിലെ കഥകൾ. 'പെയ്തൊഴിഞ്ഞ മേഘം ' എന്ന കഥയുടെ ഒടുവിൽ കൈവെള്ളയിൽ ഒരുപിടി മണ്ണുമായി പിൻവാങ്ങുന്ന പെൺകുട്ടിയെക്കാണാം. ചുട്ടുപൊള്ളലുകളിൽ വരളാതെ സ്നിഗ്ദ്ധമായി നിലനിൽക്കുവാൻ സംത്രാസപ്പെടുന്ന മണ്ണ് പെണ്ണു തന്നെയാണ്. ഒരുപക്ഷേ കെ. സരസ്വതിയമ്മയും മാധവിക്കുട്ടിയും അഷിതയും ഉഴുതുമറിച്ച / മരിച്ച മണ്ണാണത്. കഥയുടെ ഭൂമികയാണത്.
ഒറ്റയ്ക്ക് പറക്കൽ അല്ല ഒരുമിച്ച് പറക്കലാണ് സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം എന്ന് 'പുനർജ്ജന്മം' എന്ന കഥ വായിക്കുമ്പോൾ അനുഭവിക്കാനാകും. ആൺപെൺ ഒരുമയുടെ ജൈവചൈതന്യമാണത്. എക്കാലവും സർഗ്ഗാത്മക എഴുത്തുകാർ പരിശ്രമിച്ചത് മനസ്സിനെ ആവിഷ്കരിക്കാനാണ്. മനസ്സിലേക്കുള്ള നിശ്ശബ്ദ യാത്രകളുടെ സൗന്ദര്യാനുഭവമാണ് 'മനസ്സ് 'എന്ന കഥ.
വരണ്ടുണങ്ങിയ ഭൂമിയിൽ സ്വപ്നങ്ങളുടെ പച്ചപ്പ് മുളപ്പിക്കുന്ന ജലസാന്നിദ്ധ്യം ഈ പുസ്തകത്തിലെ കഥകളുടെ ഹൃദയസ്പന്ദനമാണ്. സകലതിനെയും വെന്തുരുക്കി വരൾച്ചയും വറുതിയുമാക്കുന്ന വേനലിന്റെ ഊഷരതകളിലേക്ക് ഉർവ്വരതയുടെ സ്നേഹാർദ്രത പെയ്തൊഴുക്കുകയാണ് ഇതിലെ മിക്കവാറും കഥകളും. 'പുഴ 'എന്ന കഥയിൽ ഇത് കൂടുതൽ അനുഭവവേദ്യമാകുന്നുണ്ട്. ജീവന്റെ അടിസ്ഥാനമാണ് ജലം. അനശ്വരതയുടെ ഹൃദയരാഗവുമതുതന്നെ. തപിക്കുന്ന ആത്മാവിൽ നിർവൃതിപകരുന്ന പ്രണയപ്രലോഭനത്തിലെ കാമുകസാന്നിദ്ധ്യമാണ് 'മഴ' 'ഇഷ്ടം'എന്നീക്കഥകൾ അനുഭവിപ്പിക്കുന്നത്.
" ഒരൊറ്റ സൂര്യനും
അവളെക്കാൾ നേർത്തെ
പിടഞ്ഞെണീറ്റീലാ"
( സംക്രമണം - ആറ്റൂർ
രവിവർമ്മ)
എന്ന വരികൾ കൂടുതൽ പ്രഹരശേഷിയോടെ ഓർമ്മിപ്പിക്കുന്ന കഥയാണ് 'സഞ്ചയനം '. അതികാലത്ത് അടുക്കളയിൽ പ്രവേശിക്കുന്ന പെണ്ണിനു മാത്രം നേരിടേണ്ടിവരുന്ന ചില കാഴ്ചകളുണ്ട്. പാത്രം കഴുകുന്ന സിങ്കിലേക്ക് നോക്കുമ്പോൾ കൂടിക്കുഴഞ്ഞ എച്ചിലും ചാടിക്കളിക്കുന്ന പാറ്റയും കാണാൻ വിധിക്കപ്പെടുന്ന പെണ്ണനുഭവമാണ് ഈ കഥയുടെ നിശിതത്വം. ബഹുഭൂരിപക്ഷം ആണുങ്ങൾക്കും അന്യമായ കാഴ്ചയാണിത്. ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരിയായി മാത്രം സ്ത്രീയുടെ അസ്തിത്വം കുറ്റിയടിച്ചുറപ്പിച്ചിരിക്കുന്ന വ്യവസ്ഥിതിയെ ആണ് ഈ കഥ വെളിപ്പെടുത്തുന്നത്. വിധിക്കപ്പെട്ട ജീവിതത്തോടുള്ള പ്രതികരണമാണ് 'സുമിത്രയുടെ സ്വപ്നങ്ങൾ ' എന്ന കഥയും. മനസ്സിനെ അഭിസംബോധന ചെയ്യുന്ന ഏകാകിനികളുടെ പ്രതികരണക്കരുത്താണ് രാജിയുടെ ചോദ്യങ്ങൾ ' എന്ന കഥ. മരണാനന്തരച്ചടങ്ങുകളിലെ ബലിയിടൽ ആണുങ്ങൾക്കായി സംവരണം ചെയ്യപ്പെടുകയും ജീവിതായോധനങ്ങളിൽ ബലിയാകുവാൻ മാത്രം പെണ്ണുങ്ങൾ മരിച്ചു ജീവിക്കുകയും ചെയ്യുന്ന ആചാര വിശേഷങ്ങളോട് രാജി പ്രതികരിക്കുന്നു.
'ദൈവത്തിന്റെ ചെമ്മരിയാട് ' ഒരു രാഷ്ട്രീയ കഥ(Political Fiction)യാണ്. വിശുദ്ധ പശുക്കളും ചെമ്മരിയാടുകളുമായി നിത്യജീവിതം തള്ളി നീക്കുന്നവർക്കിടയിലേക്ക് നിറമായും വർഗ്ഗമായും മതമായും വാക്കുകളിൽ വിക്ഷേപിക്കുന്ന വെറുപ്പിന്റെ സൂത്രപ്പണികളായും അധികാരപ്രമത്തതയുടെ ആക്രോശങ്ങളായും പോർനിലമൊരുക്കുന്ന സാമൂഹിക പരിസരത്തെ വിചാരണ ചെയ്യുകയാണ് ഈ കഥ.
മുറം പോലെ നഖം ഉള്ളതിനാൽ സകല സൗന്ദര്യ സങ്കല്പങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ശൂർപ്പണഖയെക്കൊണ്ട് രാമാധികാരത്തെയും ലക്ഷ്മണ വിധേയത്വത്തെയും വിചാരണ ചെയ്യുകയാണ്' ശൂർപ്പണഖ' എന്ന കഥയിൽ. തന്റെ വൈധവ്യത്തിന് കാരണക്കാരനായ സഹോദരൻ രാവണനോടുള്ള പക കൂടിയാണ് പെൺ പ്രതികാരത്തിന്റെ കരുത്തായി ശൂർപ്പണഖ വെളിപ്പെടുത്തിയത്. അധികാരത്തിന്റെ നിർമമതയെയും നിഷ്ഠുരതയെയും ഒരുപോലെ നേരിടുകയാണ് ശൂർപ്പണഖ.
ജീവന്റെയും ജീവിതത്തിന്റെയും കഥകളുടെ സമാഹാരമാണ് 'ദൈവത്തിന്റെ ചെമ്മരിയാട് '. ഒഴുകുകയും കഴുകുകയും ജീവൻ മുളപ്പിക്കുകയും ദാഹമകറ്റുകയും ആർദ്രമാക്കുകയും ചെയ്യുന്ന ജലസാന്നിദ്ധ്യം അനുഭവിപ്പിക്കുന്ന കഥകളുടെ പുസ്തകം
പുസ്തകം ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്ത് പുസ്തകത്തിന്റെ പേരും വിലാസവും അയക്കൂ.
ശ്രീജിത്ത്.എസ്.അണ്ടൂർ
ഓര്‍മ്മയെഴുത്തിന് റെ നീലാകാശങ്ങള്‍
ശ്രീജിത്ത്.എസ്.അണ്ടൂർ
ലിഷ അറപ്പുരയിൽ എന്ന യുവ എഴുത്തുകാരിയുടെ ആദ്യപുസ്തകമാണ് “ഇനി പറക്കാം നീലാകാശം കാത്തിരിക്കുന്നു’’ എന്ന ഓർമകുറിപ്പുകൾ. പേരിൽത്തന്നെ പുതുമ കൈക്കൊള്ളുന്ന ഈ പുസ്തകം ഉൾക്കൊള്ളുന്ന സന്ദേശം പക്ഷെ അത്ര ചെറുതല്ല. വിശാലമായ ഒരു ലോകം നമുക്കു മുന്നിൽ ഉണ്ടെന്നും ഏതെങ്കിലും ഒരു വീക്ഷണകോണിൽ നിന്നു മാത്രം ജീവിതത്തെ കാണരുതെന്നും വിഷമതകളും വിഹ്വലതകളും കടന്നുവരുമ്പോൾ അതൊക്കെ തന്റെ വിധിയാണെന്ന് നിനച്ചിരിക്കാതെ വിശ്രമമില്ലാതെ പോരാടണം എന്നും ഈ ഓർമ്മക്കുറിപ്പുകൾ നമ്മോട് പറയുന്നു. സ്ത്രീപക്ഷ എഴുത്തുകൾ നമുക്ക് സുപരിചിതമാണെങ്കിലും ഓർമ്മയെഴുത്തെന്ന ഒറ്റയടിപ്പാതയിലൂടെ നമുക്കൊപ്പം നടന്ന് ഗൃഹാതുര സ്മരണകളുണർത്തുന്നതിൽ പുത്തൻ സങ്കേതം തേടുകയാണ് ഗ്രന്ഥകാരി. വളരെ ലളിതമായ ഭാഷയിലൂടെ അനുവാചകരുടെ അകത്തളങ്ങളിലേക്ക് അവർ കടന്നു വരികയാണ്. തന്റെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളെ കോർത്തിണക്കി അയത്നലളിതമായും സരസമായും അവർ ഓർമ്മകൾ പങ്കുവയ്ക്കുന്നു.
ഓർമ്മകൾ ഋതുക്കളെപ്പോലെയാണെന്നാണ് ലിഷ പറയുന്നത്. വസന്തപുഷ്പങ്ങളെപ്പോലെ ആനന്ദിപ്പിച്ചും ശിശിരങ്ങളെപ്പോലെ ഇലകൊഴിഞ്ഞും ആർത്തുപെയ്ത് കലങ്ങിമറിഞ്ഞൊഴുകിയും അവ കടന്നുവരുന്നു. ചിറകുകൾ ഉണ്ടെന്ന് മനസിലാക്കുവാൻ വൈകിയ ഒരു കിളിക്കുഞ്ഞിന്റെ അവസ്ഥയുമായാണ് അവർ സ്വയം ഉപമിക്കുന്നത്. ദൃശ്യപ്രപഞ്ചം തന്റെ വാസനകൾക്കുമേൽ പിടിമുറുക്കിയതു മൂലമാണ് കുട്ടിക്കാലത്തെ സങ്കൽപ്പാനുഭൂതികളുടെ സാന്ദ്രത വളർന്നുവരുന്തോറും കുറഞ്ഞു വന്നതെന്ന് അവർ പരിതപിക്കുന്നു. ചിറകുകളൊതുക്കി നിദ്രാവസ്ഥയിലായിപ്പോയ അവർ വൈകിയാണെങ്കിലും തന്റെ കുട്ടിക്കാല ഓർമ്മകൾ ഫാമിലി ഗ്രൂപ്പിൽ എഴുതി പോസ്റ്റ് ചെയ്യുകയും ഈ എഴുത്തുകൾക്ക് സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. ഈ കരുത്താണ് തന്റെ ചിറകുകൾ വിടർത്തി അതിരുകളില്ലാത്ത നീലാകാശത്തേക്ക് പറക്കുന്നതിന് അവർക്ക് തുണയായത്.
പ്രണയിച്ച് വിവാഹം കഴിക്കുകയും തുടർന്ന് വീട്ടുകാരുടെ എതിർപ്പിന് പാത്രമാകുകയും ചെയ്തവരായിരുന്നു ലിഷയുടെ അച്ഛനും അമ്മയും. പിന്നീട് ഈ ഒരൊറ്റ കാര്യം കൊണ്ട് കുടുംബവീട്ടിലെ ചടങ്ങുകൾക്കൊക്കെ ഒരധികപ്പറ്റായി നില്‍ക്കേണ്ടി വന്ന ഒരു കുട്ടിയുടെ മനസിലെ തീരാനോവ് വായനക്കാരുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും.
കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം നടത്തിയ ബാംഗ്ളൂർ യാത്രയുടെ വിവരണങ്ങൾ രസകരമാണ്. അവിടുത്തെ താമസസ്ഥലത്ത് കളിക്കുന്നതിനിടയിൽ ഒരു സൈക്കിൾ ഷെഡിൽ അകപ്പെട്ടപ്പോഴാണ് താൻ എത്ര അധീരയാണെന്ന കാര്യം ആ കുട്ടി മനസിലാക്കുന്നത്. പിന്നീട് തന്റെ ജീവിതയാത്രയിലുടനീളം വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങളേയും നിമ്നോന്നതികളേയും നേരിടേണ്ടി വന്നപ്പോഴെല്ലാം പഴയ ആ കൊച്ചു കുട്ടിയിൽ നിന്നും പഠിച്ചെടുത്ത പാഠം അവർക്ക് പ്രയോജനപ്പെടുന്നു. ഇരുപത്തിയേഴ് അദ്ധ്യായങ്ങളിലായി ഒരു കാലഘട്ടത്തിന്റെ നാഢീസ്പന്ദനങ്ങളെയാതെ ആവാഹിച്ചെടുക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്.
പുസ്തകം പുറത്തു വന്നശേഷം പലരും അസ്വസ്ഥരായ വിവരം ലിഷതന്നെ ഫെയ്ബുക്ക് വഴി പങ്കുവച്ചിട്ടുണ്ട് എന്തൊക്കെ വൃത്തികേടുകളാണ് ഈ കുട്ടി എഴുതി വച്ചിരിക്കുന്നത് എന്നാണ് വിമർശനസിംഹങ്ങൾ അലറിയത്. വികലവാർദ്ധക്യങ്ങളുടെ വിക്രിയകൾ ഇന്നും സമൂഹത്തിന്റെ മനസാക്ഷിയെ പിടിച്ചുലക്കുമ്പോൾ പെൺകുട്ടികൾക്ക് പടപൊരുതുവാനുള്ള ഊർജ്ജം തന്റെ അക്ഷരങ്ങളിലൂടെ പകർന്നു നൽകുന്ന ഒരു എഴുത്തുകാരിക്ക് നേരെ ഇത്തരം ആരോപണങ്ങൾ വന്നില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.
ബാല്യകാലത്ത് നുണഞ്ഞ മാമ്പഴമധുരത്തിന് കാലം ചെല്ലുന്തോറും മാധുര്യം കുറഞ്ഞ് പുളിരസം അനുഭവപ്പെടുന്നതിൽ ആകുലപ്പെടുമ്പോഴും മഴപെയ്ത്തിൽ തകർന്ന കളിവീടിൽ മനം പകച്ചു നില്‍ക്കുമ്പോഴും പന്ത്രണ്ടാം വയസിൽ ഊരിവച്ച ചിലങ്കകൾ മനസിൽ ധ്വനിതരംഗചലനം തീർക്കുമ്പോഴും ലോകം മുഴുവൻ എതിരു നിന്നാലും നേരിടുന്നതിനുള്ള ധൈര്യം ശേഖരിക്കുകയായിരുന്നു ലിഷ. ചെയ്യുന്ന കാര്യം ശരിയാണെന്ന പൂർണവിശ്വാസമുണ്ടെങ്കിൽ ചിലപ്പോഴൊക്കെ ധിക്കാരിയാകുന്നതും നല്ലതാണെന്ന ബോധ്യത്തിൽ അവർ മുന്നോട്ട് കുതിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആർത്തവം അശുദ്ധിയായിത്തുടരുമ്പോൾ നമ്മുടെ ചിന്തകളും പ്രവൃത്തികളും നന്നാകുമ്പോൾ എല്ലാ അശുദ്ധികളും താനേ ഇല്ലാതാകുമെന്നവർ കണക്കുകൂട്ടുന്നു.
ചിറകരിയപ്പെട്ട ചിന്തകളാൽ ചിതൽ തിന്നു തീരേണ്ടവയല്ല പെൺ ജീവിതങ്ങൾ എന്ന വിപ്ലവഘോഷത്തിന്റെയും ആചാരപെരുമകളാൽ അന്ധമായിപ്പോയ മനുഷ്യമനസിനെ ആധുനിക സത്യവാദങ്ങളാൽ അഞ്ജനമെഴുതി, സ്ത്രീ വീടിനുള്ളിൽ തളച്ചിടപ്പെടേണ്ടവളല്ല എന്ന ലക്ഷ്യബോധത്തോടെ നീങ്ങുന്ന നവസംസ്കൃതിയുടെ നേർകാഴ്ചകളിലൂടെയും വായനക്കാരെ ഗൃഹാതുരത്വത്തിന്റേയും ആത്മ ബോധത്തിന്റെയും തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ലിഷക്ക് കഴിഞ്ഞിരിക്കുന്നു.
അഗ്നിയിൽ നിന്നും ഉയരുന്ന ആയിരക്കണക്കിനു തീപ്പൊരികൾപ്പോലെ അക്ഷരവെളിച്ചം അന്ധതയെ അകറ്റും എന്ന ആത്മവിശ്വാസത്തിൽ ഈ ഉജ്വല സമാഹാരം പൂർത്തിയാകുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാരായ സി.രാധാകൃഷ്ണന്റെയും ജോർജ് ഓണക്കൂറിന്റെയും വാക്കുകൾ ഈ കൃതിയുടെ മികവിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേവലം ഓർമ്മക്കുറിപ്പുകൾ എന്നതിലപ്പുറം ഒരു കാലഘട്ടത്തിന്റെ മധുരസ്മരണകളിലേക്ക് അനുവാചകരെ അനായാസം കൂട്ടിക്കൊണ്ട്പോകാന്‍ എഴുത്തുകാരിക്ക് കഴിയുന്നു എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത.
പുസ്തകം ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്ത് പുസ്തകത്തിന്റെ പേരും വിലാസവും അയക്കൂ.
https://wa.me/918289962237?text=